തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെ അഞ്ച് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ നിവേദനമായി നൽകിയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിതി തുടങ്ങിയ ഗൗരവമുള്ള വിഷയങ്ങളിൽ അടിയന്തരമായ കേന്ദ്ര ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം എൻ.ഡി.ആർ.എഫിൽ നിന്ന് 2221 കോടി രൂപ അനുവദിക്കണമെന്ന ആവശ്യം കേന്ദ്രത്തിനോട് ആവർത്തിച്ചിട്ടുണ്ട്. ഇത് ദുരിതാശ്വാസത്തിനും പുനർ നിർമാണത്തിനുമുള്ള ഗ്രാന്റ് ആയി പരിഗണിക്കണമെന്നും കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം കേരളത്തിന്റെ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും സാമ്പത്തിക പരിധിയിൽ വരുത്തിയ വെട്ടികുറവുകൾ ഇല്ലാതാക്കുന്നതിനും പ്രധാനമന്ത്രിയുടെ പിന്തുണവേണമെന്ന് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കടമെടുപ്പ് ശേഷി പുനർസ്ഥാപിക്കൽ, ഐ.ജി.എസ്.ടി തിരികെ നൽകൽ, ബജറ്റിന് പുറത്തെ കടമെടുപ്പിന് ഏർപ്പെടുത്തിയ വെട്ടിക്കുറവ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതുകൂടാതെ ജി.എസ്.ടി.പിയുടെ പോയിന്റ് 5 ശതമാനത്തിൽ നിന്നും അധികമായി കടമെടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
സാങ്കേതിക പൊരുത്തക്കേടുകൾ കാരണം തടഞ്ഞുവെച്ച 221.5 കോടിയും ഗതാഗത ചാർജുകളുമായി ബന്ധപ്പെട്ട 257.4 കോടിയും സംസ്ഥാനത്തിന് ലഭിക്കാനുള്ളതാണ്. ഈ തുക കുടിശികയായത് നെൽ കർഷകർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് കേന്ദ്രത്തെ അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിവേഗ നഗരവത്കരണം കണക്കിലെടുത്ത് ശാസ്ത്രീയമായ നാഗരാസൂത്രണവും ആർകിടെക്ച്ചറൽ ഗവേഷണവും ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർകിടെക്ച്ചർ (എസ്.ബി.എ) സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവയെല്ലാം സംസ്ഥാനത്തിന്റെ ക്ഷേമത്തിന് മാത്രമല്ല ദുരന്തനിവാരണം, ധനകാര്യ ഫെഡറലിസം, ആരോഗ്യ രംഗത്തെ പുരോഗതി, ഭക്ഷ്യസുരക്ഷ, സുസ്ഥിര നഗരവത്കരണം ഇത്തരം ദേശീയ ലക്ഷ്യങ്ങളുമായി ചേർന്നു നിൽക്കുന്നതാണെന്നും എത്രയും വേഗം പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാകണമെന്ന് അറിയിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Content Highlight: Chief Minister meets Prime Minister for state development