എഡിറ്റര്‍
എഡിറ്റര്‍
അമിത് ഷാ പ്രതിയായ സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍; കോടതി വാദം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന ഉത്തരവ് മൗലികാവകാശ ലംഘനമെന്ന് പ്രശാന്ത് ഭൂഷണ്‍
എഡിറ്റര്‍
Thursday 30th November 2017 12:00pm

ന്യൂദല്‍ഹി: സൊഹാറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ വാദം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന ജഡ്ജി എസ്.ജെ ശര്‍മയുടെ ഉത്തവിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

അച്ചടി ദൃശ്യമാധ്യമങ്ങളിലും സോഷ്യല്‍മീഡിയകളിലും സൊഹറാബുദ്ദീന്‍ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്നത് തടയണമെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കരുതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.

ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത് വഴി സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ കോടതിയിലെ വാദങ്ങളോ കേസുമായി ബന്ധപ്പെട്ട മറ്റു സംഗതികളോ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്നുമായിരുന്നും കോടതി പറഞ്ഞിരുന്നത്.

അതേസമയം കോടതി മുറിയിലെ വാദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ് രംഗത്തെത്തി. കോടതി മുറിയില്‍ നടക്കുന്നത് ജനങ്ങള്‍ അറിയരുതെന്ന് കരുതുന്നത് ജനങ്ങളുടെ മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ജസ്റ്റിസ് ഹര്‍കിഷന്‍ ലോയയുടെ മരണം കൊലപാതകമായാണ് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതെന്നും അതിനാല്‍ തുറന്ന മുറിയില്‍ വാദം കേള്‍ക്കുന്നത് പ്രതികള്‍ക്കും സാക്ഷികള്‍ക്കും സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നമായിരുന്നു പ്രതിഭാഗം അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയത്. മാധ്യമങ്ങളേയും സന്ദര്‍ശകരെയും ഒഴിവാക്കി അടച്ചിട്ട മുറിയില്‍ വാദം തുടരാന്‍ ഉത്തരവിടണമെന്ന് വിചാരണ കോടതിയോട് പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെ സൊഹാറാബുദ്ദീന്‍ കേസിലെ വാദങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടാല്‍ കുറ്റാരോപിതരുടേയും, പ്രോസിക്യൂഷന്‍ സാക്ഷികളുടേയും പ്രോസിക്യൂട്ടറുടേയും സുരക്ഷയെത തന്നെ ബാധിക്കുന്നതാണെന്ന് ജഡ്ജി പറയുകയായിരുന്നു.

എന്നാല്‍ മാധ്യമപ്രവര്‍ത്തര്‍ക്ക് കേസിന്റെ വാദം കേള്‍ക്കാനായി കോടതി മുറിയില്‍ ഇരിക്കാമെന്നും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ല എന്നുമാത്രമേയുള്ളൂവെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

Advertisement