ദുല്‍ഖറിന്റെ അടുത്ത് എനിക്കങ്ങനെ പറ്റില്ല, പക്ഷേ മമ്മൂക്കയാണെങ്കില്‍ പറ്റും: ചന്തു സലിംകുമാര്‍
Malayalam Cinema
ദുല്‍ഖറിന്റെ അടുത്ത് എനിക്കങ്ങനെ പറ്റില്ല, പക്ഷേ മമ്മൂക്കയാണെങ്കില്‍ പറ്റും: ചന്തു സലിംകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd August 2025, 7:37 pm

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ചന്തു സലിംകുമാര്‍. മലയാളത്തിന്റെ പ്രിയ നടന്‍ സലിംകുമാറിന്റെ മകന്‍ കൂടിയായ അദ്ദേഹം, മഞ്ഞുമ്മല്‍ ബോയ്സ്എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. തുടര്‍ന്ന് ടൊവിനോ തോമസ് നായകനായ നടികര്‍, ഇടിയന്‍ ചന്തു, പൈങ്കിളി തുടങ്ങിയ സിനിമകളിലും ചന്തു അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് ചന്തു സലിംകുമാര്‍. മമ്മൂട്ടിയുടെ അടുത്ത് തനിക്ക് കുറച്ച് സ്വാതന്ത്ര്യം ഉണ്ടെന്നും എന്നാല്‍ ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത് അങ്ങനെയല്ലെന്നും ചന്തു പറഞ്ഞു. ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്തുവും മമ്മൂട്ടിയും നല്ല ഫ്രണ്ട്‌സ് ആണെന്ന് ഇന്റര്‍വ്യൂവില്‍ നസ്ലെനും ഇടക്ക് പറയുന്നുമുണ്ട്.

‘എനിക്ക് ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത് അങ്ങോട്ട് പോയി സംസാരിക്കാന്‍ പറ്റുമെന്നൊന്നും അറിയില്ല. ഞാന്‍ അവിടെ ചെന്നാലും അകലെ പോയി മാറിനില്‍ക്കും. പക്ഷേ മമ്മൂക്കയാണെങ്കില്‍ എനിക്ക് പോകാന്‍ പറ്റും. എനിക്ക് തോന്നുന്നത് അങ്ങനെ എനിക്ക് പോകാന്‍ പറ്റുന്നത് മമ്മൂക്കയുടെ അടുത്ത് മാത്രമാണെന്നാണ്,’ ചന്തു സലിംകുമാര്‍ പറഞ്ഞു.

പണ്ട് താന്‍ ദുല്‍ഖര്‍ സല്‍മാനെ കാണാന്‍ വേണ്ടി ഒരു യമണ്ടന്‍ പ്രേമകഥ സിനിമയുടെ ലൊക്കേഷനില്‍ പോയിരുന്നുവെന്നും അന്ന് അവിടെ വെച്ചാണ് സൗബിന്‍ ഷാഹിര്‍ തന്നെ ശ്രദ്ധിക്കുന്നതെന്നും ചന്തു പറഞ്ഞിരുന്നു. അന്ന് ദുല്‍ഖറിനെ കാണാന്‍ പോയതുകൊണ്ടാകാം തനിക്ക് മഞ്ഞുമ്മല്‍ ബോയ്‌സില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതെന്നും ചന്തു കൂട്ടിച്ചേര്‍ത്തു.

അതേസമയം ചന്തു ഭാഗമാകുന്ന ഏറ്റവും പുതിയ സിനിമയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച് ഓണം റിലീസായ തീയേറ്ററുകളില്‍ എത്തുന്ന ചിത്രമാണ് ഇത്. കല്യാണി പ്രിയദര്‍ശനും നസ്ലെനുമാണ് സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. മൂന്ന് സിനിമകളുള്ള സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായാണ് ലോകഃ ഒരുങ്ങുന്നത്. മലയാളത്തിലെ ആദ്യത്തെ വുമണ്‍ സൂപ്പര്‍ഹീറോ ചിത്രമെന്ന പ്രത്യേകതയും ലോകക്കുണ്ട്.

Content Highlight: Chandu Salimkumar Talks About Mammootty