സംവിധാനം, സിനിമാ നിര്‍മാണം, അഭിനയം, ഗാനരചന തുടങ്ങിയ മേഖലകളിലെല്ലാം കഴിവ് തെളിയിച്ച വ്യക്തിയാണ് ചേരന്‍. വെട്രി കൊടി കാട്ട് (2000), ഓട്ടോഗ്രാഫ് (2004), തവമൈ തവമിരുന്ത് (2005) എന്നീ ചിത്രങ്ങളിലൂടെ നാല് തവണ ദേശീയ പുരസ്‌കാരം സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
അഞ്ച് തവണ തമിഴ്നാട് സ്റ്റേറ്റ് അവാര്‍ഡുകളും ആറ് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഭാരതി കണ്ണമ്മ (1997), പോര്‍ക്ക്കാലം (1997), പാണ്ഡവര്‍ ഭൂമി (2001) തുടങ്ങിയ സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചേരന്‍ അഭിനയിച്ച് തിയേറ്ററില്‍ എത്തിയ ആദ്യ മലയാള ചിത്രമാണ് നരിവേട്ട. ടൊവിനോ തോമസാണ് ഈ സിനിമയില്‍ നായകനായി എത്തിയത്. ടൊവിനോ വ്യത്യസ്തമായ കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് ചെയ്യുന്ന ആളാണെന്ന് പറയുകയാണ് ചേരന്‍.
‘ടൊവിനോ വ്യത്യസ്തമായ കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് ചെയ്യുന്ന ആളാണ്. മിന്നല്‍ മുരളിയെന്ന സിനിമ ചെയ്തത് ടൊവിനോ ആണ്. അതേ ആള്‍ തന്നെയാണ് 2018 എന്ന സിനിമയും ഉയരെ പോലുള്ള സിനിമയും ചെയ്തത്. ഓരോന്നിലും വ്യത്യസ്തമായ രീതിയിലുള്ള കഥാപാത്രമാണ് ടൊവിനോ ചെയ്തത്.
അദ്ദേഹം തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നതും ആളുകള്‍ക്ക് മനസിലാക്കാന്‍ പറ്റുന്നതുമാണ്. നരിവേട്ട സിനിമയുടെ സമയത്ത്, ഞാന്‍ ആദ്യ ദിവസം സെറ്റില്‍ ചെന്നപ്പോള്‍ ടൊവിയും അവിടെ ഉണ്ടായിരുന്നു.
അന്ന് ടൊവി എന്നോട് ആദ്യം ചോദിച്ചത് ‘കഥ കേട്ടോ. എങ്ങനെയുണ്ട്’ എന്നായിരുന്നു. നന്നായിട്ടുണ്ട്, പറയപ്പെടേണ്ട ഒരു വിഷയം തന്നെയാണ് ഈ സിനിമ പറയുന്നത് എന്നായിരുന്നു ഞാന്‍ അപ്പോള്‍ ടൊവിനോയ്ക്ക് മറുപടിയായി നല്‍കിയത്.
നരിവേട്ടയില്‍ പറയുന്ന വിഷയം സാധാരണക്കാരിലേക്ക് എത്തേണ്ട വിഷയം തന്നെയാണ്. വേണമെങ്കില്‍ ഒരു പുതുമുഖത്തെ വെച്ച് ചെയ്യാന്‍ സാധിക്കുന്ന സിനിമയാണ് ഇത്. പക്ഷെ വലിയ ആര്‍ട്ടിസ്റ്റുകള്‍ ചെയ്യുമ്പോഴാണ് അത് കൂടുതല്‍ ആളുകളിലേക്ക് എത്തുക.
ആ കഥയുടെ സീരിയസ്‌നെസ് ആളുകളിലേക്ക് എത്തുക വലിയ ആര്‍ട്ടിസ്റ്റുകള്‍ ചെയ്യുമ്പോളാണ്. ഞാന്‍ ആ കാര്യം ടൊവിനോയോട് പറഞ്ഞപ്പോള്‍ ‘അതേ സാര്‍. അത് ശരിയാണ്. അതുകൊണ്ട് തന്നെയാണ് ഞാന്‍ ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്’ എന്നായിരുന്നു മറുപടി,’ ചേരന്‍ പറയുന്നു.
Conteent Highlight: Cheran Talks About Tovino Thomas