സിനിമ എനിക്ക് പറ്റിയ പണിയല്ലെന്ന് തോന്നിയപ്പോൾ കിട്ടിയ ആ ലിജോ പടമാണ് എല്ലാം മാറ്റിമറിച്ചത്: ചെമ്പൻ വിനോദ്
Entertainment
സിനിമ എനിക്ക് പറ്റിയ പണിയല്ലെന്ന് തോന്നിയപ്പോൾ കിട്ടിയ ആ ലിജോ പടമാണ് എല്ലാം മാറ്റിമറിച്ചത്: ചെമ്പൻ വിനോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th March 2024, 4:41 pm

തന്റെ വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് മലയാളികൾക്കിടയിൽ വളരെ പെട്ടെന്ന് ശ്രദ്ധ നേടിയ നടനാണ് ചെമ്പൻ വിനോദ് ജോസ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നായകൻ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ മലയാള സിനിമയിൽ അരങ്ങേറുന്നത്.

തനിക്ക് വന്ന രണ്ടാമത്തെ സിനിമ അമൽ നീരദിന്റെ അൻവർ ആയിരുന്നുവെന്നും എന്നാൽ ചില ടെക്നിഷ്യൻമാരുമായുള്ള ഈഗോ പ്രശ്നങ്ങൾ കാരണം ചിത്രത്തിൽ അഭിനയിച്ചില്ലെന്നും താരം പറഞ്ഞു.സിനിമ തനിക്ക് പറ്റിയ പണിയല്ലെന്ന് തോന്നിയപ്പോൾ അതെല്ലാം മാറിയത് ആമേനിൽ അഭിനയിച്ചപ്പോഴാണെന്നും സില്ലി മോങ്ക്സ് മോളിവുഡിനോട് ചെമ്പൻ പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രമായിരുന്നു ആമേൻ. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ചെമ്പൻ വിനോദ് എത്തിയിരുന്നു.

‘കൂട്ടുകാരോടൊപ്പം ഇരിക്കുമ്പോൾ എനിക്കൊരു ടെൻഷൻ ഉണ്ടാകില്ലല്ലോ. പിന്നെ ആ ചിത്രത്തിന്റെ ക്യാപ്റ്റൻ എന്ന് പറയുന്നത് എന്റെ സുഹൃത്താവുമ്പോൾ. എനിക്ക് കുഴപ്പമില്ലല്ലോ. ഇതെനിക്ക് ചെയ്യാമെന്നുള്ള ഈസി മൈൻഡ് ഒന്നും എനിക്കില്ലായിരുന്നു.

പക്ഷെ നായകൻ എന്ന സിനിമയിൽ സത്യത്തിൽ ഞാൻ അഭിനയിക്കേണ്ടതല്ല . അന്ന് വരുന്ന വഴിക്ക് മൂടൽ മഞ്ഞു കാരണം ഫ്ലൈറ്റ് വരാൻ വൈകി. ഞാൻ അന്ന് രാവിലെയാണ് വരുന്നത്. പിന്നെ എനിക്ക് വേറേ പരിപാടിയും ഉണ്ടായിരുന്നു. അങ്ങനെയൊക്കെ കുറേ കൺഫ്യൂഷൻ ഉണ്ടായിരുന്നു.

എന്നെ രണ്ടാമത് വിളിക്കുന്ന സിനിമ അൻവർ ആയിരുന്നു. അമൽ നീരദിന്റെ സിനിമയാണ്, എന്റെ കഥാപാത്രവും വളരെ വലുതാണ്. പക്ഷെ ഈഗോ ക്ലാഷ് കാരണം ഞാൻ പോയില്ല. അമൽ ആയിട്ടുള്ള പ്രശ്നമല്ല. ഷൂട്ടിനായി ചെന്നപ്പോൾ അവിടെയുള്ള രണ്ട് ടെക്നീഷ്യൻമാരുമായി സംസാരിച്ച് അഭിപ്രായ വ്യത്യാസം വന്നപ്പോൾ ഞാൻ വർക്ക്‌ ചെയ്തില്ല.

സിനിമ നമുക്ക് പറ്റിയ പരിപാടിയല്ലെന്ന് അടിവരയിട്ട് ഉറപ്പിച്ചിട്ടാണ് അവിടെ നിന്ന് പോയത്. പിന്നെ അതെല്ലാം മാറുന്നത് ആമേനിലൊക്കെ അഭിനയിച്ചപ്പോഴാണ്,’ചെമ്പൻ വിനോദ് പറയുന്നു.

Content Highlight: Chemban Vinodh Jose Talk About Amen Movie