തിരുവനന്തപുരം: കായംകുളം എം.എല്‍.എയും നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ യു. പ്രതിഭയ്‌ക്കെതിരായ യു.ഡി.എഫ് നേതാവിന്റെ അധിക്ഷേപ, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
പൊതുപ്രവര്‍ത്തകയായതിനാല്‍ ഒരു വനിതയെ ഹീനമായ വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്‌കാരത്തിന്റെ തകര്‍ച്ചയാണ്. സഖാവ് പ്രതിഭ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെയും ജനകീയ ഇടപെടലുകളെയും രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനാലാണ് ഇത്തരത്തിലുള്ള വ്യക്തിഹത്യയിലേക്ക് വലതുപക്ഷം നീങ്ങുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
”അവള്‍ക്കൊപ്പം” എന്ന് ആവര്‍ത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും, ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് സ്വീകരിക്കുന്ന നേര്‍വിപരീത സമീപനം അവരുടെ കാപട്യമാണ് തുറന്നുകാട്ടുന്നതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
ഇത് ഒരാളെ മാത്രം ലക്ഷ്യമിട്ട ആക്രമണമല്ല; പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ത്രീകളോടുമുള്ള അധിക്ഷേപമാണ്. സ്ത്രീകളെ വ്യക്തിത്വമുള്ള മനുഷ്യരായി കാണാതെ അവരെ അവഹേളിക്കുന്ന ജീര്‍ണ്ണമായ രാഷ്ട്രീയ മനോഭാവമാണ് പുറത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യാതെ കേവലം വാക്ചാതുരിയും ശരീര അഴകും വില്‍പനയ്ക്ക് വെച്ചാണ് പ്രതിഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നായിരുന്നു യു.ഡി.എഫ് മണ്ഡലം കണ്‍വീനറും മുസ്‌ലിം ലീഗ് നേതാവുമായ ഇര്‍ഷാദ് ചക്കാലശ്ശേരിയുടെ പരാമര്‍ശം.
കഴിഞ്ഞ ദിവസം കായംകുളത്ത് വെച്ച് നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനിലാണ് ഇര്‍ഷാദ് പ്രതിഭയെ അവഹേളിച്ച് സംസാരിച്ചത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്ത വേദിയിലായിരുന്നു ഈ അധിക്ഷേപം. എം.എല്‍.എയുടെ മകനെതിരെയുള്ള കേസുകളെക്കുറിച്ചും ഇയാള്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.
കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഖാവ് യു. പ്രതിഭയ്‌ക്കെതിരെ അവിടത്തെ യു.ഡി.എഫ് കണ്‍വീനര്‍ നടത്തിയ സ്ത്രീവിരുദ്ധവും അപമാനകരവുമായ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നു.
പൊതുപ്രവര്‍ത്തകയായതിനാല്‍ ഒരു വനിതയെ ഹീനമായ വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്‌കാരത്തിന്റെ തകര്‍ച്ചയാണ്. സഖാവ് പ്രതിഭ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെയും ജനകീയ ഇടപെടലുകളെയും രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനാലാണ് ഇത്തരത്തിലുള്ള വ്യക്തിഹത്യയിലേക്ക് വലതുപക്ഷം നീങ്ങുന്നത്.
”അവള്‍ക്കൊപ്പം” എന്ന് ആവര്‍ത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യു.ഡി.എഫ് നേതാക്കളും, ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് സ്വീകരിക്കുന്ന നേര്‍വിപരീത സമീപനം അവരുടെ കാപട്യമാണ് തുറന്നുകാട്ടുന്നത്.
ഇത് ഒരാളെ മാത്രം ലക്ഷ്യമിട്ട ആക്രമണമല്ല; പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ത്രീകളോടുമുള്ള അധിക്ഷേപമാണ്. സ്ത്രീകളെ വ്യക്തിത്വമുള്ള മനുഷ്യരായി കാണാതെ അവരെ അവഹേളിക്കുന്ന ജീര്‍ണമായ രാഷ്ട്രീയ മനോഭാവമാണ് പുറത്തുവരുന്നത്.
നാടിന്റെ വികസനവും ജനങ്ങളുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാതെ സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് യുഡിഎഫിന്റെ തെറ്റിദ്ധാരണയാണ്. സ്ത്രീകളുടെ അഭിമാനവും അവകാശങ്ങളും കാത്തുസൂക്ഷിക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പം കേരളം എപ്പോഴും നിലകൊണ്ടിട്ടുണ്ട്.
Content Highlight: Chief Minister condemns UDF leader’s misogynistic remarks against U Pratibha