പൗരത്വ സമരം: കോടതിയില്‍ പിഴയടക്കാന്‍ യൂത്ത് ലീഗ് സഹായം നല്‍കും; പിണറായി സര്‍ക്കാര്‍ വഞ്ചിച്ചവര്‍ക്കുള്ള സഹായമെന്ന് യൂത്ത് ലീഗ്
Kerala News
പൗരത്വ സമരം: കോടതിയില്‍ പിഴയടക്കാന്‍ യൂത്ത് ലീഗ് സഹായം നല്‍കും; പിണറായി സര്‍ക്കാര്‍ വഞ്ചിച്ചവര്‍ക്കുള്ള സഹായമെന്ന് യൂത്ത് ലീഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th April 2022, 10:24 pm

കോഴിക്കോട്: പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കേസില്‍ പ്രതിയായവര്‍ക്ക് കോടതിയില്‍ പിഴയടക്കാന്‍ മുസ്‌ലിം യൂത്ത് ലീഗ് സാമ്പത്തിക സഹായം നല്‍കും. ഏപ്രില്‍ 30ന് 11 മണിക്ക് കോഴിക്കോട് ബാഫഖി യൂത്ത് സെന്ററിലാണ് പരിപാടിയില്‍ സഹായം വിതരണം ചെയ്യും.

മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഡോ. എം കെ മുനീറാണ് പരിപാടി ഉദ്ഘാടനം ചെയ്യുക. പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട് 836 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സമരം ചെയ്ത സാംസ്‌കാരിക, മത, സാമൂഹിക രംഗത്തെ നിരവധി പേര്‍ കേസുകളില്‍ പ്രതിയാണ്.

പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുത്തവരുടെ കേസുകള്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം പാലിക്കാതെ പിണറായി സര്‍ക്കാര്‍ വഞ്ചിച്ചവര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം എന്നാണ് യൂത്ത് ലീഗ് പറയുന്നത് വ്യക്തമാക്കുന്നത്.

അതേസമയം, പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ച കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ കോടതി വെറുതെ വിട്ടിരുന്നു. ടി. സിദ്ദീഖ് എം.എല്‍.എ ഉള്‍പ്പെടെ 57 പേരെയാണ് വെറുതെ വിട്ടത്. 2019 ഡിസംബര്‍ 21നായിരുന്നു സംഭവം. പൊതുമുതല്‍ നശിപ്പിക്കല്‍, സംഘം ചേര്‍ന്ന് അക്രമം, പൊലീസുകാരെ ദേഹോപദ്രവം ഏല്‍പ്പിച്ചു തുടങ്ങി പത്ത് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ടി സിദ്ദീഖ് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് എന്നിവരുള്‍പ്പെടെ 57 പേരെ വെറുതെ വിട്ടത്. കേസില്‍ പ്രതികള്‍ അഞ്ച് ദിവസം നേരത്തെ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.