മലയാളികളുടെ പ്രിയ നടനാണ് ചന്തു സലിം കുമാര്‍. ലോക ചാപ്റ്റര്‍:1 ചന്ദ്രയിലൂടെ വീണ്ടും ഒരു ഗംഭീര കഥാപാത്രവുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് ചന്തു.
കരിയറില്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നൊക്കെ വേറിട്ടു നില്‍ക്കുന്ന കഥാപാത്രമാണ് ലോകയിലേതെന്ന് പറയുകയാണ് ചന്തു. ഇത്രയും കാലം കള്ളിമുണ്ടുടുക്കുന്ന കഥാപാത്രങ്ങളായിരുന്നു ചെയ്തിരുന്നതെങ്കില്‍ ഈ സിനിമയില്‍ അല്‍പം റിച്ചാണെന്ന് താരം പറയുന്നു.
ബ്രാന്‍ഡഡ് ആയിട്ടുള്ള വസ്ത്രങ്ങളും ഷൂസുകളും എല്ലാം ഇട്ട് അഭിനയിക്കുമ്പോഴുള്ള ആവേശം ഒന്ന് വേറെ തന്നെയായിരുന്നെന്നും ക്രഡിറ്റ് കാര്‍ഡൊക്കെ ഒരു സിനിമയില്‍ ഉപയോഗിക്കാന്‍ പറ്റുന്നത് ആദ്യമാണെന്നും താരം പറഞ്ഞു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു ചന്തു സലിം കുമാര്‍.
‘അത്യാവശ്യം തരക്കേടില്ലാത്ത ഫാമിലി ബാക് ഗ്രൗണ്ടില്‍ നിന്നുള്ളൊരാളായി അഭിനയിക്കാന്‍ കഴിഞ്ഞു എന്നതാണ് ഇതുവരെയുള്ള സിനിമകളില്‍ നിന്നും ഇതില്‍ വ്യത്യസ്തമായി തോന്നിയത്.
അതൊരു എക്‌സൈറ്റ്‌മെന്റായിരുന്നു. കുറച്ചു കാശുള്ള റിച്ച് കിഡ്‌സ് ആയിട്ടാണ് നമ്മള്‍ എല്ലാവരും അഭിനയിക്കുന്നത്. കള്ളിമുണ്ടില്‍ നിന്നും ബ്രാന്‍ഡെഡിലേക്കുള്ള മാറ്റാമെന്ന് പറയാം.
ഇത്ര റിച്ചായിട്ട് ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. എനിക്ക് ക്രെഡിറ്റ് കാര്‍ഡൊക്കെ ഉപയോഗിക്കാന്‍ കിട്ടുന്നതൊക്കെ ആദ്യമായിട്ടാണ്.
മഞ്ഞുമ്മലിലാണെങ്കില്‍ പോലും സാധാരണ ജീവിതം നയിക്കുന്ന കഥാപാത്രങ്ങളാണ് നമ്മളെല്ലാവരും. അതുകൊണ്ട് തന്നെ ലോകയില്‍ ബ്രാന്‍ഡഡ് ആയിട്ടുള്ള വസ്ത്രങ്ങളും ഷൂസുകളും എല്ലാം ഇടനായുള്ള ഒരു ആവേശം എനിക്കുണ്ടായിരുന്നു’, ചന്തു പറയുന്നു.
ആളുകള്‍ക്ക് ഇഷ്ട്ടപെടുന്ന ഒരു കഥാപാത്രമായി അഭിനയിക്കുന്നത് ആദ്യമായിട്ടായിരിക്കുമെന്നും താരം പറഞ്ഞു.
‘മഞ്ഞുമ്മലില്‍ കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരാളായിട്ടായിരുന്നു എന്റെ കഥാപാത്രം. മറ്റു കഥാപാത്രങ്ങളിലും ഓരോ ഇടംകോലുള്ള കഥാപാത്രങ്ങള്‍ ആയിരിക്കും. ഈ സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഒരു ഇഷ്ട്ടം തോന്നുമെന്ന് പ്രതീക്ഷിക്കാം.
കറക്ട് സ്വഭാവത്തിനനുസരിച്ചുള്ള കഥാപാത്രങ്ങളാണ് എനിക്ക് വരുന്നത്. എന്നെ ശരിക്കും അറിയാവുന്നവര്‍ തന്നെയാണ് എന്നെ അഭിനയിപ്പിക്കുന്നത്. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതും ഒരു രസമാണ്.
ആള്‍ക്കാര്‍ക്ക് ഇഷ്ട്ടപ്പെടാത്ത കഥാപാത്രങ്ങള്‍ ചെയ്ത് അത് ഇഷ്ട്ടപെടുത്തുക എന്നത് കുറച്ച് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പൈങ്കിളിയിലെ കുഞ്ഞായി എന്ന കഥാപാത്രത്തിന് അത്തരമൊരു പ്രതികരണം കിട്ടിയിരുന്നു. ‘എന്നാലും നീ ആ സുഗുനോട് ചെയ്തത് ഭയങ്കര മോശായിപോയിട്ടോ’ എന്നൊക്കെ ചിലര്‍ പറഞ്ഞു,’ ചന്തു പറയുന്നു.
നസ്‌ലെനുമായുള്ള സൗഹൃദത്തെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. ‘നസ്‌ലെനും അരുണുമൊക്ക എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഫ്രണ്ട്ഷിപ്പിന് വലിയ വാല്യു നല്‍കുന്ന ആളാണ് ഞാന്‍. ഇപ്പോഴും ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് തൊട്ടുള്ള ഫ്രണ്ട്‌സാണ് എനിക്കൊപ്പമുള്ളത്.
അതിലേക്ക് പുതിയതായി ആളുകള്‍ വരുന്നു എന്നേയുള്ളൂ.
മഞ്ഞുമ്മലിലൂടെയും പ്രേമലുവിലൂടെയും എന്തൊക്കെ നേടാന്‍ എനിക്കും നസ്‌ലെനും കഴിഞ്ഞോ അതൊക്കെ ഈ ഒരു സിനിമ കൊണ്ട് നേടാന്‍ കഴിയട്ടെയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്,’ ചന്തു പറഞ്ഞു.
Content Highlight: Chandu Salim kumar about his new movie and Character and Expectation