ഗസയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇസ്രഈലിനുമേല്‍ സമ്മര്‍ദം ചെലുത്തണം: സി.പി.ഐ.എം
national news
ഗസയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇസ്രഈലിനുമേല്‍ സമ്മര്‍ദം ചെലുത്തണം: സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th May 2025, 10:18 pm

ന്യൂദല്‍ഹി: ഗസയിലെ ഇസ്രഈല്‍ വംശഹത്യ ഉടന്‍ അവസാനിപ്പിക്കണമെന്ന് സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണത്തില്‍ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നുവെന്നും എം.എ. ബേബി പറഞ്ഞു.

ഗസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. രണ്ട് മാസത്തിലേറെയായി സഹായ ട്രക്കുകളുടെ പ്രവേശനം നിഷേധിച്ച ഇസ്രഈല്‍, ഗസയിലേക്ക് നാമമാത്രമായ ഭക്ഷണം മാത്രമേ അനുവദിച്ചിട്ടുള്ളൂ. തത്ഫലമായി കടുത്ത പട്ടിണിയാണ് ഗസയില്‍ ഉണ്ടായിരിക്കുന്നതെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ പിന്തുണയില്‍ നിന്ന് ഊര്‍ജം നേടിയ ഇസ്രഈല്‍ ഇപ്പോള്‍ ഗസ മുഴുവന്‍ കൈവശപ്പെടുത്തുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും സി.പി.ഐ.എം പറഞ്ഞു. വംശഹത്യാപരമായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വത്തിലുള്ള ഇന്ത്യാ സര്‍ക്കാര്‍ ഇസ്രഈലിന്മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

യുദ്ധക്കുറ്റങ്ങള്‍ക്കും വംശഹത്യയ്ക്കും ഇസ്രഈലി നേതാക്കളെ വിചാരണ ചെയ്യണമെന്ന ആവശ്യത്തില്‍ ഇന്ത്യ പങ്കുചേരണമെന്നും സി.പി.ഐ.എം പറഞ്ഞു. കൂടാതെ 1967ന് മുമ്പുള്ള അതിര്‍ത്തികള്‍ പാലിച്ച് കിഴക്കന്‍ ജെറുസലേം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രത്തിനായുള്ള ന്യായമായ ആവശ്യത്തില്‍ ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം ആവര്‍ത്തിക്കുന്നുവെന്നും സി.പി.ഐ.എം അറിയിച്ചു.

‘2025 ഏപ്രിലില്‍ മാത്രം ഇസ്രഈലി വ്യോമ, കര ആക്രമണങ്ങളില്‍ 2,037 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 200ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടു. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ആകെ 53,384 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്, അവരില്‍ 94 ശതമാനം സാധാരണക്കാരായിരുന്നു. 51 ശതമാനം കുട്ടികളും 16 ശതമാനം സ്ത്രീകളും എട്ട് ശതമാനം പ്രായമായവരുമാണ്,’ സി.പി.ഐ.എം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് പ്രത്യാക്രമണം നടത്തിയതിന് പിന്നാലെയാണ് ഗസയിലെ യുദ്ധം ആരംഭിച്ചത്.

ആക്രമണത്തിന്റെ ആദ്യഘട്ടം മുതല്‍ക്കെ ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി.പി.ഐ.എം പ്രതികരിക്കുകയും വെടിനിര്‍ത്തലിനായി ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുമുണ്ട്. കേരളത്തിലുള്‍പ്പെടെ ചെറുതും വലുതുമായ ഫലസ്തീന്‍ അനുകൂല പരിപാടികളും സി.പി.ഐ.എം പ്പിക്കാറുണ്ട്.

സമാനമായ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് കോൺഗ്രസ്, മുസ്‌ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം അറിയിക്കുന്നുണ്ട്.

Content Highlight: Central government should put pressure on Israel to end genocide in Gaza: CPIM