അഞ്ച് കപ്പ് നേടിയ ആശാൻ പടിയിറങ്ങി; ചെന്നൈ കരിയറിന് ഫുൾ സ്റ്റോപ്പിട്ട് ഫ്ലെമിങ്
Cricket
അഞ്ച് കപ്പ് നേടിയ ആശാൻ പടിയിറങ്ങി; ചെന്നൈ കരിയറിന് ഫുൾ സ്റ്റോപ്പിട്ട് ഫ്ലെമിങ്
ഫസീഹ പി.സി.
Monday, 13th July 2026, 12:50 pm

ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനത്ത് നിന്ന് പടിയിറിങ്ങി സ്റ്റീഫന്‍ ഫ്‌ലെമിങ്. 17 വര്‍ഷത്തെ നീണ്ട പരിശീലക കരിയര്‍ അവസാനിപ്പിച്ചാണ് ഫ്‌ലെമിങ്ങിന്റെ പടിയിറക്കം. സി.എസ്.കെ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലൂടെയാണ് പരിശീലകനുമായി വേര്‍പിരിയുന്ന കാര്യം അറിയിച്ചത്.


ചെന്നൈയുടെ കോച്ചിങ് യൂണിറ്റിന്റെ ഹൃദയമിടിപ്പായിരുന്നു ഫ്‌ലെമിങ്ങെന്ന് സി.എസ്.കെ ഉടമ രൂപ ഗുരുനാഥ് പ്രതികരിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി, നമ്മുടെ ഐഡന്റിറ്റി, കാഴ്ചപ്പാട്, മികവിനായുള്ള പരിശ്രമം എന്നിവ രൂപപ്പെടുത്താന്‍ അദ്ദേഹം സഹായിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പതിനെട്ട് വര്‍ഷം ഒരു ജീവിതകാലമാണെന്നും സി.എസ്.കെ നേടിയ എല്ലാ നേട്ടങ്ങളിലും അഭിമാനിക്കുന്നെന്നും ഫ്‌ലെമിങ് പറഞ്ഞു. സി.എസ്.കെ തന്റെ ഹൃദയത്തോട് ചേര്‍ന്നിരിക്കുമെന്നും ഇനിയും ടീമിനെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നന്ദിയോടെയാണ് ഞാന്‍ ഇവിടെ നിന്ന് പോകുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമുള്ള എന്റെ സമയം എന്റെ പരിശീലക ജീവിതത്തിലെ ഒരു പദവിയാണ്. ഞങ്ങള്‍ നേടിയ എല്ലാ നേട്ടങ്ങളിലും ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് മറക്കാനാവാത്ത വിജയങ്ങള്‍ ആഘോഷിക്കുകയും പ്രയാസകരമായ നിമിഷങ്ങളെ മറികടക്കുകയും ചെയ്തിട്ടുണ്ട്. ഈ ഓർമകൾ എന്നും എന്നോടൊപ്പമുണ്ടാകും,’ ഫ്‌ലെമിങ് പറഞ്ഞു.

ഐ.പി.എല്ലിന്റെ അരങ്ങേറ്റ സീസണായ 2008ല്‍ താരമായി എത്തിയ ഫ്‌ലെമിങ് അടുത്ത സീസണില്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ 2026 സീസണ്‍ വരെ സി.എസ്.കെ നയിച്ചു. ഈ കാലയളവില്‍ ഐ.പി.എല്ലില്‍ അഞ്ച് തവണ ടീമിനെ കിരീടമണിയിച്ചു.

രണ്ട് തവണ ഫ്‌ലെമിങ് ചെന്നൈയെ ചാമ്പ്യന്‍സ് ലീഗ് ടി – 20 ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരാക്കുകയും ചെയ്തു. 12 സീസണുകളില്‍ പ്ലേ ഓഫിലേക്ക് നയിച്ച പരിശീലകന്‍ ടീമിനെ പത്ത് തവണ ഐ.പി.എല്‍ ഫൈനലുകളില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: Chennai Super Kings part ways with coach Stephen Fleming

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.