തമിഴിലെ മികച്ച നടനും സംവിധായകനുമാണ് ചേരന്‍. പുരിയാത പുതിര്‍ എന്ന ചിത്രത്തിലൂടെ അഭിനയ കരിയര്‍ ആരംഭിച്ച ചേരന്‍ പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായി മാറി. സംവിധാനം ചെയ്ത നാലാമത്തെ ചിത്രത്തിന് മികച്ച തമിഴ് സിനിമക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ചേരന്‍ ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കിടയിലും ശ്രദ്ധേയനായി. നാല് ദേശീയ അവാര്‍ഡും ആറ് തമിഴ്നാട് സ്റ്റേറ്റ് അവാര്‍ഡും തന്റെ പേരിലാക്കാന്‍ ചേരന് സാധിച്ചു.
ടൊവിനോ തോമസ് നായകനായ നരിവേട്ടയിലൂടെ മലയാളത്തിലും ചേരന്‍ അരങ്ങേറിയിരിക്കുകയാണ്. നരിവേട്ട എന്ന ചിത്രം തെരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ചേരന്‍. അനുരാജ് മനോഹറാണ് ചിത്രത്തിന്റെ സംവിധായകനെന്ന് അറിഞ്ഞപ്പോള്‍ തന്നെ താന്‍ ഈ സിനിമക്ക് ഓക്കെ പറഞ്ഞെന്ന് താരം പറയുന്നു.
അനുരാജിന്റെ ആദ്യ സിനിമയായ ഇഷ്‌ക് താന്‍ കണ്ടിട്ടുണ്ടെന്നും തന്നെ വല്ലാതെ ഇംപ്രസ് ചെയ്ത സിനിമയാണ് അതെന്നും താരം പറഞ്ഞു. ചിത്രത്തില്‍ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ച രീതിയും കഥ മുന്നോട്ട് കൊണ്ടുപോയ രീതിയും തനിക്ക് ഒരുപാട് ഇഷ്ടമായെന്നും ചേരന്‍ കൂട്ടിച്ചേര്‍ത്തു. വില്ലനെ തയ്യല്‍ മെഷീന്‍ എടുത്ത് അടിക്കുന്ന സീനില്‍ പ്രേക്ഷകര്‍ക്കും സംതൃപ്തി തോന്നുമെന്നും അങ്ങനെയൊന്ന് അടുത്ത കാലത്ത് കണ്ടിരുന്നില്ലെന്നും താരം പറയുന്നു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു ചേരന്‍.
‘മലയാളത്തില്‍ അഭിനയിക്കണമെന്ന് പണ്ടുതൊട്ടേ ആഗ്രഹമുണ്ടായിരുന്നു. സമുദ്രക്കനിയും ശശികുമാറും മലയാളത്തില്‍ എത്തിയപ്പോഴും എന്നെ ആരും വിളിച്ചില്ല. പക്ഷേ, ഓട്ടോഗ്രാഫ് എന്ന സിനിമയുടെ വലിയൊരു പോര്‍ഷന്‍ കേരളത്തില്‍ ഷൂട്ട് ചെയ്തതായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് മലയാളത്തിലെ ഒരു സംവിധായകന്‍ അയാളുടെ സിനിമയിലേക്ക് എന്നെ വിളിച്ചത്. ആരാണെന്ന് അന്വേഷിച്ചപ്പോള്‍ അനുരാജ് മനോഹറായിരുന്നു.
അയാളുടെ ആദ്യത്തെ സിനിമയായ ഇഷ്‌ക് ഞാന്‍ കണ്ടിട്ടുണ്ട്. എന്തൊരു സിനിമയാണത്. അതുവരെ കണ്ട സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ട്രീറ്റ്‌മെന്റായിരുന്നു ആ പടത്തിന്. ആ കഥാപാത്രങ്ങളെ ചിത്രീകരിച്ച രീതിയും കഥ പോകുന്ന രീതിയും നമ്മളെ പിടിച്ചിരുത്തുന്നുണ്ട്. അതില്‍ തന്നെ വില്ലനൈ ആ തയ്യല്‍ മെഷീന്‍ എടുത്ത് അടിക്കുന്ന സീനില്‍ നമുക്കും ഒരു സാറ്റിസ്ഫാക്ഷന്‍ കിട്ടും.
ഇപ്പോഴത്തെ സിനിമയില്‍ നായകനെ കാണിക്കുമ്പോള്‍ തന്നെ നമുക്ക് അയാള്‍ ആക്ഷന്‍ സീന്‍ ചെയ്യുമെന്ന് മനസിലാകും. എന്നാല്‍ ഇഷ്‌കിലെ ആ സീന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതിന്റെ എന്‍ഡിങ്ങും നന്നായിരുന്നു. നായകനും നായികയും ഒന്നിച്ചിരുന്നെങ്കില്‍ നമുക്ക് പ്രത്യേകിച്ച് ഒന്നും തോന്നില്ല. എന്നാല്‍ നായകന്റെ ആണത്തത്തിന് ഏറ്റ അടിയായിരുന്നു നായികയുടെ ഡയലോഗ്. ഗംഭീര സിനിമയാണത്,’ ചേരന്‍ പറഞ്ഞു.
Content Highlight: Cheran saying he committed Narivetta after watched Ishq movie