ന്യൂദല്‍ഹി: ലോക്‌സഭയില്‍ വനിതാ സംവരണം നടപ്പിലാക്കാനായി കേന്ദ്ര സര്‍ക്കാര്‍ സീറ്റ് വര്‍ധിപ്പിക്കുന്നു. 2011ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് സീറ്റ് വര്‍ധിപ്പിക്കുക. 273 സീറ്റുകള്‍ വര്‍ധിപ്പിച്ച് വനിതകള്‍ക്കായി സംവരണം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം 543ല്‍ നിന്നും 816 ആയി ഉയര്‍ത്തുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായി പ്രതിപക്ഷത്തെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു എം.പിയാണ് അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തീരുമാനം നടപ്പിലായാല്‍ ലോക്‌സഭയിലെ നിലവിലെ അംഗസംഖ്യ 543-ല്‍ നിന്നും 816 ആയി ഉയരും. ക്വാട്ട നടപ്പിലാക്കുകയും വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഓരോ മൂന്നാമത്തെ സീറ്റുകളും സ്ത്രീകള്‍ക്കായി മാറ്റി വെച്ചേക്കും. ഇത് റോട്ടേഷന്‍ അടിസ്ഥാനത്തില്‍ നിശ്ചയിക്കുമോ അതോ സംവരണം ചെയ്യുകയാണോയെന്ന് വ്യക്തമല്ലെന്നും ചര്‍ച്ചയില്‍ ഇക്കാര്യം വന്നില്ലെന്നും മറ്റൊരു എം.പി പറഞ്ഞു.
നേരത്തെ, വനിതാ സംവരണ നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളോട് ഒരു സമവായത്തിലെത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭയ്‌ക്കൊപ്പം നിയമസഭകളിലെയും അംഗബലം വര്‍ധിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തിങ്കളാഴ്ച പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ച് ബി.ജെ.ഡി, വൈ.എസ്.ആര്‍.സി.പി, എന്‍.സി.പി (എസ്.പി), ശിവസേന (യു.ബി.ടി), എ.ഐ.എം.ഐ.എം എന്നീ പാര്‍ട്ടികളുടെ നേതാക്കളുമായി ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.
കോണ്‍ഗ്രസ്, ടി.എം.സി, ഡി.എം.കെ, എസ്.പി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച പിന്നീട് കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
2011 ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയം നടത്താനും സര്‍ക്കാരിന് ആലോചനയുണ്ട്. എല്ലാ സംസ്ഥാനങ്ങളുടെയും സീറ്റുകളുടെ അനുപാതം നിലവിലുള്ളതുപോലെ തന്നെ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കാനും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇറിയിച്ചു.
വനിതാ സംവരണം യു.പി, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് നടപ്പിലാക്കാനുള്ള സാധ്യത കേന്ദ്രം തേടുകയാണ്.
Content Highlight: Centre prepares for women’s reservation by increasing Lok Sabha seats; 273 additional seats for women