ഒട്ടാവ: ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ വെച്ച് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കാനഡ. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് ഗസയിലെ ഇസ്രഈല്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനിടെ നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
ചര്‍ച്ചകളിലൂടെയും സമാധാനപ്രക്രിയകളിലൂടേയും ദ്വിരാഷ്ട്ര പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് കാനഡ ഇത്രയും കാലം കരുതിയിരുന്നതെന്നും മാര്‍ക്ക് കാര്‍ണി പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ 80മാത് ജനറല്‍ അസംബ്ലിയില്‍വെച്ച് ഫലസ്തീനെ അംഗീകരിക്കാനാണ് കാനഡ ഉദ്ദേശിക്കുന്നതെന്നും മാര്‍ക്ക് കാര്‍ണി പറഞ്ഞു. ഫലസ്തീന്‍ അതോറിറ്റി നിര്‍ണായകമായ പരിഷ്‌കാരങ്ങള്‍ നടത്താമെന്ന് വാഗ്ദാനം നല്‍കിയതിനാലാണ് ഫലസ്തീനെ അംഗീകരിക്കാന്‍ തയ്യാറായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2026ല്‍ പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ഉറപ്പ് നല്‍കിയിരുന്നു.
ഇതിന് പുറമെ തെരഞ്ഞെടുപ്പില്‍ ഹമാസിന് ഒരു പങ്കും ഉണ്ടാകില്ലെന്നും ഫലസ്തീനെ സൈനികവത്കരിക്കില്ലെന്ന് അബ്ബാസ് പറഞ്ഞതിന്റെ അടിസ്ഥാനത്തിനത്തിലുമാണ് ഈ തീരുമാനമെന്നും കാര്‍ണി പറഞ്ഞു.
അതേസമയം കാനഡയുടെ പ്രഖ്യാപനത്തെ ഇസ്രഈല്‍ വിമര്‍ശിച്ചു. അന്താരാഷ്ട്ര സമ്മര്‍ദത്തിന്റെ വളച്ചൊടിച്ച പ്രചാരണത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നാണ് ഇസ്രഈലിന്റെ പ്രതികരണം.
മധ്യപൂര്‍വേഷ്യയിലെ സ്വതന്ത്രരാഷ്ട്രമെന്ന രീതിയില്‍ ഇസ്രഈലിനെ പിന്തുണക്കുന്നുവെന്നും കാര്‍ണി പറഞ്ഞു. ഇസ്രഈലിന് ശാശ്വത സമാധാനം കൈവരിക്കുന്നതിന് സുസ്ഥിരമായ ഒരു ഫലസ്തീന്‍ രാഷ്ട്രം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ബ്രിട്ടനും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇസ്രഈല്‍ ഗസക്കെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മാര്‍ പറഞ്ഞത്.
ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള നീക്കങ്ങളെ പിന്തുണക്കുന്നില്ലെങ്കില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഇസ്രഈലിനെതിരായ യു.കെയുടെ നിര്‍ണായകമായ നീക്കമുണ്ടാകുമെന്നും സ്റ്റാര്‍മാര്‍ പറഞ്ഞു. ഹമാസിനും സ്റ്റാര്‍മാര്‍ ഏതാനും ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു.