ബ്രസീലിയന്‍ സൂപ്പര്‍ താരം കാസിമിറോ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട്. ഈ സീസണില്‍ കരാര്‍ അവസാനിച്ചതിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുമെന്ന് കാസിമിറോ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോള്‍ കാസിമിറോ ഇന്റര്‍ മിയാമിയില്‍ ചേരാന്‍ സമ്മതം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഫിഫ ലോകകപ്പിന് ശേഷം താരം മയാമിയില്‍ ചേരുമെന്നാണ് ലഭിക്കുന്ന വിവരം. ഫാബ്രിസിയോ റൊമാനോവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബ്രസീലിയന്‍ ഇതിഹാസത്തെ സ്വന്തമാക്കാന്‍ ഇന്റര്‍ മയാമിക്കൊപ്പം എം.എല്‍.എസ് ക്ലബ്ബായ എല്‍. എ ഗാലക്‌സിയും സൗദി പ്രൊ ലീഗിലെ ക്ലബ്ബുകളും രംഗത്തുണ്ടായിരുന്നു. ഇതെല്ലം മറികടന്നാണ് താരം ഇന്റര്‍ മയാമി തെരഞ്ഞെടുത്തത്.
ഈ വമ്പന്‍ നീക്കത്തിലൂടെ മയാമിയില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം കാസിമിറോ പന്ത് തട്ടുന്നത് കാണാന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് സാധിക്കും. ഇതിന് മുമ്പ് പല തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടിയിട്ടുണ്ടെങ്കിലും ഒരു ടീമില്‍ ഇരുവരും ഒരുമിച്ച് കളിക്കുന്നത് ഇതാദ്യമായിട്ടായിരിക്കും.
മെസിയുടെയും കാസിമിറോയുടെയും സുവര്‍ണ കാലഘട്ടത്തില്‍ പല തവണ ലാ ലീഗയില്‍ റയല്‍ മാഡ്രിഡ്-ബാഴ്സലോണ മത്സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. 16 മത്സരങ്ങളിലാണ് ഇരുവരും എല്‍ ക്ലാസിക്കോ പോരാട്ടങ്ങളില്‍ എതിരാളികളായി കളിച്ചത്.
മെസി ബാഴ്സ വിട്ട് ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നിലേക്ക് ചേക്കേറിയിട്ടും ഇരുവരും വീണ്ടും കളിക്കളത്തില്‍ എതിരാളികളായി എത്തി. 2021 ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജി-റയല്‍ മത്സരത്തിലാണ് ഇരുവരും നേര്‍ക്കുനേര്‍ എത്തിയത്.
ഒരുകാലത്ത് രണ്ട് വ്യത്യസ്ത ടീമുകള്‍ക്കായി കളിച്ച മെസിയും കാസിമിറോയും ഇനി ഒരുമിച്ച് പന്തുതട്ടുന്നത് ഫുട്‌ബോള്‍ ആരാധകര്‍ക്ക് പുതിയ അനുഭവമായിരിക്കും സമ്മാനിക്കുക.
അതേസമയം 2023ലാണ് മെസി പാരീസ് സെയ്ന്റ് ജെര്‍മെയ്നില്‍ നിന്നും ഇന്റര്‍ മയാമിയിലെത്തിയത്. മെസിയുടെ വരവിന് പിന്നാലെ എം.എല്‍.എസിന് ലോക ഫുട്‌ബോളില്‍ കൃത്യമായ ഒരു മേല്‍വിലാസം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിരുന്നു. മെസിക്ക് പിന്നാലെ പല പ്രമുഖ താരങ്ങളും യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് എം.എല്‍.എസിലേക്ക് ചേക്കേറിയിരുന്നു.
Content Highlight: Casemiro reportedly set to join Major League Soccer club Inter Miami