ആ മലയാള സിനിമ കണ്ടിട്ട് എനിക്ക് നാല് ദിവസം ഉറങ്ങാനെ കഴിഞ്ഞില്ല, അങ്ങനെയൊരു സിനിമ തമിഴില്‍ ചെയ്യാന്‍ പറ്റില്ല: ചേരന്‍
Entertainment
ആ മലയാള സിനിമ കണ്ടിട്ട് എനിക്ക് നാല് ദിവസം ഉറങ്ങാനെ കഴിഞ്ഞില്ല, അങ്ങനെയൊരു സിനിമ തമിഴില്‍ ചെയ്യാന്‍ പറ്റില്ല: ചേരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st May 2025, 2:07 pm

 

സംവിധാനം, സിനിമാ നിര്‍മാണം, അഭിനയം, ഗാനരചന തുടങ്ങിയ മേഖലകളിലെല്ലാം കഴിവ് തെളിയിച്ച വ്യക്തിയാണ് ചേരന്‍. വെട്രി കൊടി കാട്ട് (2000), ഓട്ടോഗ്രാഫ് (2004), തവമൈ തവമിരുന്ത് (2005) എന്നീ ചിത്രങ്ങളിലൂടെ നാല് തവണ ദേശീയ പുരസ്‌കാരം സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അനുരാജ്മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ടയിലൂടെ മലയാളത്തിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു.

ഇപ്പോള്‍ ഹോം സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ചേരന്‍. താന്‍ ഹോം എന്നൊരു സിനിമ കണ്ടിരുന്നുവെന്നും സിനിമ കണ്ടിട്ട് തനിക്ക് നാല് ദിവസത്തേക്ക് ഉറങ്ങാന്‍ തന്നെ കഴിഞ്ഞില്ലെന്നും ചേരന്‍ പറയുന്നു. ഇത് എങ്ങനെയാണ് എടുത്തത് എന്ന് താന്‍ ചിന്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദ്രന്‍സ് എന്നൊരു ആര്‍ട്ടിസ്റ്റാണ് ഹോമില്‍ അഭിനയിച്ചതെന്നും തമിഴില്‍ ആ റോള്‍ കരുണാകാരനെ വെച്ച് നമ്മള്‍ ചെയ്യാന്‍ നിന്നാല്‍ ഇവിടെയുള്ള ഒരു സിനിമക്കാരും അത് സമ്മതിക്കില്ലെന്നും ചേരന്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് ഇന്‍ഡസ്ട്രിയിലെ മാര്‍ക്കറ്റിങ് വ്യത്യസമാണെന്നും അതുകൊണ്ടാണ് മലയാളത്തില്‍ നിന്ന് നല്ല സിനിമകള്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചേരന്‍.

‘ഞാന്‍ ഹോം എന്നൊരു സിനിമ കണ്ടിരുന്നു. എനിക്ക് ആ സിനിമ കണ്ടിട്ട് നാല് ദിവസത്തേക്ക് ഉറക്കം തന്നെ വന്നില്ല. ഈ സിനിമ എങ്ങനെയാണ് എടുത്തത്. ഇന്ദ്രന്‍സ് എന്നൊരു ആര്‍ട്ടിസ്റ്റാണ് സിനിമയില്‍ അഭിനയിച്ചിട്ടുള്ളത്. ഇന്ദ്രന്‍സ് ചെയ്ത് ആ റോള്‍ ഇവിടെ കരുണാകരന്‍ എന്ന നടനെ വെച്ച് ചെയ്യാന്‍ നമ്മള്‍ വിചാരിച്ചാല്‍ അത് ഇവിടെയുള്ള സിനിമക്കാര് സമ്മതിക്കില്ല. കാരണം നമ്മുടെ സ്ഥലത്തെ മാര്‍ക്കറ്റിങ് ബിസിനസ്സ് വേറെ ആണ്. തിയേറ്ററിന്റെ അപ്രോച്ച് വേറെയാണ്. അവിടെയും അത് വ്യത്യാസമുണ്ട്. അതുകൊണ്ടാണ് മലയാളത്തില്‍ ഒരുപാട് നല്ല സിനിമകള്‍ വരുന്നത്,’ചേരന്‍ പറയുന്നു.

ഹോം

റോജിന്‍ തോമസ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹോം. ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, മഞ്ജുപിള്ള, നസ്‌ലെന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. 2023ല്‍ മലയാളത്തിലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും സിനിമയിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചിരുന്നു.

Content highlight: Cheran  about  Malayalam movie Home