തിരുതത്തോമ വിളിയില്‍ അഭിമാനം മാത്രം; ചെന്നിത്തലയുടെ പരിഹാസം ജാതി ബോധത്തിന് തെളിവ്; മറുപടി ജനം നല്‍കും: കെ.വി. തോമസ്
Kerala
തിരുതത്തോമ വിളിയില്‍ അഭിമാനം മാത്രം; ചെന്നിത്തലയുടെ പരിഹാസം ജാതി ബോധത്തിന് തെളിവ്; മറുപടി ജനം നല്‍കും: കെ.വി. തോമസ്
അനിത സി
Monday, 30th March 2026, 2:39 pm

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നടത്തിയ തിരുത തോമ പരിഹാസത്തിന് മറുപടി നല്‍കി സംസ്ഥാന സര്‍ക്കാരിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. തിരുത തോമ എന്ന് വിളിക്കുന്നതില്‍ തനിക്ക് ഒരു നാണക്കേടുമില്ലെന്ന് പ്രൊഫ. കെ.വി. തോമസ് പറഞ്ഞു.

ആ വിളി കേള്‍ക്കുന്നതില്‍ അഭിമാനം മാത്രമേ ഉള്ളൂവെന്നും താന്‍ ജനിച്ചത് മത്സ്യത്തൊഴിലാളി കുടുംബത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല പരിഹസിച്ചത് തന്നെയല്ല, മത്സ്യതൊഴിലാളികളെയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

കഴിഞ്ഞദിവസം എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ജെ. വിനോദിന് വേണ്ടി വോട്ട് തേടാനിറങ്ങിയപ്പോഴായിരുന്നു ചെന്നിത്തല എറണാകുളം മത്സ്യ മാര്‍ക്കറ്റില്‍ വെച്ച് കെ.വി. തോമസിനെതിരെ പരിഹാസ പരാമര്‍ശം നടത്തിയത്. കച്ചവടക്കാരോട് തോമസ് മാഷിന്റെ തിരുത എവിടെ എന്ന് ചെന്നിത്തല ചോദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയായിരുന്നു.

പിന്നാലെയാണ് വിഷയത്തില്‍ പ്രതികരിച്ച് കെ.വി. തോമസ് രംഗത്തെത്തിയത്. തിരുത തോമ വിളി തുടങ്ങി വച്ചത് കോണ്‍ഗ്രസുകാരാണെന്നും ആദ്യം അവര്‍ പറഞ്ഞത് കരുണാകരന് തിരുത കൊടുത്തു എന്നാണ്. പിന്നെ മാറി സോണിയാ ഗാന്ധിക്ക് കൊടുത്തു എന്നാക്കി. താന്‍ ഒരു രാഷ്ട്രീയ തീരുമാനം എടുത്തതിന് തന്നെ കുറ്റപ്പെടുത്താം, എന്നാല്‍, മത്സ്യത്തൊഴിലാളികളെ എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നതെന്ന് കെ.വി.തോമസ് ചോദിച്ചു.

ഒരു സമൂഹത്തെ മുഴുവന്‍ താഴ്ത്തിക്കാണിക്കുന്ന ചെന്നിത്തലയുടെ മനോഭാവമാണ് പുറത്തുവന്നിരിക്കുന്നത്. മത്സ്യതൊഴിലാളികള്‍ അധമരാണെന്ന് കരുതുന്ന ഒരു ജാതിബോധം അദ്ദേഹത്തിന്റെ മനസില്‍ ഇപ്പോഴുമുണ്ടെന്നതിന്റെ തെളിവാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മത്സ്യത്തൊഴിലാളികള്‍ വിഭാഗം കോണ്‍ഗ്രസിനോടും ചെന്നിത്തലയോടുമൊക്കെ എന്തുതെറ്റു ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. ഈ പുച്ഛത്തിന് മത്സ്യത്തൊഴിലാളികള്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും മുഖ്യമന്ത്രിയാകാന്‍ തലപ്പാവ് കെട്ടി നടക്കുന്നയാളാണ് ചെന്നിത്തലയെന്നും കെ.വി. തോമസ് വിമര്‍ശിച്ചു.

കെ.വി. തോമസിന്റെ കുറിപ്പ്:

ചെന്നിത്തല മത്സ്യതൊഴിലാളികളെ അപമാനിക്കുന്നു. പ്രളയ ദുരന്ത നാളുകളില്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ച് കേരളത്തെ രക്ഷിച്ച നമ്മുടെ മത്സ്യതൊഴിലാളി സമൂഹത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് രമേശ് ചെന്നിത്തല നടത്തിയിരിക്കുന്നത്. ഞാന്‍ തന്നെ മത്സ്യതൊഴിലാളി വിഭാഗത്തില്‍ നിന്നുള്ള ആളാണ്.

അതുകൊണ്ട് തന്നെ ”തിരുതത്തോമ” എന്ന് വിളിച്ചതിനെ ഞാന്‍ വ്യക്തിപരമായി അപമാനമായി കാണുന്നില്ല. പക്ഷേ, അതിലൂടെ ഒരു മുഴുവന്‍ സമൂഹത്തെ താഴ്ത്തിക്കാണിക്കുന്ന മനോഭാവമാണ് പുറത്തുവന്നിരിക്കുന്നത്. മത്സ്യതൊഴിലാളികള്‍ അധമരാണെന്ന് കരുതുന്ന ഒരു ജാതിബോധം അദ്ദേഹത്തിന്റെ മനസില്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തെളിവാണ് ഇത്തരം പ്രസ്താവനകള്‍.

കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ കുപ്പായം തയ്ച്ചുവെച്ച ഒരാളില്‍ നിന്നാണ് ഇത്തരമൊരു സാമൂഹിക അവഹേളനം വരുന്നത് എന്നത് ദൗര്‍ഭാഗ്യകരമാണ്. നാനാത്വത്തില്‍ ഏകത്വം വിശ്വസിക്കുന്ന മതനിരപേക്ഷ കേരളം ഇത്തരം മനോഭാവങ്ങളെ ഒരിക്കലും വെച്ചു പൊറുപ്പിക്കില്ല. ജനങ്ങളെ അപമാനിക്കുന്നവര്‍ക്കുള്ള മറുപടി ജനാധിപത്യ വഴിയിലൂടെ തന്നെ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ നല്‍കും.

Content Highlight: Chennithala’s mockery is proof of caste consciousness; People will give the answer: K.V. Thomas

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.