ന്യൂദല്‍ഹി: ബാബരി മസ്ജിദ് മാതൃകയില്‍ പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ നിര്‍മിക്കുന്ന പള്ളിയുടെ ശിലാസ്ഥാപനത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് കൊല്‍ക്കത്ത ഹൈക്കോടതി.
നിര്‍ദിഷ്ട പള്ളിയുടെ തറക്കല്ലിടല്‍ ചടങ്ങ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹരജിയില്‍ വാദം കേട്ട ശേഷം കോടതി വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിക്കുകയായിരുന്നു. ചടങ്ങുമായി ബന്ധപ്പെട്ടുള്ള ക്രമസമാധാനപാലനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പശ്ചിമ ബംഗാള്‍ സര്‍ക്കാരിനായിരിക്കുമെന്ന് കോടതി പറഞ്ഞു.
ബാബരി മസ്ജിദ് പൊളിച്ച ഡിസംബര്‍ ആറിനാണ് മുര്‍ഷിദാബാദിലെ പള്ളിയുടെ തറക്കല്ലിടല്‍ തീരുമാനിച്ചിരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം.എല്‍.എയായ ഹുമയൂണ്‍ കബീറിന്റെ നിര്‍ദേശത്തിലാണ് പള്ളി പണിയുന്നത്.
എം.എല്‍.എ പ്രത്യേക സമുദായത്തിനെതിരെ മോശമായതും അവഹേളിക്കുന്നതുമായ പ്രസ്താവനകളും വിദ്വേഷ പ്രസംഗങ്ങളും നടത്തുകയാണ്. പ്രദേശത്തെ സാമുദായിക ഐക്യത്തെ തകര്‍ക്കാന്‍ പള്ളിയുടെ ശിലാസ്ഥാപന ചടങ്ങ് കാരണമാകുമെന്നുമാണ് റിട്ട് ഹരജിയില്‍ ആരോപിച്ചിരിക്കുന്നത്.
കൊല്‍ക്കത്ത ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് സുജോയ് പോളിന്റെ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ബാബരി മോഡല്‍ പള്ളിയുടെ ശിലാസ്ഥാപനത്തെ കുറിച്ചുള്ള പോസ്റ്റര്‍ photo: ANI
നേരത്തെ, ബാബരി മസ്ജിദിന്റെ മാതൃകയില്‍ പള്ളി പണിയുമെന്നും ഡിസംബര്‍ ആറിന് ശിലാസ്ഥാപനം നടത്തുമെന്നും പ്രഖ്യാപിച്ചതോടെ പശ്ചിമ ബംഗാളില്‍ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു.
തനിക്ക് പള്ളി നിര്‍മിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്നും പ്രദേശത്ത് സാമുദായിക പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ആയിരക്കണക്കിന് വൊളണ്ടിയര്‍മാരെ വിന്യസിക്കുമെന്നും ഹുമയൂണ്‍ പറഞ്ഞിരുന്നു. പിന്നാലെ, പള്ളിയുടെ നിര്‍മാണത്തെ സംബന്ധിച്ച പോസ്റ്ററുകളും പ്രദേശത്ത് പ്രചരിച്ചിരുന്നു.
വിവാദത്തില്‍ പ്രതികരിച്ച രാജ്ഭവന്‍ ഓഫീസ്, ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന ആശങ്കയും പങ്കിട്ടിരുന്നു. എന്നാല്‍ പരിപാടി തടയാനുള്ള നീക്കങ്ങളുണ്ടായാല്‍ ദേശീയ പാത തടയുന്നതടക്കമുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നായിരുന്നു ഹുമയൂണിന്റെ മറുപടി.
ഇതിനിടെ, ഭരിക്കുന്ന പാര്‍ട്ടിയായ തൃണമൂല്‍ തെരഞ്ഞെടുപ്പ് നേട്ടത്തിനായി സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. സംസ്ഥാനത്ത് വളര്‍ന്നുവരുന്ന വര്‍ഗീയ രാഷ്ട്രീയം ആഴത്തില്‍ വേരോടുന്നതിന്റെ സൂചനയാണിതെന്നായിരുന്നു സി.പി.ഐ.എമ്മിന്റെ പ്രതികരണം.
ഹുമയൂണിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഒരു പള്ളി നിര്‍മിക്കാനുള്ള ഹുമയൂണ്‍ കബീറിന്റെ അവകാശത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് ഉദിത് നാരായണ്‍ പ്രതികരിച്ചു. പള്ളി പണിയുന്നതിനെ എതിര്‍ക്കുന്നത് അര്‍ത്ഥശൂന്യമാണെന്നും മതസ്വാതന്ത്ര്യത്തിന് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃണമൂല്‍ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളിലടക്കം വിവാദപരമായ പ്രസ്താവനകള്‍ നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് ഹുമയൂണിനെതിരെ വ്യാഴാഴ്ച പാര്‍ട്ടി നടപടിയെടുത്തിരുന്നു. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഹുമയൂണ്‍ കബീര്‍ സ്വന്തമായ പാര്‍ട്ടി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പള്ളിയുടെ ശിലാസ്ഥാപനത്തിന് ജില്ലാ ഭരണകൂടം ഇതുവരെ ഔദ്യോഗിക അനുമതി നല്‍കിയിട്ടില്ല. ക്രമസമാധാന നിലയെ സംബന്ധിച്ച വിലയിരുത്തലിന് ശേഷമായിരിക്കും അനുമതി നല്‍കുക.
Content Highlight: Calcutta High Court refuses to interfere in construction of Babri model mosque in Murshidabad