എഡിറ്റര്‍
എഡിറ്റര്‍
ഛത്തീസ്ഗഢിലെ ബി.ജെ.പി നേതാവ് ചത്തപശുക്കളെ അറവുശാലക്കാര്‍ക്ക് വിറ്റു: പൊലീസ്
എഡിറ്റര്‍
Saturday 26th August 2017 5:20pm

 


റായ്പൂര്‍: പട്ടിണി കിടന്ന് ഗോശാലയില്‍ പശുക്കള്‍ ചത്ത സംഭവത്തില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവ് ഹരീഷ് വര്‍മ ചത്ത പശുക്കളെ അറവുശാലക്കാര്‍ക്ക് വിറ്റിരുന്നതായി പൊലീസ്. പശുക്കളുടെ എല്ലുകളും തോലും ഇത്തരത്തില്‍ വിറ്റിരുന്നതായും പൊലീസ്.

ഗോ സേവ ആയോഗ് ആയിരുന്നു ഹരീഷ് വര്‍മക്കെതിരെ ഇത്തരമൊരു പരാതി നല്‍കിയിരുന്നത്. ഇത് ശരിയാണെന്നും വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നും ദുര്‍ഗ് പൊലീസ് മേധാവി ദീപാന്‍ഷു കബ്ര പറഞ്ഞു.

ഛത്തീസ്ഗഢ് അഗ്രികള്‍ച്ചറല്‍ കാറ്റില്‍ പ്രിസര്‍വേഷന്‍ ആക്ട് 2004, ഐ.പി.സി 409 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായ വര്‍മ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഏഴ് വര്‍ഷമായി ഗോശാല നടത്തുന്ന ഹരീഷ് വര്‍മയുടെ ഗോശാലയില്‍ ഇരുന്നൂറോളം പശുക്കള്‍ പട്ടിണി കിടന്ന് മരിച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പരിസരത്തെ ഒരു മതില്‍ ഇടിഞ്ഞുവീണാണ് പശുക്കള്‍ ചത്തതെന്നും ഗോശാലയ്ക്കായി കെട്ടിടം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ടിട്ട് തന്നില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് ബി.ജെ.പി ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Advertisement