കോഴിക്കോട്: ലോക്‌സഭാ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ജാതീയമായി അധിക്ഷേപിച്ച് മുസ്‌ലിം ലീഗിന്റെ നേതാവും സി.എച്ച് സെന്റര്‍ റിയാദ് ചാപ്റ്ററിന്റെ ചെയര്‍മാനുമായ യു.പി. മുസ്തഫ.
‘എന്നെ കെ.പി.സി.സി പ്രസിഡന്റാക്കിയിരുന്നെങ്കില്‍ എന്റെ പഴയ കോളനി മൊത്തമായി ഭരിക്കുമായിരുന്നു,’ എന്ന് കൊടിക്കുന്നില്‍ സുരേഷ് പറയുമെന്ന വിധത്തിലായിരുന്നു യു.പി മുസ്തഫയുടെ പരാമര്‍ശം. സണ്ണി ജോസഫിനെതിരായ കൊടിക്കുന്നിലിന്റെ വിമർശനം സംബന്ധിച്ച വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു പരിഹാസം.
കഴിഞ്ഞ ദിവസം നടന്ന കെ.പി.സി.സി യോഗത്തില്‍, മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ കണ്ണൂര്‍ ജില്ലയുടെ ആകെ പ്രസിഡന്റായിരുന്നുവെന്നും ഇപ്പോഴത്തെ അധ്യക്ഷന്‍ പേരാവൂര്‍ മണ്ഡലത്തിന്റെ മാത്രം അധ്യക്ഷനാണെന്നും കോണ്‍ഗ്രസ് എം.പി പറഞ്ഞിരുന്നു.
എന്നാല്‍ കൊടിക്കുന്നിലിന്റെ പരാമര്‍ശം സണ്ണി ജോസഫിനെ പ്രകോപിതനാക്കുകയും അതൃപ്തി അറിയിക്കുകയും ചെയ്തു. പിന്നാലെ ഒരു മാസം സംസ്ഥാനത്തുടനീളമായി താൻ പങ്കെടുത്ത പരിപാടികളുടെ ലിസ്റ്റ് കൊടിക്കുന്നിലിന് മുമ്പില്‍ സണ്ണി ജോസഫ് അവതരിപ്പിക്കുകയും ചെയ്തു.
തന്റെ പരാമര്‍ശം യോഗത്തില്‍ ചര്‍ച്ചയായതോടെ കൊടിക്കുന്നില്‍ പ്രസ്താവന പിന്‍വലിക്കുകയും ചെയ്തു. അതേസമയം ഒരേ മുന്നണിയിലുള്ള നേതാവിനെയാണ് യു.പി മുസ്തഫ ജാതീയമായി അധിക്ഷേപിച്ചത്.
ഒരേ മുന്നണി എന്നതിനേക്കാള്‍ ഉപരി കേരളത്തിലെ പ്രധാന നേതാക്കളില്‍ ഒരാളും മുന്‍ കേന്ദ്രമന്ത്രി കൂടിയായ കൊടിക്കുന്നില്‍ സുരേഷിനെയാണ് ലീഗ് നേതാവ് അധിക്ഷേപിച്ചിരിക്കുന്നത്.
2012 ഒക്ടോബര്‍ 28ന് നടന്ന രണ്ടാം മന്‍മോഹന്‍ സിങ് മന്ത്രിസഭയുടെ പുനഃസംഘടനയിലാണ് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രിയായി കൊടിക്കുന്നില്‍ സ്ഥാനമേറ്റത്. 2009 മുതല്‍ മാവേലിക്കരയില്‍ നിന്നുള്ള ലോക്‌സഭാംഗവും 2018 മുതല്‍ 2025 മെയ് വരെ കെ.പി.സി.സിയുടെ വര്‍ക്കിങ് പ്രസിഡന്റുമായിരുന്നു കൊടിക്കുന്നില്‍.
നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ പ്രത്യേക ക്ഷണിതാവായ അദ്ദേഹം ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ് പദവിയും വഹിക്കുന്നുണ്ട്. തുടക്കകാലത്ത് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകളുടെ ചുമതലകളും കൊടിക്കുന്നില്‍ വഹിച്ചിട്ടുണ്ട്.
Content Highlight: CH Center Riyadh Chapter Chairman casteistly abuses Kodikunnil