ചുരുങ്ങിയ കാലയളവില്‍ തന്നെ മലയാള സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞ നടനാണ് ടൊവിനോ തോമസ്. ഗോദ, മായാനദി, ലൂസിഫര്‍, മിന്നല്‍ മുരളി, തല്ലുമാല, എ.ആര്‍.എം അങ്ങനെ ഒട്ടനവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ടൊവിനോ തോമസിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ അന്യ ഭാഷകളിലും അറിയപ്പെടുന്ന നടനാണ് ഇന്ന് ടൊവിനോ.
അദ്ദേഹം നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് നരിവേട്ട. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും സിനിമയില്‍ ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ ടൊവിനോയെ കുറിച്ച് സംസാരിക്കുകയാണ് ചേരന്‍.
ടൊവിനോ എന്ന നടനെ ഇഷ്ടപ്പെടാന്‍ കാരണമായ സിനിമ ഉയരെ ആണെന്ന് ചേരന്‍ പറയുന്നു. വളരെ ക്യാഷ്വലായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നതെന്നും എന്നാല്‍ പോലും അദ്ദേഹത്തിന്റെ അഭിനയം വളരെ മനോഹരമാണെന്നും അദ്ദേഹം പറയുന്നു. ഉയരെ എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ ഒരു ചിരിയുണ്ടെന്നും അത് ത്യാഗവും സങ്കടങ്ങളും ഉള്ളില്‍ ഒതുക്കിയുള്ള ഒരു ചിരിയാണെന്നും ചേരന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരിുന്നു ചേരന്‍.
‘ടൊവിനോയോട് ആദ്യം ഇഷ്ടം തോന്നാന്‍ കാരണമായ സിനിമ ഉയരെ ആണ്. എന്തൊരു ക്യാഷ്വലായിട്ടാണ് ചെയ്യുന്നത്. അത്രയും ക്യാഷ്വലായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്, എന്നാല്‍ പോലും അതില്‍ ഒരു വ്യത്യസ്തതയുണ്ട്. സിനിമയില്‍ അദ്ദേഹത്തിന്റെ ഒരു ചിരി ഉണ്ട്. ആ ചിരി വെറുതെ ഒരു ചിരിയല്ല. ആ ചിരിയില്‍ ഒരു ചെറിയ സാക്രിഫൈസുണ്ട്, സങ്കടങ്ങള്‍ ഉള്ളില്‍ വെച്ചിട്ടുള്ള ഒരു ചിരിയാണ്. അത് വളരെ നന്നായിരുന്നു. സിനിമ കണ്ടപ്പോള്‍ ഒരു പുതുമയുമുള്ള മുഖമാണല്ലോ ടൊവിനോയുടേതെന്ന് തോന്നി. അദ്ദേഹത്തിന് മലയാള സിനിമയില്‍ ഒരു സ്ഥാനമുണ്ടാകും എന്ന് തോന്നി,’ ചേരന്‍ പറയുന്നു.
ഉയരെ
ബോബി, സഞ്ജയ് രചന നിര്‍വഹിച്ച്, മനു അശോകന്‍ സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉയരെ. ടൊവിനോ തോമസ്, ആസിഫ് അലി, പാര്‍വതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്.
Content Highlight: Cheran talks about Tovino and uyare movie