ന്യൂദല്‍ഹി: രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ വിദേശനിക്ഷേപം 100 ശതമാനമാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെ വിദേശ നിക്ഷേപ(എഫ്.ഡി.ഐ)ത്തിന്റെ പരിധി 74 ശതമാനമായിരുന്നു. ഈ പരിധി എടുത്തുകളഞ്ഞ് 100 ശതമാനമായി ഉയര്‍ത്തിയ ഇന്‍ഷുറന്‍സ് നിയമ ഭേദഗതി ബില്ലിന് വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കി.
സബ്കി ഭീമ സബ്കി രക്ഷ ബില്‍ 2025 എന്ന് പേരിട്ടിരിക്കുന്ന ഇന്‍ഷുറന്‍സ് നിയമങ്ങളുടെ ഭേദഗതി ഇന്‍ഷുറന്‍സ് മേഖലയുടെ വികസനവും വളര്‍ച്ചയും ത്വരിതപ്പെടുത്തുന്നതും ബിസിനസ് ചെയ്യുന്നത് അനായാസമാക്കുന്നതുമാണെന്ന് കേന്ദ്രം അവകാശപ്പെടുന്നു.
വിദേശ നിക്ഷേപം ആകര്‍ഷിക്കുക എന്നതിലൂടെ 2047ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്ന് കേന്ദ്രം അവകാശപ്പെട്ടു. ലോകമെമ്പാടും പതിനായിരക്കണത്തിന് ഇന്‍ഷുറന്‍സ് കമ്പനികളുണ്ട്. അവരിലെ ചെറിയ ശതമാനത്തെ പോലും ആകര്‍ഷിക്കുന്നത് രാജ്യത്ത് വലിയരീതയിലുള്ള മൂലധനം കൊണ്ടുവരാന്‍ സഹായിക്കുമെന്നും കേന്ദ്രം വിശദീകരിക്കുന്നു.
എന്നാല്‍, നിലവില്‍ രാജ്യത്തുണ്ടായിരുന്ന ഇന്‍ഷുറന്‍സ് മേഖലയിലെ എല്ലാ സുരക്ഷാ നിയന്ത്രണങ്ങളും വ്യവസ്ഥകളും എടുത്തുകളയുന്ന ബില്ലിനാണ് കേന്ദ്രം അംഗീകാരം നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെ ഏതൊരു ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കാന്‍ ശേഷിയുള്ളതാണ് ഈ ഭേദഗതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എസ് കേന്ദ്രീകൃതമാണ് കൂടുതല്‍ ഇന്‍ഷുറന്‍സ് കമ്പനികളുമെന്നതിനാല്‍ തന്നെ മോദി സര്‍ക്കാര്‍ യു.എസിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് നിയമത്തില്‍ ഭേദഗതി വരുത്തുന്നതെന്ന വിമര്‍ശനവും ഉയരുന്നു.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ യു.എസ് ഭരണകൂടം 100 ശതമാനം തീരുവ ചുമത്തിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഊര്‍ജിതമായ ഇന്ത്യ-യു.എസ് ഉഭയകക്ഷി വ്യാപാര ചര്‍ച്ചകളുടെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് സൂചന.
ഇന്ത്യന് സമ്പദ് വ്യവസ്ഥ യു.എസ് കമ്പനികള്‍ക്കായി തുറന്നുകൊടുക്കണമെന്ന ഉപാധിയാണ് യു.എസ് മുന്നോട്ട് വെച്ചത്. ഇതേതുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ഇന്‍ഷുറന്‍സ് മേഖലയിലും ആണവ മേഖലയിലും സ്വകാര്യ പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ വിമര്‍ശനം ഉന്നയിച്ചു. ആഭ്യന്തര ഇന്‍ഷുറന്‍സ് മേഖലയെ അസ്ഥിരപ്പെടുത്തുന്നതാണ് ഈ നീക്കം. പോളിസി ഉടമകളുടെ സ്വകാര്യതയെയും സാമ്പത്തിക സുരക്ഷയെയും അപകടത്തിലാക്കുമെന്ന് പി.ബി മുന്നറിയിപ്പ് നല്‍കി.
പൊതുജന ക്ഷേമത്തേക്കാള്‍ വിദേശ നിക്ഷേപകരുടെ വാണിജ്യ താത്പര്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. സാമൂഹിക സുരക്ഷയെയും സാമ്പത്തിക സ്ഥിരതയെയും ഈ നീക്കം ദുര്‍ബലപ്പെടുത്തും. ദേശീയ വിഭവങ്ങളുടെ മേലുള്ള പൊതുനിയന്ത്രണം നഷ്ടപ്പെടുമെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.
Content Highlight: Bowing to US interests; Central government allows 100 percent foreign investment in insurance sector; CPI(M) opposes