റായ്പൂരില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ കേസ്
India
റായ്പൂരില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th July 2025, 10:02 pm

റായ്പൂര്‍: ഛത്തീസ്ഗഡില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതില്‍ മെഡിക്കല്‍ കോളേജിലെ സീനിയര്‍ ഡോക്ടര്‍ക്കെതിരെ കേസ്. ആശിഷ് സിന്‍ഹക്കെതിരെയാണ് കേസെടുത്തത്. ജനുവരി രണ്ടിനും പത്തിനുമിടയിലാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. റായ്പൂരിലെ ജവഹര്‍ ലാല്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം.

ബി.എന്‍.എസ് സെക്ഷന്‍ 74 (ക്രിമിനല്‍ ബലപ്രയോഗം അല്ലെങ്കില്‍ സ്ത്രീകളുടെ മാന്യതയെ മനഃപൂര്‍വം അപമാനിക്കല്‍), സെക്ഷന്‍ 75 (ലൈംഗിക പീഡനം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

നേരത്തെ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കും വിദ്യാര്‍ത്ഥി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതിക്കെതിരെ അധികൃതര്‍ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. മെഡിക്കല്‍ വിഭാഗം വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ഇയാളെ നീക്കം ചെയ്യുകയായിരുന്നു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെട്ടത്.

പരാതിയില്‍ അന്വേഷണം തുടരുകയാണെന്ന് റായ്പൂര്‍ പൊലീസ് സൂപ്രണ്ട് ലാല്‍ ഉമേദ് സിങ് പറഞ്ഞു. മെഡിക്കല്‍ കോളേജിലെ വകുപ്പുതല അന്വേഷണം നടക്കുന്നതായും ഉമേദ് സിങ് പ്രതികരിച്ചു.

എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സിന്‍ഹയുടെ വസതിയില്‍ അടക്കം പരിശോധന നടത്തിയെന്നും പ്രതി ഒളിവിലാണെന്നും റായ്പൂര്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

വിദ്യാര്‍ത്ഥി പൊലീസിനെ സമീപിച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും വിവരം ധരിപ്പിച്ചിരുന്നില്ലെന്നും കോളേജ് അധികൃതര്‍ പ്രതികരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ കോളേജിലെ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം പശ്ചിമ ബംഗാളിലെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയതും കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിനും പിന്നാലെയാണ് റായ്പൂരിലെ സംഭവം.

Content Highlight: Case filed against medical college doctor for molesting student in Raipur