തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്.എഫ്.ഐ മാര്‍ച്ചില്‍ വൈസ് ചാന്‍സലറുടെ നടപടി. പത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകരെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തു. വി.സി സി. രവീന്ദ്രന്റേതാണ് നടപടി.
എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സാദിഖ് ഉള്‍പ്പെടെ 10 പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. പത്ത് പേരും കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ത്ഥികളാണ്. അടിയന്തിരമായി ഹോസ്റ്റല്‍ ഒഴിയാനും യൂണിവേഴ്‌സിറ്റിയുടെ നിര്‍ദേശമുണ്ട്.
പ്രതിഷേധത്തിനിടെ വി.സിയുടെ ഓഫീസിന് മുന്നിലുള്ള ബോര്‍ഡില്‍ ‘സംഘികള്‍ക്ക് പാദസേവ ചെയ്തുകൊടുക്കുന്നു’ എന്ന തരത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എഴുതുകയും ചെയ്തിരുന്നു. ഇതിനിടെയുണ്ടായ ഉന്തുംതള്ളലിലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു.
സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രതിഷേധം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയിലേക്കുള്ള മാര്‍ച്ചില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 27 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കണ്ടാലറിയുന്ന ആയിരം പേര്‍ക്കുമെതിരെയുമാണ് കേസെടുത്തത്. പി.ഡി.പി.പി ആക്ട് പ്രകാരമായിരുന്നു നടപടി.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവാണ് കേസിലെ ഒന്നാംപ്രതി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതിലും സര്‍വകലാശാലയിലെ ജീവനക്കാരെയും പൊലീസിനെയും ദ്രോഹം ഏല്‍പ്പിച്ചതിലുമായിരുന്നു നടപടി.