2026 ഫിഫ ലോകകപ്പില്‍ ഏഷ്യന്‍ വമ്പന്മാരായ ജപ്പാനെ വീഴ്ത്തി ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയിരിക്കുകയാണ്. ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കാനറിപ്പട തകര്‍ത്തത്. മത്സരത്തില്‍ ഒരു ഗോളിന് പുറകില്‍ നിന്ന ശേഷമായിരുന്നു ബ്രസീലിന്റെ വമ്പന്‍ തിരിച്ചുവരവ്.
ഹ്യൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൈഷു സനോയിലൂടെ ജപ്പാനാണ് ആദ്യം ലീഡ് നേടിയത്. മത്സരത്തിന്റെ 29ാം മിനിട്ടിലാണ് താരം ബ്രസീലിന്റെ വല കുലുക്കിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ച ബ്രസീല്‍ 56ാം മിനിട്ടില്‍ കാസിമിറോയിലൂടെ തിരിച്ചടിച്ചു. ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.
പിന്നീട് വിജയ ഗോളിനായി ബ്രസീല്‍ മികച്ച നീക്കങ്ങള്‍ നടത്തി. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു ബ്രസീലിന്റെ ഗോള്‍ പിറന്നത്. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഗോളിലൂടെ ബ്രസീല്‍ വിജയിച്ചുകയറിയത്.
മത്സരത്തില്‍ ബ്രസീലിനായി ആദ്യ ഗോള്‍ നേടിയതോടെ ഒരു വമ്പന്‍ നേട്ടമാണ് കാസിമിറോ സ്വന്തമാക്കിയത്. ലോകകപ്പില്‍ ബ്രസീലിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായാണ് കാസിമിറോ മാറിയത്. 34 വയസും 126 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ ഗോള്‍ നേട്ടം.
ഇതിഹാസ താരം തിയാഗോ സില്‍വയെ മറികടന്നാണ് കാസിമിറോയുടെ മുന്നേറ്റം. 33 വയസും 278 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സില്‍വ ബ്രസീലിനായി ലോകകപ്പില്‍ ലക്ഷ്യം കണ്ടത്. ബെബറ്റോയാണ് ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. 34 വയസും 137 ദിവസവും പ്രായമുള്ളപ്പോഴാണ് ബെബറ്റോ ഗോള്‍ നേടിയത്.
അതേസമയം ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടായിരുന്നു ബ്രസീല്‍ റൗണ്ട് ഓഫ് 32ലേക്ക് കടന്നത്. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനിലയില്‍ കുടുങ്ങിയ ബ്രസീല്‍ പിന്നീടുള്ള മത്സരങ്ങളില്‍ ഹെയ്തിയെയും സ്‌കോട്ലന്‍ഡിനെയും വീഴ്ത്തിയാണ് തിരിച്ചുവരവ് നടത്തിയത്.
ഓരോ മത്സരം കഴിയുമ്പോഴും മികച്ച ഫോമിലേക്കുയരുന്ന ബ്രസീല്‍ ഇനി വരാനിരിക്കുന്ന മത്സരത്തിലും എതിരാളികള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്നുറപ്പാണ്.