പ്രതിനിധി സംഘതലവനായി കേന്ദ്രം നിയമിച്ചത് തരൂരിനെ; നിര്‍ദേശിച്ചവരില്‍ തരൂരില്ലെന്ന് കോണ്‍ഗ്രസ്
national news
പ്രതിനിധി സംഘതലവനായി കേന്ദ്രം നിയമിച്ചത് തരൂരിനെ; നിര്‍ദേശിച്ചവരില്‍ തരൂരില്ലെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th May 2025, 11:39 am

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള പ്രതിനിധി സംഘതലവനായി എം.പിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ കേന്ദ്രം നിയോഗിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ പേര് കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ്. പട്ടിക കേന്ദ്രം വെട്ടിമാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. കോണ്‍ഗ്രസ് നാല് പേരുടെ പട്ടിക നല്‍കിയിരുന്നുവെന്നും എന്നാല്‍ അതില്‍ ശശി തരൂരിന്റെ പേരില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കിയത്. എക്‌സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

യോഗത്തിനായുള്ള പ്രതിനിധി സംഘത്തെ ശശി തരൂരിനെ കോണ്‍ഗ്രസ് നിര്‍ദേശിച്ചതല്ലെന്നും കേന്ദ്രം സ്വമേധയാ തീരുമാനിച്ചതാണെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്.

മുന്‍ കേന്ദ്ര കാബിനറ്റ് മന്ത്രി ആനന്ദ് ശര്‍മ്മ, ഗൗരവ് ഗൊഗോയ്, ഐ.എന്‍.സി എല്‍.എസ് ഡെപ്യൂട്ടി ലീഡര്‍ ഡോ. സയ്യിദ് നസീര്‍ ഹുസൈന്‍, എം.പി, ആര്‍.എസ്.എസ് രാജ ബ്രാര്‍ എം.പി, എല്‍.എസ്.എസ് എന്നിവരെയാണ് കോണ്‍ഗ്രസ് നിര്‍ദേശിച്ചതെന്നും ജയറാം രമേശ് പറഞ്ഞു.

കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് പ്രസിഡന്റുമായും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായും സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനില്‍ നിന്നുള്ള ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാട് വിശദീകരിക്കാന്‍ വിദേശത്തേക്ക് അയയ്ക്കേണ്ട പ്രതിനിധി സംഘത്തിലേക്ക് നാല് എം.പിമാരുടെ പേരുകള്‍ സമര്‍പ്പിക്കാന്‍ ഐ.എന്‍.സിയോട് ആവശ്യപ്പെട്ടുവെന്നും ജയറാം രമേശ് പറഞ്ഞു.

ഓപറേഷന്‍ സിന്ദൂറിന്റെ ഭാഗമായ വിദേശ പര്യടനത്തിലെ പ്രതിനിധികളുടെ ഒരു സംഘത്തെ ശശി തരൂര്‍ നയിക്കുമെന്നും ഇതിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം തരൂര്‍ സ്വീകരിച്ചുവെന്നും ഇന്നലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഓപ്പറേഷന്‍ സിന്ദൂറിന്റെ ആവശ്യകതയെയും പ്രത്യാഘാതങ്ങളെയും കുറിച്ചുമുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നതിന് വിദേശ രാജ്യങ്ങളുമായും ആഗോള പ്രമുഖരുമായും മാധ്യമങ്ങളുമായും പ്രതിനിധി സംഘം ആശയവിനിമയം നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Content Highlight: Centre appoints Tharoor as head of delegation; Congress says Tharoor not among those nominated