മലയാളികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് എമ്പുരാന്‍. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍, ഇപ്പോള്‍ എമ്പുരാന്റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ സ്വീകരിക്കുന്നത്.
മാര്‍ച്ച് 27ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓരോന്നായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെ വീതമാണ് പരിചയപ്പെടുത്തുന്നത്. 18 ദിവസം കൊണ്ട് 36 കഥാപാത്രങ്ങളെയാണ് അണിയറപ്രവര്‍ത്തകര്‍ പരിചയപ്പെടുത്തുന്നത്.
എമ്പുരാനിലെ 24ാമത്തെ കഥാപാത്രമായി പരിചയപ്പെടുത്തിയത് ബോളിവുഡ് നടി നയന്‍ ഭട്ടിനെയാണ്. സുരയ്യ ബിബി എന്ന കഥാപാത്രമായാണ് നയന്‍ ഭട്ട് എത്തുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സായിദ് മസൂദിന്റെ അമ്മയാണ് സുരയ്യ ബിബി. തന്റെ കഥാപാത്രത്തെ കുറിച്ചും പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ചും വീഡിയോയില്‍ നയന്‍ ഭട്ട് സംസാരിച്ചു.
‘നമസ്‌ക്കാരം, എന്റെ പേര് നയന്‍ ഭട്ട്. മസൂദിന്റെ അമ്മയുടെ വേഷമാണ് ഞാന്‍ എമ്പുരാനില്‍ ചെയ്യുന്നത്. വളരെ സ്‌ട്രോങ്ങ് ആയിട്ടുള്ള ലേഡിയാണ്. ജീവിതത്തില്‍ വളരെയേറെ കഷ്ടതകളിലൂടെ കടന്നുപോയ ആളാണ് അവര്‍. അതുകൊണ്ടുതന്നെ അവളുടെ ജീവിത വഴിയില്‍ എന്ത് പ്രശ്‌നം വന്നാലും നിശബ്തയായി അവരതിനെ നേരിടും. അതിന്റെയെല്ലാം വേദന അവളുടെ മുഖത്തും കാണാന്‍ കഴിയും.
അത് കാണിക്കാനായി ആ കഥാപാത്രത്തിനായി ഒരു ദിവസം മൂന്ന് മണിക്കൂറിലധികം മേക്കപ്പ് ചെയ്യാനായി ഞാന്‍ ഇരിക്കാറുണ്ടായിരുന്നു. ഞാന്‍ 55 വര്‍ഷത്തോളമായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഒരുപാട് സംവിധായകരുടെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പക്ഷെ പൃഥ്വിരാജ് സാറിന്റെ കൂടെ വര്‍ക്ക് ചെയ്തത് വളരെ യൂണീക്കായിട്ടുള്ള എക്സ്പീരിയന്‍സായിരുന്നു.
അദ്ദേഹം വളരെ നല്ലൊരു അഭിനേതാവാണ്, അതിനേക്കാള്‍ മികച്ച സംവിധായകനും. ഷൂട്ട് ചെയ്യുമ്പോള്‍ ഞങ്ങള്‍ അനുഭവിച്ച, ജീവിച്ച അതേ ലോകം എക്സ്പീരിയന്‍സ് ചെയ്യാനായി നിങ്ങളും തിയേറ്ററുകളില്‍ വന്ന് ഈ സിനിമ കാണുക,’ നയന്‍ ഭട്ട് പറഞ്ഞു.