ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയാണ് എമ്പുരാന്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനുമായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. മാര്‍ച്ച് 27ന് തിയേറ്ററുകളില്‍ എത്തുന്ന സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓരോന്നായി ഇപ്പോള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
പ്രശസ്ത ഇംഗ്ലീഷ് നടനും ഗായകനുമായ ജെറോം ഫ്‌ലിന്നിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ബോറിസ് ഒലിവര്‍ എന്ന കഥാപാത്രത്തെയാണ് ജെറോം ഫ്‌ലിന്‍ എമ്പുരാനില്‍ അവതരിപ്പിക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സ് എന്ന സീരീസിലെ ബ്രോണ്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ജെറോം ഫ്‌ലിന്‍.
‘ബോറിസ് ഒലിവര്‍ എന്ന കഥാപാത്രമായാണ് ഞാന്‍ എമ്പുരാനില്‍ എത്തുന്നത്. എങ്ങനെയാണ് ഈ ചിത്രത്തിലേക്ക് ഞാന്‍ എത്തിയതെന്നതിനെ കുറിച്ച് എനിക്ക് വ്യക്തമായി ഓര്‍മയില്ല. പക്ഷെ ഞാന്‍ ഈ സിനിമയില്‍ ഒരു ഭാഗമായി എന്നതില്‍ എനിക്കൊരുപാട് സന്തോഷമുണ്ട്. അമേരിക്കയിലോ ബ്രിട്ടനിലോ സിനിമ ചെയ്യുന്നതിനേക്കാള്‍ മൊത്തമായും വ്യത്യസ്തമായ അനുഭവമാണ് ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായത്.
മോളിവുഡ് സിനിമകളുടെ കള്‍ച്ചറിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും അറിയാന്‍ കഴിഞ്ഞതിലും ഞാന്‍ സന്തോഷവാനാണ്. എന്റെ യാത്രയില്‍ ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ആത്മീയമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് എന്റെ ഇരുപതുകളിലും മുപ്പതുകളിലും ഞാന്‍ പലതവണ ഇന്ത്യയിലേക്ക് വരുകയും പോകുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയില്‍ ആ സമയമെല്ലാം എന്റെ ജീവിതത്തില്‍ നല്ല രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ വീട്ടിലേക്ക് മടങ്ങി വരുന്ന അനുഭവമായിരുന്നു. സെറ്റിലെ വൈബെല്ലം നല്ല രസമായിരുന്നു. എനിക്ക് എമ്പുരാനില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ്. കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല,’ ജെറോം ഫ്‌ലിന്‍ പറയുന്നു.