[share] തിരുവനന്തപുരം: ബ്ലേഡ് മാഫിയക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുകയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മൂന്നുദിവസത്തിനകം 2235 റെയ്ഡുകള്‍ നടത്തി. 248 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 158 പേര്‍ പിടിയിലായി. സംസ്ഥാനത്ത് ഇന്നലെ മാത്രം നടന്ന റെയ്ഡുകളുടെ എണ്ണം 473.
ബ്ലേഡ് മാഫിയകളെക്കുറിച്ച് വിവരമുള്ളവര്‍ക്കും പരാതിയുള്ളവര്‍ക്കും ആഭ്യന്തരമന്ത്രിയെ നേരിട്ട് ഫോണിലുടെയോ ഫെയ്‌സ്ബുക്കിലുടെയോ അറിയിക്കാനും സൗകര്യമേര്‍പ്പെയുത്തിയിട്ടുണ്ട്. അനധികൃത പണമിടപാട് സ്ഥാപനത്തില്‍ നിന്നും പീഡനം നേരിടുന്നുണ്ടെങ്കില്‍ തന്നോട് നേരിട്ട് സംസാരിക്കാനാണ് ചെന്നിത്തലയുടെ ആഹ്വാനം.
9447777100 എന്ന മൊബൈല്‍ നമ്പര്‍ ഇതിനായി അദ്ദേഹം പരസ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജ് വഴിയും പരാതി നല്‍കാവുന്നതാണ്. ലഭിക്കുന്ന പരാതികള്‍ ഉടനെ പോലീസ് മേധാവികള്‍ക്ക് കൈമാറും. പ്രാഥമിക പരിശോധനക്ക് ശേഷം പരാതി വിശ്വാസ യോഗ്യമാണെങ്കില്‍ നടപടിയുമായി മുന്നോട്ട് പോകും.
“മണി ലെന്‍ഡിംഗ് ആക്ടിനു വിപരീതമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളും ചിട്ടി കമ്പനികളും അവരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണം. അല്ലാത്ത പക്ഷം ഇവരുടെ സ്ഥാനം കല്‍ത്തുറുങ്കിലായിരിക്കും. മാഫിയയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഗുണ്ടാകാപ്പാ നിയമം ചുമത്തും. ഇവരെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ഡി.ജി.പിയ്ക്ക് നിര്‍ദ്ദേശം നല്‍കി”- ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രമേശ് ചെന്നിത്തല പറയുന്നു.
ഓപറേഷന്‍ കുബേര എന്ന പേരില്‍ ആഭ്യന്തരമന്ത്രി മുന്‍കയ്യെടുത്ത് നടത്തുന്ന ഈ നടപടികള്‍ സംസഥാനത്ത് പോലീസും ഭരണവുമുണ്ടെന്ന ബോധ്യം സാധാരക്കാരിലും മാഫിയകളിലും സൃഷ്ടിക്കാനും ഉപകരിക്കുന്നുണ്ട്.
