ടൊവിനോ എന്നെ അത്ഭുതപ്പെടുത്തി; തമിഴില്‍ ആയിരുന്നെങ്കില്‍ സീനുകള്‍ കട്ട് ചെയ്‌തേനേ: ചേരന്‍
Entertainment
ടൊവിനോ എന്നെ അത്ഭുതപ്പെടുത്തി; തമിഴില്‍ ആയിരുന്നെങ്കില്‍ സീനുകള്‍ കട്ട് ചെയ്‌തേനേ: ചേരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th May 2025, 2:21 pm

പ്രശസ്ത തമിഴ് സംവിധായകന്‍ ചേരന്‍ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് നരിവേട്ട. ചിത്രത്തില്‍ ടൊവിനോ തോമസാണ് നായകനായി എത്തുന്നത്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്ന ചില സംഭവങ്ങളെ കുറിച്ചാണ് പറയുന്നത്.

വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളായി ടൊവിനോ തോമസ് എത്തുമ്പോള്‍ ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രമായാണ് ചേരന്‍ അഭിനയിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ടൊവിനോയെ കുറിച്ച് പറയുകയാണ് ചേരന്‍.

നരിവേട്ട സിനിമയില്‍ എന്റേത് ടൊവിനോയുടെ കഥാപാത്രത്തിനോട് ഈക്വലായ കഥാപാത്രമാണെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു അത്. പ്രധാനപ്പെട്ട കഥാപാത്രമെന്ന് പറയുമ്പോള്‍ തന്നെ അതിനൊരു പ്രത്യേകം സ്പേസ് വേണം.

നായകനായി അഭിനയിക്കുന്ന നടന്‍ കൂടെയുള്ള ആള്‍ക്ക് എത്രമാത്രം സ്പേസ് അനുവദിച്ചു കൊടുക്കുന്നു എന്നത് ചെറിയ കാര്യമല്ല. നമ്മുടെ തമിഴ് സിനിമയില്‍ അത്തരം കാര്യങ്ങളുണ്ട്. ചില സമയത്ത് നായകനേക്കാള്‍ സ്പേസ് കിട്ടുന്നുവെന്ന് തോന്നുമ്പോള്‍ സീനുകള്‍ കട്ട് ചെയ്യും. വേണമെങ്കില്‍ ആ കഥാപാത്രത്തെ തന്നെ എടുത്ത് കളയും.

എന്നാല്‍ ടൊവിനോയ്ക്ക് പടം നന്നായി വരണമെന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ചെയ്യുന്നത് ആണെങ്കില്‍ പോലും ഫ്രെയിമില്‍ സംവിധായകന്‍ ആഗ്രഹിക്കുന്നത് പോലെ വരണമെന്നാണ് ടൊവിനോയ്ക്ക് ആഗ്രഹം.

ജൂനിയറായ ആള്‍ അടുത്ത് നിന്ന് അഭിനയിക്കുമ്പോള്‍ ടൊവിനോ അവരെ തിരുത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ‘എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? ഡയറക്ടര്‍ പറയുന്നത് കേട്ടില്ലേ’യെന്ന് ചോദിക്കും. സംവിധായകന്‍ എന്താണോ ആഗ്രഹിക്കുന്നത് അത് കൊണ്ടുവരുന്നതാണ് അഭിനേതാവിന്റെ പണി.

അതിനായി ടൊവിനോ ഓരോരുത്തര്‍ക്കും നല്‍കുന്ന സ്പേസ് വളരെ വലുതാണ്. എനിക്ക് ഒരുപാട് കാര്യങ്ങള്‍ ഈ സിനിമയിലൂടെ ചെയ്യാന്‍ സാധിച്ചു. എനിക്ക് സത്യത്തില്‍ നരിവേട്ടയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ പേടിയുണ്ടായിരുന്നു. പക്ഷെ ടൊവിനോ എന്നെ അത്ഭുതപ്പെടുത്തി,’ ചേരന്‍ പറയുന്നു.


Content Highlight: Cheran Talks About Tovino Thomas And Narivetta Movie