മലയാളത്തിലെ ആ സൂപ്പര്‍സ്റ്റാര്‍ ചെയ്യുന്നതുപോലെയുള്ള സിനിമകള്‍ തമിഴിലെ ഒരു താരവും ചെയ്യാന്‍ ധൈര്യപ്പെടില്ല, അതിനൊരു കാരണമുണ്ട്: ചേരന്‍
Entertainment
മലയാളത്തിലെ ആ സൂപ്പര്‍സ്റ്റാര്‍ ചെയ്യുന്നതുപോലെയുള്ള സിനിമകള്‍ തമിഴിലെ ഒരു താരവും ചെയ്യാന്‍ ധൈര്യപ്പെടില്ല, അതിനൊരു കാരണമുണ്ട്: ചേരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th May 2025, 11:19 am

തമിഴിലെ മികച്ച നടനും സംവിധായകനുമാണ് ചേരന്‍. പുരിയാത പുതിര്‍ എന്ന ചിത്രത്തിലൂടെ അഭിനയ കരിയര്‍ ആരംഭിച്ച ചേരന്‍ പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായി മാറി. സംവിധാനം ചെയ്ത നാലാമത്തെ ചിത്രത്തിന് മികച്ച തമിഴ് സിനിമക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ചേരന്‍ ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കിടയിലും ശ്രദ്ധേയനായി. നാല് ദേശീയ അവാര്‍ഡും ആറ് തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡും തന്റെ പേരിലാക്കാന്‍ ചേരന് സാധിച്ചു.

നരിവേട്ട എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റവും ചേരന്‍ ഗംഭീരമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ മലയാളസിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ചേരന്‍. മലയാളത്തിലെ മികച്ച താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും ടൊവിനോയുമെന്ന് അദ്ദേഹം പറഞ്ഞു. താരം എന്ന നിലയില്‍ തിളങ്ങി നില്‍ക്കുമ്പോഴും വ്യത്യസ്തമായ സിനിമകള്‍ ചെയ്യാന്‍ മലയാളത്തിലെ താരങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്ന് ചേരന്‍ പറയുന്നു.

ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായിരുന്നിട്ടു കൂടി മമ്മൂട്ടിയെപ്പോലൊരു നടന്‍ ഭ്രമയുഗം പോലെ വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമുള്ള സിനിമകള്‍ ചെയ്യാന്‍ ധൈര്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്തരം സിനിമകളെ സ്വീകരിക്കാന്‍ മലയാളത്തിലെ പ്രേക്ഷകര്‍ തയാറാണെന്നും ആ സിനിമകളൊക്കെ വിജയമാണെന്നും ചേരന്‍ പറയുന്നു.

എന്നാല്‍ തമിഴിലെ സൂപ്പര്‍താരങ്ങള്‍ക്ക് അങ്ങനെയൊരു സിനിമയെക്കുറിച്ച് ചിന്തിക്കാനുള്ള ധൈര്യം പോലുമില്ലെന്നും അവരുടെ സിനിമ എന്ന് പറയുമ്പോള്‍ വലിയ ബജറ്റും ആക്ഷനുമൊക്കെയാണ് ആളുകള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റെഡ് നൂലിന് നല്‍കിയ അഭിമുഖത്തിലാണ് ചേരന്‍ ഇക്കാര്യം പറഞ്ഞത്.

‘മലയാളത്തില്‍ നോക്കിയാല്‍ ഒരേ സമയം സൂപ്പര്‍താരമായും നടനായും സിനിമകള്‍ ചെയ്യാന്‍ കഴിയുന്ന അഭിനേതാക്കളാണ് കൂടുതലും. മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തുടങ്ങിയവര്‍ അതിന് ഉദാഹരണമാണ്. അവരുടെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ സ്റ്റാര്‍ഡത്തിന് പറ്റിയ സിനിമയും അല്ലാതെ ഇവരിലെ നടന് വെല്ലുവിളിയാകുന്ന സിനിമയും ഒരുപോലെ ചെയ്യാന്‍ സാധിക്കും.

മമ്മൂട്ടി കഴിഞ്ഞ വര്‍ഷം ചെയ്ത ഭ്രമയുഗം എന്ന സിനിമ അതിന് ഉദാഹരണമാണ്. വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമേ ആ സിനിമയിലുള്ളൂ. ആകെ ഒരൊറ്റ ലൊക്കേഷനിലാണ് കഥ നടക്കുന്നത്. അത്തരം സിനിമകള്‍ സ്വീകരിക്കാന്‍ കഴിയുന്ന പ്രേക്ഷകര്‍ അവിടെയുണ്ട്. എന്നാല്‍ ഇവിടെ, തമിഴില്‍ നമ്മുടെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് അങ്ങനെയൊരു സിനിമയെക്കുറിച്ച് ചിന്തിക്കാനുള്ള ധൈര്യമുണ്ടാകുമോ? അവരുടെ സിനിമയെന്ന് പറയുമ്പോള്‍ തന്നെ പ്രേക്ഷകര്‍ ഓരോന്ന് ചിന്തിക്കും. അവിടെയാണ് പ്രശ്‌നം,’ ചേരന്‍ പറയുന്നു.

Content Highlight: Cheran saying Tamil Superstars can’t do a movie like Bramayugam