'നിയമപ്രകാരം കോഴി മൃ​ഗമാണ്'; ​ഗുജറാത്ത് സർക്കാർ ഹൈക്കോടതിയിൽ
national news
'നിയമപ്രകാരം കോഴി മൃ​ഗമാണ്'; ​ഗുജറാത്ത് സർക്കാർ ഹൈക്കോടതിയിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st April 2023, 8:04 am

അഹമ്മദാബാദ്: കോഴികൾ മൃ​ഗ വിഭാ​ഗത്തിൽ പെടുന്നതാണെന്ന് ഹൈക്കോടതിയോട് ​ഗുജറാത്ത് സർക്കാർ. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് ആക്‌ട് പ്രകാരം കോഴിയും ഇതേ ഇനത്തിൽ പെടുന്ന മറ്റ് പക്ഷികളും മൃ​ഗ വിഭാ​ഗത്തിൽ പെടുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

കോഴിക്കടകൾക്ക് നിയമം പൂർണമായി പാലിക്കാൻ വെറ്ററിനറി ഡോക്ടർമാരെ ഏൽപ്പിക്കേണ്ടിവരുമെന്നായിരുന്നു ഇതിനോട് മുതിർന്ന അഭിഭാഷകൻ പേഴ്സി കവീനയുടെ പ്രതികരണം.

കോഴിയെ കോഴിക്കടകളിൽ കശാപ്പ് ചെയ്യുന്നതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവേയാണ് കോടതി മുറിയിൽ കോഴിയെ സംബന്ധിച്ച ചർച്ചകൾ ഉയർന്നത്.
ആനിമൽ വെൽഫെയർ ഫൗണ്ടേഷനും അഹിംസ മഹാസംഘവുമാണ് കേസുമായി കോടതിയെ സമീപിച്ചത്.

തുടർന്ന് അനുമതിയില്ലാത്ത ഇറച്ചിക്കടകൾക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി അധികൃതർക്ക് നിർദേശം നൽകുകയായിരുന്നു. സംസ്ഥാനത്തുടനീളമുള്ള പൗരസമിതികൾ ഇറച്ചിക്കടകളിൽ റെയ്ഡ് നടത്തുകയും ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പലർക്കും നോട്ടീസ് നൽകുകയും ചെയ്തതായാണ് റിപ്പോർട്ട്. മറ്റ് ഇറച്ചിക്കടകൾക്ക് പുറമെ കോഴിക്കടകൾക്കും പൂട്ട് വീണതോടെയാണ് കച്ചവടക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ കേസ് പരിഗണിക്കവേ നിയമപ്രകാരം കോഴി മൃഗമാണോ പക്ഷിയാണോ എന്നതിൽ സംശയമുണ്ടെന്ന് കോടതി വ്യക്തമാക്കി.

മനുഷ്യനല്ലാത്ത എല്ലാ ജീവികളും മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമത്തിലെ സെഷൻ രണ്ട് (എ) പ്രകാരം മൃഗങ്ങളുടെ പരിധിയിൽപ്പെടുമെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് നിയമപ്രകാരം ജീവനുള്ള മൃഗങ്ങളെ ഇറച്ചി കടയുടെ പരിസരത്ത് അനുവദിക്കരുതെന്നും അഭിഭാഷകൻ പറഞ്ഞു.

നേരത്തേ ചട്ടങ്ങൾ ലംഘിച്ചെന്നും ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഇറച്ചി, കോഴിക്കടകൾ അടച്ചു പൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സൂറത്തിലെ മുൻസിപ്പൽ കോർപ്പറേഷൻ നിരവധി കടകൾ അടച്ചു പൂട്ടിയിട്ടുണ്ട്.

 

Content Highlight: Chicken is treated as animal under law: Guj Govt tells HC