കോട്ടയം: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുള്‍പ്പടെ രാജ്യത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ സംഘപരിവാര്‍ സംഘടനകളാല്‍ പീഡനമേറ്റുവാങ്ങുന്ന വാര്‍ത്തകള്‍ വര്‍ദ്ധിക്കുന്നതിനിടെ ആര്‍.എസ്.എസ്. സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് കത്തോലിക്ക പുരോഹിതന്‍.
ഉത്തരേന്ത്യയിലുള്‍പ്പടെ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ കത്തോലിക്ക സഭ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ തന്നെയാണ് സീറോ മലബാര്‍ സഭക്ക് കീഴിലെ പാലാ രൂപതയിലെ ഒരു പുരോഹിതന്‍ ആര്‍.എസ്.എസ് നേരിട്ട് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തിരിക്കുന്നത്.
പാലാ രൂപതയും ദീപിക ഫ്രണ്ട്‌സ് ക്ലബും ചേര്‍ന്ന് നടത്തുന്ന കെയര്‍ ഹോംസ് പ്രൊജക്ട് ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കുന്നാണ് വെള്ളിയാഴ്ച ആര്‍.എസ്.എസ്. സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തത്. ആര്‍.എസ്.എസിന്റെ പൂഞ്ഞാര്‍, മീനച്ചില്‍, രാമപുരം ശാഖകള്‍ സംയുക്തമായി സംഘടപിച്ച ശംഖൊലി 2025 എന്ന വിദ്യാര്‍ത്ഥി സംഗമത്തിലാണ് ഫാ. ജോര്‍ജ് നെല്ലിക്കുന്ന് പങ്കെടുത്തത്. ആഗസ്ത് 15ന് ഉച്ചക്ക് 3 മണിക്ക് അന്തിനാട് ഗൗരീശങ്കരം ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
ഇന്ത്യയുടെ ആത്മീയ പൈതൃകത്തില്‍ നിന്നും സ്വാതന്ത്ര്യ സമരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട തലമുറയാണ് ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തതെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഫാ.ജോര്‍ജ് നെല്ലിക്കുന്ന് പറഞ്ഞു. സാങ്കേതിക വിദ്യകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി വിദ്യാര്‍ത്ഥികളും യുവാക്കളും രാജ്യത്തിന്റെ മഹത്വം ലോകത്തിന് മുമ്പില്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ പങ്കെടുത്ത പുരോഹിതനെതിരെ ക്രിസ്ത്യന്‍ സമുദായത്തിനിടിയില്‍ നിന്നു തന്നെ ഇപ്പോള്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഒറീസയിലും ഛത്തീസ്ഗഡിലും ഉള്‍പ്പടെ ക്രൈസ്തവര്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകളില്‍ നിന്നും ക്രൂരതകള്‍ നേരിടേണ്ടി വരുന്ന ഈ സാഹചര്യത്തില്‍ എങ്ങിനെയാണ് ഒരു കത്തോലിക്ക പുരോഹിതന് ആര്‍.എസ്.എസ്. നേരിട്ട് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുന്നത് എന്നാണ് ഉയരുന്ന ചോദ്യം.
അതേ സമയം, താന്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് പാല ബിഷപ് ജോസഫ് കല്ലറങ്ങാട്ടിന്റെ അനുമതിയോട് കൂടിയാണെന്ന് ഫോ. ജോസഫ് നെല്ലിക്കുന്ന് പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച പരിപാടിയായതിനാലാണ് താന്‍ പങ്കെടുത്തതെന്നും അവിടെ ഒരു പ്രംസംഗം നടത്തുക മാത്രമാണ് ചെയ്തതെന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത പുരോഹിതന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വൈദികന്‍ പങ്കെടുത്ത പരിപാടിയുമായി രൂപതക്ക് യാതൊരു പങ്കുമില്ലെന്ന് പാല രൂപത വികാരി ജനറല്‍ ജോസഫ് തടത്തില്‍ പറഞ്ഞു. ഫാ. ജോസഫ് വ്യക്തിപരമായി പങ്കെടുത്തതായിരിക്കാമെന്നും രൂപത ഏതെങ്കിലും രാഷ്ട്രീയ സംഘടനകളുടെ കാര്യങ്ങളില്‍ ഇടപെടുകയോ ആര്‍ക്കെങ്കിലും പിന്തുണ നല്‍കുകയോ ചെയ്യുന്നില്ലെന്നും വികാരി ജനറല്‍ പറഞ്ഞു.
content highlights: Catholic priest attended The RSS event was with the knowledge of the Bishop of Pala