മോഹന്‍ലാല്‍ മീന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി 2005 ല്‍ തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു ചന്ദ്രോത്സവം. മോഹന്‍ലാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കണ്ട ചിത്രത്തിന് അന്ന് വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

അന്നത്തെ തന്റെ പ്രായത്തില്‍ മോഹന്‍ലാല്‍ ആരാധകനായിരുന്ന തന്നെ തൃപ്തിപ്പെടുത്തുന്ന പടമായിരുന്നില്ല ചന്ദ്രോത്സവം എന്ന് പറയുകയാണ് നടന്‍ ആസിഫ് അലി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ സിനിമ തനിക്ക് ആസ്വദിക്കാനായെന്നും താരം പറയുന്നു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.

‘തൊടുപുഴയില്‍ നിന്ന് ബസ് കയറി മൂവാറ്റുപുഴ വന്നാണ് ഞങ്ങള്‍ ചന്ദ്രോത്സവം കണ്ടത്. തൊടുപുഴ ടിക്കറ്റ് കിട്ടാത്തതുകൊണ്ടാണ് നമ്മള്‍ മോഹന്‍ലാല്‍ ഫാന്‍സ് എല്ലാവരും കൂടി ബസ് കയറി മൂവാറ്റുപുഴയ്ക്ക് വരുന്നത്.

ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ ഉളള ഷോയുടെ ടിക്കറ്റ് സോള്‍ഡ് ഔട്ട് ആയി. അങ്ങനെ അവിടെ ക്യൂവില്‍ നിന്ന് അടുത്ത ഷോയ്ക്കുള്ള ടിക്കറ്റെടുത്തൊക്കൊയാണ് കയറിയത്. നല്ല മഴയൊക്കെയുണ്ടായിരുന്നു. ആ മഴ കഴിഞ്ഞിട്ട് നമ്മള്‍ അകത്ത് കയറി ഷര്‍ട്ടൊക്കെ ഊരി സിനിമ കണ്ടത് ഓര്‍മയുണ്ട്.

ആസിഫ് അലി. Photo. Screen Grab/ Youtube

ചന്ദ്രോത്സവം അന്ന് തിയേറ്ററില്‍ കാണുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നൊരു സിനിമയായിരുന്നില്ല അത്. അന്നത്തെ എന്റെ പ്രായത്തിനും പക്വതയ്ക്കും ഞാന്‍ ആസ്വദിക്കുന്ന രീതിയ്ക്കും ചന്ദ്രോത്സവം ഞാന്‍ വിചാരിച്ച രീതിയിലുള്ള ഒരു സിനിമയായില്ല.

ഞങ്ങള്‍ക്കത് ഭയങ്കര ഷോക്കായിരുന്നു. ഞങ്ങള്‍ വേറൊരു സിനിമയായിരുന്നു പ്രതീക്ഷിച്ചത്. ഒരുപാട് നാള്‍ കഴിഞ്ഞ് ഈയടുത്ത കാലത്ത് ആ സിനിമ കാണുമ്പോള്‍ എന്തുകൊണ്ടാണ് അത് അന്ന് ഇഷ്ടമാകാതിരുന്നത് എന്ന് തോന്നിയിട്ടുണ്ട്,’ ആസിഫ് പറഞ്ഞു.

ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പാരീസില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്ന ശ്രീഹരിയുടെ കഥയാണ് ചിത്രം പറയുന്നത്. പഴയ പ്രണയവും സൗഹൃദങ്ങളും തെറ്റിദ്ധാരണകളും ജീവിതത്തില്‍ അവശേഷിച്ച കണക്കുകളും തീര്‍ക്കാനാണ് ശ്രീഹരിയുടെ മടക്കം.

ഇന്ദുലേഖയുമായുള്ള പ്രണയവും അവരുടെ ജീവിതത്തിലുണ്ടായ സങ്കീര്‍ണതകളും ശ്രീഹരിയുടെ മടങ്ങിവരവിന് പിന്നിലെ കാരണങ്ങളുമൊക്കെയാണ് സിനിമയുടെ കഥയില്‍ നിര്‍ണായകമായത്.

മോഹന്‍ലാലിന്റെ പതിവ് മാസ് കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി വൈകാരിക തലങ്ങളുള്ള ഒരു കഥാപാത്രമായിരുന്നു ശ്രീഹരി. എന്നാല്‍ റിലീസ് സമയത്ത് പ്രേക്ഷകരില്‍നിന്ന് പ്രതീക്ഷിച്ച സ്വീകരണം നേടാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. പിന്നീട് ടെലിവിഷന്‍ സംപ്രേഷണങ്ങളിലൂടെ സിനിമയ്ക്ക് കൂടുതല്‍ പ്രേക്ഷകരുണ്ടാകുകയും ചിത്രം വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിക്കുകയുമായിരുന്നു.

Content Highlight: Chandrolsavam Disappointed Us Back Then; We Were Shocked After Watching It, Asif Ali