റായ്പൂര്‍: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ തെളിവില്ലെന്ന് എന്‍.ഐ.എ കോടതി. കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കുന്നത്.
പെണ്‍കുട്ടികള്‍ ക്രിസ്തീയ വിശ്വാസികളാണെന്നും പെണ്‍കുട്ടികളുടെ കൈവശം മാതാപിതാക്കളുടെ സമ്മതപത്രം ഉണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. കന്യാസ്ത്രീകള്‍ക്കെതിരെ മുമ്പ് മറ്റ് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നും കോടതി പറഞ്ഞു. ബിലാസ്പൂര്‍ എന്‍.ഐ.എ കോടതിയാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചത്. ഒമ്പത് ദിവസത്തെ നിയമപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത്.
എന്നാല്‍ കന്യാസ്ത്രീകള്‍ക്കെതിരെ തെളിവില്ലെന്ന് പറയുന്ന കോടതി, കര്‍ശനമായ ഉപാധികളോട് കൂടിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
രണ്ടാഴ്ചയില്‍ ഒരു ദിവസം സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പ് രേഖപ്പെടുത്തണം, സാക്ഷികളെ സ്വാധീനിക്കരുത്, പത്ര-മാധ്യമങ്ങളോട് സംസാരിക്കരുത്, വിദേശത്തേക്ക് പോകരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ നിബന്ധനകളാണ് കോടതി ഉത്തരവില്‍ പറയുന്നത്.
വിധി അനുസരിച്ച് കന്യാസ്ത്രീകള്‍ക്കെതിരായ കേസ് ഇനി എന്‍.ഐ.എയായിരിക്കും അന്വേഷിക്കുക. നേരത്തെ ഛത്തീസ്ഗഡ് പൊലീസിന്റെ പരിഗണയിലായിരുന്നു കേസുണ്ടായിരുന്നത്. ജയില്‍മോചിതരായാല്‍ കന്യാസ്ത്രീകള്‍ എവിടെയാണ് താമസിക്കുക തുടങ്ങിയ എല്ലാ വിവരങ്ങളും എന്‍.ഐ.എയെ അറിയിക്കണമെന്നും കോടതി നിര്‍ദേശമുണ്ട്.
ഛത്തീസ്ഗഡിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 1968ലെ നിയമപ്രകാരമാണ് കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുത്തിരുന്നത്. അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവര്‍ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ്.
സിസ്റ്റര്‍ പ്രീതിയെ ഒന്നാം പ്രതിയാക്കിയും വന്ദനയെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രസ്തുത കേസ് ഇനി കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ പരിഗണനയിലായിരിക്കും.
ജൂലൈ 25 (വെള്ളിയാഴ്ച)നാണ് ഇവര്‍ അറസ്റ്റിലായത്. നാരായണ്‍പൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായെത്തിയ 19 മുതല്‍ 22 വയസള്ള പെണ്‍കുട്ടികളായിരുന്നു കന്യാസ്ത്രീക്കൊപ്പം ഉണ്ടായിരുന്നത്. പെണ്‍കുട്ടികളിലൊരാളുടെ സഹോദരനും കൂടെയുണ്ടായിരുന്നു.
ടി.ടി.ആര്‍ തടഞ്ഞുവെച്ചതിന് പിന്നാലെയാണ് കന്യാസ്ത്രീകള്‍ അറസ്റ്റിലായത്. ഇതിനിടെ ടി.ടി.ആര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ചത്. പിന്നാലെ കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും ചെയ്തു. തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Content Highlight: Court finds no evidence against kerala nuns; But bail conditions too strict