കേരള യൂണിവേഴ്‌സിറ്റിയിലെ ജാതി അധിക്ഷേപം: വിജയകുമാരിയുടെ കോലം കത്തിച്ചും നെയിം ബോര്‍ഡ് നീക്കിയും എസ്.എഫ്.ഐ പ്രതിഷേധം
Kerala
കേരള യൂണിവേഴ്‌സിറ്റിയിലെ ജാതി അധിക്ഷേപം: വിജയകുമാരിയുടെ കോലം കത്തിച്ചും നെയിം ബോര്‍ഡ് നീക്കിയും എസ്.എഫ്.ഐ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th November 2025, 2:03 pm

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ സംസ്‌കൃത വിഭാഗം മേധാവി കെ.എന്‍ വിജയകുമാരിയുടെ കോലം കത്തിച്ച് എസ്.എഫ്.ഐ.

യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിലാണ് എസ്.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചത്. വിജയകുമാരിയുടെ പേര് പ്രദര്‍ശിപ്പിച്ച ബോര്‍ഡും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നീക്കി.

വിജയകുമാരിക്ക് എതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഇവരെ ക്യാമ്പസില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം. അല്ലെങ്കില്‍ സമരം ശക്തമാക്കുമെന്നാണ് എസ്.എഫ്.ഐ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം ജാതി അധിക്ഷേപം നടത്തിയ സി.എന്‍ വിജയകുമാരിക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയനാണ് പരാതിക്കാരന്‍.

പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്ന് പറഞ്ഞ് പലതവണ തന്നെ അധിക്ഷേപിച്ചെന്നും എം.എയും എം.എഡുമുള്ള താന്‍ സംസ്‌കൃതം എഴുതാനും വായിക്കാനുമറിയാത്തയാളാണെന്ന് വിജയകുമാരി റിപ്പോര്‍ട്ട് നല്‍കിയെന്നുമാണ് വിപിന്‍ ഉന്നയിച്ച പരാതിയില്‍ പറയുന്നത്.

തന്നെ അധ്യാപകരുടെയും ഗൈഡിന്റെയും മുന്നില്‍വെച്ച് സംസ്‌കൃത വിഭാഗം മേധാവി ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും വിപിന്‍ ആരോപിച്ചിരുന്നു. വി.സിക്കും ഇക്കാര്യം ചൂണ്ടിക്കാണിച്ച് വിദ്യാര്‍ത്ഥി പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, സംഭവത്തെ അപലപിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു രംഗത്തെത്തിയിരുന്നു. വിജയകുമാരിയുടെ പെരുമാറ്റം ഒരു അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

ഇത് യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അധ്യാപകര്‍ക്ക് മാന്യതയും അന്തസും പുലര്‍ത്തേണ്ട ബാധ്യതയുണ്ടെന്നും സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നിര്‍ദേശിച്ചുകൊണ്ട് മന്ത്രി പറഞ്ഞിരുന്നു.

Content Highlight: Caste abuse at Kerala University: SFI protests by burning KN Vijayakumari’s effigy