മമ്മൂട്ടിയുടെ ആ സിനിമ ഇഷ്ടമായില്ലെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തില്‍ നിന്ന് അത്തരം സിനിമകളല്ല പ്രതീക്ഷിക്കുന്നത്: ചേരന്‍
Entertainment
മമ്മൂട്ടിയുടെ ആ സിനിമ ഇഷ്ടമായില്ലെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തില്‍ നിന്ന് അത്തരം സിനിമകളല്ല പ്രതീക്ഷിക്കുന്നത്: ചേരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th June 2025, 7:02 am

തമിഴിലെ മികച്ച നടനും സംവിധായകനുമാണ് ചേരന്‍. പുരിയാത പുതിര്‍ എന്ന ചിത്രത്തിലൂടെ അഭിനയ കരിയര്‍ ആരംഭിച്ച ചേരന്‍ പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായി മാറി. സംവിധാനം ചെയ്ത നാലാമത്തെ ചിത്രത്തിന് മികച്ച തമിഴ് സിനിമക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ചേരന്‍ ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കിടയിലും ശ്രദ്ധേയനായി. നാല് ദേശീയ അവാര്‍ഡും ആറ് തമിഴ്നാട് സ്റ്റേറ്റ് അവാര്‍ഡും തന്റെ പേരിലാക്കാന്‍ ചേരന് സാധിച്ചു.

മമ്മൂട്ടി നായകനായ അണ്ണന്‍ തമ്പി എന്ന ചിത്രം ഇഷ്ടമായില്ലെന്ന് സിനിമയുടെ റിലീസ് സമയത്ത് ചേരന്‍ പറഞ്ഞിരുന്നു. അതിന്റെ കാരണം വ്യക്തമാക്കുകയാണ് അദ്ദേഹം. മലയാളസിനിമകള്‍ വിടാതെ ഫോളോ ചെയ്യുന്നയാളാണ് താനെന്ന് ചേരന്‍ പറയുന്നു. മികച്ച ക്വാളിറ്റിയുള്ള സിനിമകളാണ് മലയാളത്തില്‍ നിന്ന് വരുന്നതെന്നും ഓരോ സിനിമകളുടെ മേലെയും തനിക്ക് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അത്തരമൊരു ഇന്‍ഡസ്ട്രിയില്‍ നിന്ന് കൊമേഴ്‌സ്യല്‍ സിനിമകള്‍ വരുമ്പോള്‍ സ്വാഭാവികമായും പ്രതീക്ഷകള്‍ കൂടുമെന്നും അതിനൊത്ത് സിനിമ വന്നില്ലെങ്കില്‍ നിരാശ തോന്നുമെന്നും താരം പറഞ്ഞു. ആ നിരാശയാണ് താന്‍ അന്ന് പങ്കുവെച്ചതെന്നും എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടി വ്യത്യസ്തമായ സ്‌ക്രിപ്റ്റുകള്‍ തെരഞ്ഞെടുത്ത് ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഫില്‍മിബീറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അണ്ണന്‍ തമ്പി എന്ന സിനിമ ഇഷ്ടമല്ലെന്ന് ഞാന്‍ പറഞ്ഞത് 2010ലാണ്. അതിനെക്കുറിച്ച് ഇപ്പോള്‍ ചോദിക്കുന്നത് ശരിയല്ല. എന്നാലും പറയാം. ആ സിനിമ ഞാന്‍ കണ്ടപ്പോള്‍ എനിക്ക് ഇഷ്ടമായില്ല. കാരണം, മലയാളസിനിമകള്‍ നന്നായി ഫോളോ ചെയ്യുന്ന ഒരാളാണ് ഞാന്‍. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഇന്‍ഡസ്ട്രിയാണിത്. മറ്റ് ഇന്‍ഡസ്ട്രികളെപ്പോലെ മോശം സിനിമകള്‍ ഒരിക്കലും മലയാളികള്‍ സപ്പോര്‍ട്ട് ചെയ്യില്ല.

നല്ല കണ്ടന്റും ക്വാളിറ്റിയുമുള്ള സിനിമകളാണ് മലയാളത്തില്‍ നിന്ന് അധികവും വരാറുള്ളത്. അത്തരമൊരു ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒരു കൊമേഴ്‌സ്യല്‍ സിനിമ വരുമ്പോള്‍ പ്രതീക്ഷ കൂടും. ആ പ്രതീക്ഷ കാക്കാന്‍ സാധിച്ചില്ലെങ്കില്‍ വിമര്‍ശനം ഉണ്ടാകും. തമിഴിലെയും തെലുങ്കിലെയും മോശം സിനിമകളെ മലയാളത്തിലെ ട്രോള്‍ പേജുകള്‍ കളിയാക്കുന്ന വീഡിയോകള്‍ ഒരുപാട് കണ്ടിട്ടുണ്ട്.

മമ്മൂട്ടി സാര്‍ വലിയ ലെജന്‍ഡാണ്. അദ്ദേഹം അന്ന് ചെയ്ത ആ സിനിമ ഇഷ്ടപ്പെട്ടില്ല. എന്നാല്‍ ഇന്ന് നോക്കൂ, സ്‌ക്രിപ്റ്റ് സെലക്ഷനില്‍ അദ്ദേഹം എത്രയോ മുമ്പിലാണ്. വ്യത്യസ്തമായ കഥകള്‍ തേടിപ്പിടിച്ച് ചെയ്യുകയാണ് അദ്ദേഹം. ഇന്ത്യന്‍ സിനിമയിലെ പലരും മമ്മൂട്ടി സാറിന്റെ സിനിമകളെക്കുറിച്ചാണ് സംസാരിക്കുന്നത്. അതെല്ലാം പഴയ വിമര്‍ശനങ്ങളെ അംഗീകരിച്ച് മുന്നോട്ട് പോകാന്‍ തയാറായത് കൊണ്ടാണ്,’ ചേരന്‍ പറയുന്നു.

Content Highlight: Cheran explains why he didn’t like Mammootty’s Annan Thambi movie