'മൃദംഗ നിര്‍മാണം പശുവിന്‍ തോലില്‍ നിന്നും'; മൃദംഗ നിര്‍മാണത്തെപറ്റിയുള്ള ടി.എം കൃഷ്ണയുടെ പുസ്തക പ്രകാശനത്തിന് വിലക്കേര്‍പ്പെടുത്തി കലാക്ഷേത്ര
national news
'മൃദംഗ നിര്‍മാണം പശുവിന്‍ തോലില്‍ നിന്നും'; മൃദംഗ നിര്‍മാണത്തെപറ്റിയുള്ള ടി.എം കൃഷ്ണയുടെ പുസ്തക പ്രകാശനത്തിന് വിലക്കേര്‍പ്പെടുത്തി കലാക്ഷേത്ര
ന്യൂസ് ഡെസ്‌ക്
Friday, 31st January 2020, 11:24 am

ചെന്നൈ: സംഗീതജ്ഞന്‍ ടി.എം കൃഷ്ണയുടെ പുസ്തക പ്രകാശനത്തിന് വേദി നിഷേധിച്ച് ചെന്നൈ കലാക്ഷേത്ര ഫൗണ്ടഷന്‍. മൃദംഗ നിര്‍മാണത്തെക്കുറിച്ച് പരമാര്‍ശിക്കുന്ന ‘സെബാസ്റ്റിയന്‍ ആന്‍ഡ് സണ്‍സ്; എ ബ്രീഫ് ഹിസ്റ്ററി ഓഫ് മൃദംഗം മേക്കേര്‍സ് & സണ്‍സ് ഓണ്‍ ഇറ്റ്‌സ് പ്രിമൈസസ്’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനാണ് വേദി നിഷേധിച്ചത്. പശുവിന്‍ തോലില്‍ നിന്നും നിര്‍മിക്കുന്ന മൃദംഗത്തിന്റെ നിര്‍മാണത്തിന്റെ ചരിത്രത്തെയും ഇത് നിര്‍മിച്ച പൂര്‍വ്വികരെയും പറ്റി പരാമര്‍ശിക്കുന്ന പുസ്തകത്തിനെതിരാണ് നടപടി.

പ്രകാശന ചടങ്ങിനുള്ള വേദികള്‍ നിഷേധിച്ചു കൊണ്ട് രണ്ട് നോട്ടീസുകളാണ് പുസ്തകത്തിന്റെ പ്രസാധകര്‍ക്ക് ലഭിച്ചിരിക്കുന്നത്.

പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഇതിനു കാരണമായി കത്തില്‍ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കലക്ഷേത്ര. ഒരു സര്‍ക്കാര്‍ വകുപ്പ് എന്ന നിലയില്‍ രാഷ്ട്രീയമായോ, സാമൂഹികമായോ സാംസ്‌കാരികമായോ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുന്ന പരിപാടികള്‍ അനുവദിക്കാന്‍ പറ്റില്ല,’ കലാക്ഷേത്ര ഫൗണ്ടേഷന്‍ ഡയറക്ടറായ രേവതി രാമചന്ദ്രന്‍ കത്തില്‍ പറയുന്നു.

ടി.എം കൃഷ്ണയുടെ ഈ പുസ്തകത്തെ പറ്റി ദ ഹിന്ദുവില്‍ വന്ന നിരൂപണം ശ്രദ്ധയില്‍ പെട്ടതോടെയാണ് കലാക്ഷേത്രയുടെ നടപടി. നിരൂപണത്തിലെ പരാമര്‍ശങ്ങള്‍ വിവാദപരമാണെന്നും രാഷ്ട്രീയമാനങ്ങള്‍ ഉണ്ടെന്നും കത്തില്‍ പറയുന്നു.

പുസ്തക പ്രകാശനത്തിനായുള്ള വേദി ബുക്ക് ചെയ്ത സമയത്ത് പുസ്തത്തിലെ പരമാര്‍ശങ്ങളെ പറ്റി അറിയില്ലായിരുന്നെന്നാണ് കലാക്ഷേത്ര അധികൃതര്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം പുസ്തക പ്രകാശനത്തിനുള്ള വേദി നിഷേധിച്ച സംഭവത്തില്‍ വിയോജിപ്പുമായി ടി.എം കൃഷ്ണ രംഗത്തെത്തി.
‘മൃദംഗ നിര്‍മാണത്തിന്റെ തലമുറകളുടെ ആഘോഷമാണ് ഈ പുസ്തകം. അവര്‍ പശുവിന്റെയും ആടിന്റെയും പോത്തിന്റെയും ചോരയിലും തോലിലും ആണ് ജോലി ചെയ്തത്. അതു കൊണ്ടാണ് നമുക്ക് സംഗീതം ആസ്വദിക്കാന്‍ പറ്റുന്നത്. പുസ്തകം കാലങ്ങളായി മാറ്റി നിര്‍ത്തപ്പെട്ട ഇവരുടെ ജീവിതത്തെയാണ് കാണിക്കുന്നത്. എങ്ങനെയാണ് അത് വിവാദമാകുന്നത്,’ ടി .എം കൃഷ്ണ ചോദിച്ചു.

കലാക്ഷേത്രയുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും രംഗത്തെത്തി. പുസ്തക പ്രകാശനത്തിന് വേദി നിഷേധിച്ച കലാക്ഷേത്രയുടെ തീരുമാനം ലജ്ജാകരമാണെന്നാണ് പി.ചിദംബരം പ്രതികരിച്ചത്.