സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും പലപ്പോഴും ലോബിയിങ്ങാണെന്ന് പറയുകയാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍. അര്‍ഹതയുള്ളവര്‍ക്കല്ല കിട്ടുന്നതെന്ന് പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും ആര്‍ക്ക് അവാര്‍ഡ് നല്‍കണമെന്ന് ആദ്യമേ ജൂറിയും ബാക്കിയുള്ളവരും തീരുമാനിക്കാറുണ്ടെന്നും രൂപേഷ് പറയുന്നു.
ദേശീയ അവാര്‍ഡിന്റെ കാര്യത്തില്‍ പലപ്പോഴും ഇത് നടക്കാറുണ്ടെന്നും രണ്ട് പേര്‍ക്ക് അവാര്‍ഡ് കൊടുക്കേണ്ടി വരുന്നത് ഈയൊരു കാരണം കൊണ്ടാണെന്നും താരം കൂട്ടിച്ചേര്‍ത്തു. കേരളത്തിലും ഇത്തരത്തില്‍ ലോബിയിങ്ങ് നടന്നിട്ടുണ്ടെന്നും 10 വര്‍ഷത്തിനിടയില്‍ അങ്ങനെയൊരു സംഭവം താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും രൂപേഷ് പറഞ്ഞു.
‘ആ സിനിമയുടെ പേര് ഞാന്‍ പറയില്ല. അത് നിങ്ങള്‍ തന്നെ കണ്ടുപിടിക്ക്. ഭരിക്കുന്ന പാര്‍ട്ടിക്കാരുടെ അടുത്ത സുഹൃത്താണ് നായകന്‍. അപ്പോള്‍ പുള്ളി മിനിസ്റ്ററോട് ‘എന്താടോ, നമ്മക്കൊന്നും അവാര്‍ഡില്ലേ’ എന്ന് ചോദിച്ചു. പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കാന്‍ സാധ്യത കുറവാണ്. ആ നടന്‍ അഭിനയിച്ച സിനിമക്ക് മികച്ച നടന്‍, നടി, സംവിധായകന്‍ തുടങ്ങി എല്ലാവര്‍ക്കും സ്റ്റേറ്റ് അവാര്‍ഡ് കൊടുത്തു.
ആ പടത്തിന്റെ പ്രൊഡ്യൂസര്‍മാരില്‍ ഒരാള്‍ ആക്ടറാണ്. അയാള്‍ക്ക് മാത്രമായി അവാര്‍ഡ് കൊടുക്കാന്‍ പറ്റാത്തതുകൊണ്ട് വേറൊരു സിനിമയിലെ അഭിനയത്തിന് അവാര്‍ഡ് കൊടുത്തു. അങ്ങനെ ആ പടത്തിലെ എല്ലാ ടീമിനും അവാര്‍ഡ് കൊടുത്തിട്ടുണ്ട്. സിനിമയുടെ പേരോ ഇറങ്ങിയ വര്‍ഷമോ ഞാന്‍ പറയില്ല. ഈ പറഞ്ഞത് വെച്ച് നിങ്ങള്‍ക്ക് സിനിമ ഏതാണെന്ന് കണ്ടുപിടിക്കാന്‍ പറ്റും,’ രൂപേഷ് പീതാംബരന്‍ പറയുന്നു.
രൂപേഷിന്റെ അഭിമുഖം വൈറലായതിന് പിന്നാലെ ഏതാണ് ആ സിനിമയെന്ന തരത്തില്‍ പല ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലിയാണ് ആ ചിത്രമെന്ന് പലരും അഭിപ്രായപ്പെടുന്നു. 2015ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് സംസ്ഥാന അവാര്‍ഡില്‍ എട്ട് പുരസ്‌കാരങ്ങളായിരുന്നു ലഭിച്ചത്.
മികച്ച നടന്‍, നടി, സംവിധായകന്‍, ഛായാഗ്രഹകന്‍, തിരക്കഥ (ഒറിജിനല്‍), സൗണ്ട് മിക്‌സിങ്, കളറിങ് ലാബ്, ആര്‍ട്ട് ഡയറക്ഷന്‍ എന്നിങ്ങനെയാണ് ചാര്‍ലിക്ക് ലഭിച്ച സംസ്ഥാന അവാര്‍ഡുകള്‍. ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍ ജോജു ജോര്‍ജായിരുന്നു. ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജോജുവിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിട്ടുണ്ട്. രൂപേഷിന്റെ ഈ വെളിപ്പെടുത്തല്‍ വലിയ തരത്തിലുള്ള ചര്‍ച്ചകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ വഴിവെച്ചിരിക്കുന്നത്.
Content Highlight: Charlie movie has been discussion after Roopesh Peethambaran’s interview gone viral