പ്രതിഷേധം ശക്തമായി, നിയമകുരുക്കും; വിജയ് ബാബുവിന്റെ ലൈവ് വീഡിയോ അപ്രത്യക്ഷം
Kerala News
പ്രതിഷേധം ശക്തമായി, നിയമകുരുക്കും; വിജയ് ബാബുവിന്റെ ലൈവ് വീഡിയോ അപ്രത്യക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th April 2022, 8:56 pm

കൊച്ചി: ലൈംഗീക പരാതി ഉന്നിയിച്ച ഇരയുടെ പേര് വെളിപ്പെടുത്തി നടനും നിര്‍മാതാവുമായ വിജയ് ബാബു പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ പ്രതിഷേധത്തെ തുടര്‍ന്ന് നീക്കി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് തനിക്കെതിരെ മീ ടൂ ആരോപണമുന്നയിച്ച യുവതിയുടെ പേര് വെളിപ്പെടുത്തിയും താനാണ് ഇരയെന്നും വാദിച്ചുകൊണ്ട് വിജയ് ബാബു ലൈവില്‍ വന്നത്.

ബലാത്സംഗ കേസുകളിലെ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമമാണ് വിജയ് ബാബു ലംഘിച്ചത്. യുവതിയുടെ പേര് വെളിപ്പെടുത്തിയതോടെ ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു.

പിന്നാലെ വിജയ് ബാബുവിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുക്കും. എറണാകുളം സൗത്ത് പൊലീസാണ് ഇരയുടെ പേര് വെളിപ്പെടുത്തിയതിന് കേസെടുക്കുക.

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ളാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.

അതേസമയം, വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസില്‍ നടപടികള്‍ പൊലീസ് ഊര്‍ജിതമാക്കി. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജയ് ബാബുവിന് അന്വേഷണസംഘം നോട്ടീസ് നല്‍കിയേക്കും.

നിലവില്‍ വിദേശത്തായതിനാല്‍ വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യല്‍ സാധ്യമല്ല. അതിനാലാണ് എത്രയും വേഗം ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.

Content Highlight: live video posted by Vijay Babu revealing the name of the victim of the sexual harassment has been removed following the protest