2026 ഫിഫ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ബ്രസീല്‍. ഗ്രൂപ്പ് സി-യില്‍ നടന്ന മത്സരത്തില്‍ ഹെയ്തിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് കാനറിപ്പട ടൂര്‍ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനിലയില്‍ കുടുങ്ങിയ ബ്രസീല്‍ രണ്ടാം മത്സരത്തില്‍ വിജയിച്ചുകൊണ്ട് തിരിച്ചുവന്നിരിക്കുകയാണ്.
ഫിലാഡല്‍ഫിയയില്‍ നടന്ന മത്സരത്തില്‍ മാത്യൂസ് കുന്‍ഹയുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ബ്രസീല്‍ വിജയിച്ചുകയറിയത്. വിനീഷ്യസ് ജൂനിയറിന്റെ ഗോളും ബ്രസീലിന്റെ വിജയം അനായാസമാക്കി.
വിജയത്തിനൊപ്പം ബ്രസീലിയന്‍ ആരാധകര്‍ക്ക് ആവേശം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവന്നത്. മത്സരശേഷം നെയ്മറുടെ തിരിച്ചുവരവിനെക്കുറിച്ച് ബ്രസീലിയന്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി സംസാരിച്ചു. സ്‌കോട്‌ലാന്‍ഡിനെതിരെയുള്ള ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നെയ്മര്‍ കളിക്കുമെന്നാണ് ആന്‍സലോട്ടി വ്യക്തമാക്കിയത്.
‘നെയ്മര്‍ നാളെ ഒറ്റക്ക് പരിശീലനം നടത്തും. തിങ്കളാഴ്ച മുതല്‍ ടീമിലെ മറ്റുള്ള താരങ്ങള്‍ക്കൊപ്പം പരിശീലനത്തില്‍ പങ്കെടുക്കും. സ്‌കോട്‌ലാന്‍ഡിനെതിരായ മത്സരത്തില്‍ കളിക്കാന്‍ അവന്‍(നെയ്മര്‍) തയ്യാറായിരിക്കും,’ കാര്‍ലോ ആന്‍സലോട്ടി പറഞ്ഞു.
നെയ്മര്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും ആദ്യ രണ്ട് മത്സരങ്ങളില്‍ നെയ്മര്‍ കളത്തിലിറിയില്ല. സാന്റോസില്‍ കളിക്കുന്നതിനിടയില്‍ പരിക്ക് പറ്റിയ നെയ്മറിന് തന്റെ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ സാധിച്ചില്ലായിരുന്നു.
2023ന് ശേഷം നെയ്മര്‍ ബ്രസീലിന് വേണ്ടി കളിച്ചിട്ടില്ല. ആ വര്‍ഷം മെയ് പകുതിയോടെ കാലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. താരത്തിന്റെ ഫിറ്റ്നസില്‍ ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും കാര്‍ലോ ആന്‍സലോട്ടി താരത്തെ അവസാന നിമിഷം ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ജൂണ്‍ 25നാണ് സ്‌കോട്‌ലാന്‍ഡിനെതിരെയുള്ള ബ്രസീലിന്റെ അടുത്ത മത്സരം.