അച്ഛനിരിക്കുമ്പോള്‍ എങ്ങനാ ലിപ്‌ലോക്ക് സീന്‍ ചെയ്യുന്നത് എന്ന് വിജയ് ചോദിച്ചു, ഉടനെ ഞാന്‍ അവിടെ നിന്നും ഒരു കിലോ മീറ്റര്‍ ദൂരെ പോയി: എസ്.എ ചന്ദ്രശേഖര്‍
Film News
അച്ഛനിരിക്കുമ്പോള്‍ എങ്ങനാ ലിപ്‌ലോക്ക് സീന്‍ ചെയ്യുന്നത് എന്ന് വിജയ് ചോദിച്ചു, ഉടനെ ഞാന്‍ അവിടെ നിന്നും ഒരു കിലോ മീറ്റര്‍ ദൂരെ പോയി: എസ്.എ ചന്ദ്രശേഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th May 2022, 9:22 am

തെന്നിന്ത്യന്‍ സിനമയില്‍ ഇന്ന് ഏറ്റവുമധികം മാര്‍ക്കറ്റ് വാല്യൂ ഉള്ള താരമാണ് വിജയ്. സംവിധായകന്‍ കൂടിയായ അച്ഛന്‍ എസ്.എ ചന്ദ്രശേഖറിന്റെ സിനിമയില്‍ ബാലതാരമായാണ് അദ്ദേഹം അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് വലുതായപ്പോള്‍ മകനെ നായകനാക്കിയും ചന്ദ്രശേഖര്‍ നിരവധി ചിത്രങ്ങള്‍ എടുത്തു. ഇതില്‍ സെന്തൂരപാണ്ഡി എന്ന ചിത്രത്തിനിടക്കുണ്ടായ ഒരു രസകരമായ സംഭവം തുറന്ന് പറയുകയാണ് ചന്ദ്രശേഖര്‍.

വിജയും വിജയകാന്തും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ നായികയായ യുവവാഹിനിയുമായി ഒരു ലിപ് ലോക്ക് രംഗമുണ്ടായിരുന്നു എന്നും എന്നാല്‍ തന്റെ സാന്നിധ്യത്തില്‍ ഇത് ഷൂട്ട് ചെയ്യാന്‍ വിജയ് മടിച്ചു എന്നും ചന്ദ്രശേഖര്‍ പറയുന്നു.

ഇന്ത്യാ ഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘രസികന്‍ എന്ന സിനിമ ഇറങ്ങികഴിഞ്ഞ് എല്ലാവരും എന്നെ വഴക്ക് പറഞ്ഞു. ആ ചിത്രത്തില്‍ നിരവധി ഇന്റിമേറ്റ് രംഗങ്ങളുണ്ടായിരുന്നു. മകനെ വെച്ച് ഇങ്ങനെയാണോ സിനിമ എടുക്കുന്നത് എന്ന് ചോദിച്ചു. ഭയങ്കരമായി വിമര്‍ശനങ്ങള്‍ വന്നു. എന്നാല്‍ ഞാന്‍ അതൊന്നും വലിയ കാര്യമാക്കിയില്ല.

സെന്തൂരപാണ്ഡി എന്ന ചിത്രത്തില്‍ ഒരു ലിപ് കിസ് സീനുണ്ടായിരുന്നു. അത് എടുക്കുമ്പോഴൊന്നും തീരെ ശരിയായിരുന്നില്ല. യാന്ത്രികമായി ചെയ്യുന്നത് പോലെ തോന്നി. അത്രയും ഇന്‍വോള്‍വ്‌മെന്റോടെ ചെയ്താലേ അത് ശരിയായി വരുകയുള്ളൂ.

എന്താടാ ഈ ചെയ്യുന്നത്, എത്ര പ്രാവിശ്യം പറഞ്ഞ് തരണമെന്ന് ഞാന്‍ പറഞ്ഞു. ഉടനെ വിജയ് രംഗനാഥന്‍ എന്ന എന്റെ അസിസ്റ്റന്റ് ഡയറക്ടറിനെ വിളിച്ചു. അച്ഛന്‍ നിന്ന് ലിപ്‌ലോക്ക് ചെയ്യാന്‍ പറഞ്ഞാല്‍ ഞാനെങ്ങനാ ചെയ്യുന്നത് എന്ന് ചോദിച്ചു.

രംഗനാഥന്‍ വന്ന് എന്നോട് പറഞ്ഞപ്പോഴാണ് ഇതിനെ പറ്റി ഞാനും ആലോചിക്കുന്നത്. രംഗനാഥനോട് ആ ഷോട്ട് എടുക്കാന്‍ പറഞ്ഞിട്ട് ഞാന്‍ ഒരു കിലോമീറ്ററോളം നടന്നു പോയി. ഞാന്‍ പോയതിന് ശേഷമാണ് ഈ രംഗം എടുത്തത്,’ ചന്ദ്രശേഖര്‍ പറഞ്ഞത്.

Content Highlight: Chandrasekhar reveals an interesting incident with vijay during the movie Senthurapandi