ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
വേണു ബാലകൃഷ്ണനെതിരായ കേസ് പിന്‍വലിക്കണം: രമേശ് ചെന്നിത്തല
ന്യൂസ് ഡെസ്‌ക്
Thursday 12th July 2018 6:18pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ വേണുബാലകൃഷ്ണനെതിരായ കേസ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എഫ്.ഐ.ആര്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെയുള്ള ഏറ്റവും വലിയ കടന്നുകയറ്റത്തിന്റെ ഉദാഹരണമാണെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരത്ത് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം വേണു ബാലകൃഷ്ണന്‍ നടത്തിയിട്ടില്ല. കേസ് കോടതിയില്‍ നിലനില്‍ക്കില്ല. കേരളത്തിലും ഇന്ത്യയിലും ഭരണാധികാരികള്‍ക്കെതിരെ മാധ്യമ പ്രവര്‍ത്തകര്‍ സംസാരിക്കുന്നത് ഇതാദ്യമായല്ല. 1992 നു ശേഷമുള്ള കണക്കെടുത്തു നോക്കുകയാണെങ്കില്‍ ഗൗരി ലങ്കേഷും റൈസിങ് കശ്മീര്‍ എഡിറ്റര്‍ ഷൂജാത് ബുഖാരിയും ഉള്‍പ്പെടെ ഇരുപത്തഞ്ചോളം മാധ്യമപ്രവര്‍ത്തര്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് ലോകത്തിനു മുന്നില്‍ തലതാഴ്ത്തി നില്‍ക്കാന്‍ രാജ്യത്തെ നിര്‍ബന്ധിതമാക്കി . ചെന്നിത്തല പറഞ്ഞു.

കേന്ദ്ര സര്‍ക്കാരാണെങ്കിലും സംസ്ഥാന സര്‍ക്കാരാണെങ്കിലും മാധ്യമങ്ങള്‍ക്കു നേരെ നടത്തുന്ന കടന്നാക്രമണം അവസാനിപ്പിക്കണം. വിമര്‍ശനം ഉയര്‍ന്നാല്‍ അതില്‍ കാമ്പുണ്ടോ എന്ന് പരിശോധിക്കുകയാണ് വേണ്ടത്. അല്ലാതെ അസഹിഷ്ണുത പ്രകടിപ്പിക്കുകയല്ല. ഇത്തരം അസഹിഷ്ണുത പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വേണുവിനെതിരായ നടപടിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് അപലപനീയവും ദൗര്‍ഭാഗ്യകരവുമെന്ന്
എഡിറ്റേഴ്‌സ് ഗില്‍ഡ് അഭിപ്രായപ്പെട്ടിരുന്നു. ഇത് പത്രസ്വാതന്ത്ര്യത്തിന് എതിരാണ്. ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന കേരളം പോലൊരു സംസ്ഥാനം ഇത്തരത്തില്‍ ചെയ്യാന്‍ പാടില്ലായിരുന്നു. പാര്‍ട്ടിയുടെ കീഴിലുള്ള സംഘടനയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വേണുവിന് എതിരെ നടപടിയെടുക്കുന്നതില്‍ നിന്നും പൊലീസിനെ തടയണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടിരുന്നു.

Advertisement