അന്നത്തെ യാത്രയില്‍ നസ്‌ലെന്‍ അവന്റെ കഷ്ടപ്പാടുകളെക്കുറിച്ച് എന്നോട് സംസാരിച്ചു, മറ്റുള്ളവര്‍ക്കറിയാത്ത ഒരു നസ്‌ലെനുണ്ടെന്ന് അപ്പോള്‍ മനസിലായി: ചന്തു സലിംകുമാര്‍
ബെംഗളൂരുവിലെ ഷെഡ്യൂളിനായി കൊച്ചിയില്‍ നിന്ന് ഡ്രൈവ് ചെയ്ത് പോകാമെന്ന് അരുണ്‍ കുര്യനും താനും ആദ്യം തീരുമാനിച്ചെന്ന് ചന്തു സലിംകുമാര്‍ പറഞ്ഞു. നസ്‌ലെന്‍ ആദ്യം ഇല്ലെന്ന് പറഞ്ഞെന്നും പിന്നീട് കൂടെ വരാമെന്ന് സമ്മതിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവസാനനിമിഷം അരുണ്‍ പ്ലാനില്‍ നിന്ന് പിന്മാറിയെന്നും പിന്നാലെ താനും പ്ലാന്‍ ഉപേക്ഷിച്ചെന്നും ചന്തു പറയുന്നു.
‘ഞാനും അരുണും ഫ്‌ളൈറ്റെടുത്തു. പക്ഷേ, നസ്‌ലെന്‍ ഒറ്റക്ക് കൊച്ചിയില്‍ നിന്ന് ബാംഗ്ലൂര്‍ വരെ ഡ്രൈവ് ചെയ്തു. ഞങ്ങള്‍ക്ക് അപ്പോള്‍ കുറ്റബോധം തൊന്നി. ബാംഗ്ലൂരില്‍ ഒരുമാസത്തിനടുത്ത് ഷൂട്ടുണ്ടായിരുന്നു. അത് കഴിഞ്ഞ് തിരിച്ച് കൊച്ചിയിലേക്ക് പോകാന്‍ നേരം ഞാന്‍ നസ്‌ലെന്റെ കൂടെക്കൂടി. അവനെ ഒറ്റക്കാക്കണ്ട എന്ന് ഞാന്‍ തീരുമാനിച്ചു.
അങ്ങനെ ഞങ്ങള്‍ രണ്ടും ബാംഗ്ലൂരില്‍ നിന്ന് കൊച്ചി വരെ ഡ്രൈവ് ചെയ്തു. അന്നാണ് നസ്‌ലെന്‍ അവന്റെ കഥകള്‍ എന്നോട് പറഞ്ഞത്. എന്റെ കഥകള്‍ ഞാന്‍ അവനോട് പറഞ്ഞു. പ്രേക്ഷകര്‍ കാണുന്ന നസ്‌ലെനല്ല, പിന്നില്‍ വേറൊരു നസ്‌ലെനുണ്ട്. അവന്‍ സിനിമയില്‍ വരാനുണ്ടായിരുന്ന സാഹചര്യങ്ങളൊക്കെ എന്നോട് സംസാരിച്ചു.
വെറുതേ കോളേജില്‍ പോയി ഒരുത്തനെ പിടിച്ച് സിനിമയില്‍ നിര്‍ത്തിയതൊന്നുമല്ല. അതിന്റെ പിന്നില്‍ വേറെയും കഥകളുണ്ട്. പക്ഷേ, അതൊന്നും എല്ലാവരോടും പറഞ്ഞ് നടക്കാന്‍ അവന് താത്പര്യമില്ല. അവനെക്കുറിച്ച് ആളുകള്‍ എന്താണോ ചിന്തിച്ച് വെച്ചിരിക്കുന്നത്, അത് മെയിന്റെയിന്‍ ചെയ്യുക എന്ന് മാത്രമേ അവനുള്ളൂ. അവന്‍ വരുന്ന സമയത്ത് ഒരുപാട് കഷ്ടപ്പാടുണ്ടായിരുന്നെന്നും പ്രയാസമുണ്ടായിരുന്നെന്നും പറഞ്ഞുനടക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഞാനും അവനും തമ്മിലുള്ള ഒരു ബോണ്ട് തുടങ്ങിയത് അന്നാണ്,’ ചന്തു സലിംകുമാര്‍ പറയുന്നു.
ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണ് ലോകഃ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് അധികം വൈകാതെ ആരംഭിക്കും. ടൊവിനോ തോമസാണ് ചാപ്റ്റര്‍ 2വിലെ നായകന്‍.
Content Highlight: Chandu Salimkumar shares his bond with Naslen while the shooting of Lokah movie