ലോകേഷിനെയും ശ്രുതി ഹാസനെയും കണ്ടപ്പോള്‍ എനിക്കൊന്നും മിണ്ടാനായില്ല: ചന്തു സലിംകുമാര്‍
Indian Cinema
ലോകേഷിനെയും ശ്രുതി ഹാസനെയും കണ്ടപ്പോള്‍ എനിക്കൊന്നും മിണ്ടാനായില്ല: ചന്തു സലിംകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th August 2025, 2:30 pm

2024ല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയിലൂടെ വലിയ ശ്രദ്ധ നേടിയ നടനാണ് ചന്തു സലിംകുമാര്‍. ചിത്രത്തിലെ അഭിലാഷ് എന്ന കഥാപാത്രം ചന്തുവിന് വലിയ റീച്ച് നേടിക്കൊടുത്തിരുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സില്‍ നടന്‍ സൗബിന്‍ ഷാഹിറും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ലോകേഷ് കനകരാജ് ചിത്രമായ കൂലിയിലൂടെ സൗബിന്‍ എല്ലാവരെയും ഞെട്ടിച്ചതിനെ കുറിച്ചും താന്‍ ലോകേഷിനെയും ശ്രുതി ഹാസനെയും കണ്ടതിനെ കുറിച്ചും പറയുകയാണ് ചന്തു.

സൗബിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂലിയുടെ എല്ലാ അപ്‌ഡേറ്റുകളും തങ്ങള്‍ക്ക് നല്‍കാറുണ്ടായിരുന്നുവെന്നും നടന്‍ പറയുന്നു. സൗബിന്‍ തങ്ങളോട് എല്ലാ കാര്യങ്ങളും ഷെയറ് ചെയ്തിരുന്നുവെന്നും സൗബിന്‍ ആദ്യമായി സംവിധായകന്‍ ലോകേഷിനെ കാണുമ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നുവെന്നും ചന്തു സലിംകുമാര്‍ പറഞ്ഞു.

‘അന്ന് ലോകേഷിന്റെ അടുത്തേക്ക് ചെന്നിട്ട് എനിക്ക് ഒരു ചാന്‍സ് ചോദിച്ചാല്‍ മതിയായിരുന്നു (ചിരി). എനിക്ക് ചാന്‍സ് ചോദിക്കാന്‍ പേടിയായിരുന്നു. ലോകേഷിനെ കണ്ടപ്പോള്‍ നോക്കി നിന്നതല്ലാതെ ഒന്നും ചോദിക്കാനായില്ല.

ആ സമയത്ത് അവിടെ ശ്രുതി ഹാസനും ഉണ്ടായിരുന്നു. കമല്‍ ഹാസനിലെ ഹാസന്‍ എന്ന പേര് വന്നാല്‍ തന്നെ എനിക്ക് പിന്നെയൊന്നും മിണ്ടാന്‍ സാധിക്കില്ല. ശ്രുതി ഹാസന്റെ അടുത്ത് ചെന്നിട്ട് ഞാന്‍ മിണ്ടാതെ ഇരിക്കുകയായിരുന്നു,’ ചന്തു സലിംകുമാര്‍ പറഞ്ഞു.

തനിക്ക് കമല്‍ ഹാസനെ കാണാന്‍ പോകുമ്പോള്‍ ഒരു മാഷിനെയൊക്കെ കാണാന്‍ പോകുന്ന ഫീലാണെന്നും നടന്‍ പറയുന്നു. എന്നാല്‍ രജിനികാന്ത് തനിക്ക് ഓക്കെയാണെന്നും അദ്ദേഹത്തോട് സംസാരിക്കാന്‍ സാധിക്കുമെന്നും ചന്തു കൂട്ടിച്ചേര്‍ത്തു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തലൈവരോട് സംസാരിക്കുന്നത് എന്റെ അച്ഛനോടൊക്കെ സംസാരിക്കുന്നത് പോലെയാണ്. മമ്മൂക്കയോടും എളുപ്പം സംസാരിക്കാന്‍ സാധിക്കും. എന്നാല്‍ കമല്‍ സാറിന്റെ മുന്നില്‍ അത്ര എളുപ്പമല്ല.

അദ്ദേഹത്തെ കുറിച്ച് എനിക്ക് കൂടുതല്‍ അറിയില്ലല്ലോ. അദ്ദേഹത്തിന് എന്താണ് ഇഷ്ടമെന്നോ അദ്ദേഹത്തിനോട് എന്തൊക്കെയാണ് സംസാരിക്കേണ്ടതെന്നോ നമുക്ക് അറിയില്ല,’ ചന്തു സലിംകുമാര്‍ പറയുന്നു.


Content Highlight: Chandhu Salimkumar Talks About Sruthi Haasan, Lokesh Kanagaraj And Soubin Shahir