റാന്നി: ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് ദര്‍ശനം നടത്തി എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍. റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലാണ് സംഭവം.
സ്ത്രീകള്‍ മുടി അഴിച്ചിട്ടും പുരുഷന്മാര്‍ ഷര്‍ട്ട്, ബനിയന്‍. കൈലി എന്നിവ ധരിച്ചും പ്രവേശിക്കരുതെന്ന് എഴുതിയ ബോര്‍ഡ് ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ച് കയറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
ക്ഷേത്രം സ്ഥിതി ചെയ്യുന്ന പെരുനാട് പഞ്ചായത്തിലെയും നാറാണംമൂഴി പഞ്ചായത്തിലെയും പ്രവര്‍ത്തകരാണ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ചെത്തി പ്രതിഷേധിച്ചത്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മേല്‍ശാന്തി ഷര്‍ട്ട് ധരിച്ച് കയറരുതെന്ന് അറിയിച്ചതിന് പിന്നാലെയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.
എന്നാല്‍ തങ്ങള്‍ സമാധാനപരമായി പ്രാര്‍ത്ഥിക്കാന്‍ എത്തിയതാണെന്നും ഷര്‍ട്ട് ധരിച്ചുകൊണ്ട് തന്നെ ക്ഷേത്രത്തില്‍ കയറുമെന്നും എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ പ്രതികരിച്ചു. ശബരിമലയില്‍ തിരുവാഭരണം ചാര്‍ത്തിയതിന് ശേഷമുള്ള ഘോഷയാത്രയില്‍ തിരുവാഭരണം വിഗ്രഹത്തില്‍ ചാര്‍ത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രം.
ഭാവിയില്‍ മാറ്റ് ശാഖകളേയും യൂണിയനുകളെയും ഏകോപിപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ബാലു എന്ന യുവാവിനോട് കാണിച്ച ജാതി വിവേചനം, റാന്നി താലൂക്കുകളില്‍ ഉള്‍പ്പെടുന്ന ശബരിമല ക്ഷേത്രത്തില്‍ പിന്നോക്കക്കാരായ മേല്‍ശാന്തിമാരെ നിയമിക്കാത്തതിലും സമരക്കാര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ഈ വിഷയത്തില്‍ സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസമില്ലെന്നും ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, തന്ത്രിമാര്‍ എന്നിവരുടെ നിലപാടിനോടാണ് ഭിന്നതയുള്ളതെന്നും എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ പ്രതികരിച്ചു.
നേരത്തെ വര്‍ഷങ്ങളായി തുടരുന്ന ആചാരത്തിന് അന്ത്യം കുറിച്ച്, പുരുഷന്മാര്‍ക്ക്ഇനിമുതല്‍ ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തിനുള്ളില്‍ കയറാമെന്ന് എറണാകുളം കുമ്പളം ലക്ഷ്മീനാരായണ ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചിരുന്നു. മേല്‍വസ്ത്രം ധരിച്ച് പുരുഷന്മാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
ഭാരവാഹികളും ഉടുപ്പ് ധരിച്ചുകൊണ്ട് ക്ഷേത്രത്തിനുള്ളില്‍ കയറിയിരുന്നു. ക്ഷേത്രം തന്ത്രിയുടെ അഭിപ്രായം കൂടി പരിഗണിച്ചായിരുന്നു തീരുമാനം. ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ കയറാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരമാണ് ഒരുക്കിയതെന്നും തങ്ങളെ സംബന്ധിച്ച് ഈ തീരുമാനം ചരിത്രപരമാണെന്നും ഭാരവാഹികള്‍ പ്രതികരിച്ചിരുന്നു.
ഇതിനുമുമ്പ് കൊല്ലം അരുമാനൂര്‍ നായിനാര്‍ദേവ ക്ഷേത്ര ഭാരവാഹികളും ‘പുരുഷന്മാര്‍ ഷര്‍ട്ട് ധരിച്ചുകൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിക്കരുത്’ എന്ന വ്യവസ്ഥ പിന്‍വലിച്ചിരുന്നു. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയുടെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് തീരുമാനമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പ്രതികരിച്ചിരുന്നു.
ക്ഷേത്രത്തിന്റെ 91ാമത് വാര്‍ഷികോത്സവത്തിന്റെ കൊടിയേറ്റത്തോട് അനുബന്ധിച്ചായിരുന്നു ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം. തീരുമാനത്തെ തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളും ഭക്തരും ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുകയും ചെയ്തിരുന്നു.
പുരുഷന്മാര്‍ ഷര്‍ട്ട് ധരിച്ച് കയറാന്‍ പാടില്ലെന്ന വ്യവസ്ഥ ശ്രീനാരായണ ക്ഷേത്രങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ശിവഗിരി സമ്മേളനത്തില്‍, ക്ഷേത്രങ്ങളില്‍ ഉടുപ്പ് ഊരി ദര്‍ശനം നടത്തണമെന്ന വ്യവസ്ഥയുണ്ടെന്നും മറ്റുള്ളവയെ പോലെ ഇത് കാലാന്തരങ്ങളില്‍ മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സനാതന ധര്‍മത്തെയും വര്‍ണാശ്രമത്തെയും അദ്ദേഹം നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്. ഇതിന് പിന്നാലെയാണ് സ്വാമി സച്ചിദാനന്ദയും ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് കയറാന്‍ പാടില്ലെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് പറഞ്ഞത്.