ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീക്കെതിരെ കേസ്
Kerala News
ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th April 2025, 10:54 pm

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീക്കെതിരെ കേസ്. ജാഷ്പൂര്‍ ജില്ലയിലെ കുങ്കുരി ഹോളി ക്രോസ് നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍ ബിന്‍സി ജോസഫിനെതിരെയാണ് കേസെടുത്തത്. അതേസമയം കോളേജിലെ വിദ്യാര്‍ത്ഥിയെ മതം മാറ്റാന്‍ ശ്രമിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഹോളിക്രോസ് കോളേജ് അധികൃതര്‍ വിശദീകരിച്ചു.

ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ബിന്‍സി ജോസഫിനെതിരെ പൊലീസ്‌ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ് സംഹിതയിലെ 299, 351 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പരാതി നല്‍കിയ വിദ്യാര്‍ത്ഥിക്ക് മതിയായ ഹാജര്‍ ഇല്ലായിരുന്നു. ജനുവരി മുതല്‍ വിദ്യാര്‍ത്ഥി ക്ലാസുകളില്‍ നിന്നും ആശുപത്രി ജോലികളില്‍ നിന്നും വിട്ട് നിന്നിരുന്നു. ഇതിനാല്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് കോളേജ് അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു.

ഇതിന്റെ ദേഷ്യത്തിലാണ് വിദ്യാര്‍ത്ഥി വ്യാജപരാതി നല്‍കിയതെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഏപ്രില്‍ രണ്ടിനാണ് പെണ്‍കുട്ടി മതംമാറാന്‍ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ചു എന്ന് കാണിച്ച് ജില്ലകലക്ടര്‍ക്കും പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കിയത്.

Content Highlight: Case filed against Malayali nun in Chhattisgarh for alleged religious conversion