Administrator
Administrator
ആണവ നിലയങ്ങള്‍, കൂടംകുളം- മലയാളി അറിയേണ്ടത്…
Administrator
Tuesday 22nd November 2011 12:41pm

ഫുക്കുഷിമ ദുരന്തത്തിന് ശേഷം ലോകമെങ്ങും ആണവ നിലയങ്ങള്‍ക്കെതിരായ വികാരം ശക്തമായി. തമിഴ്‌നാട്ടിലെ കൂടംകുളത്തും മഹാരാഷ്ട്രയിലെ ജെയ്താപൂരും ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ ഭാരത സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ വന്‍ പ്രക്ഷോഭമാണ് ജനങ്ങള്‍ നടത്തുന്നത്. കൂടംകുളത്തെ സമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ആണവ നിലയങ്ങളെ കുറിച്ച് നിരവധി ആണവ വിരുദ്ധ സമരങ്ങളില്‍ സജീവമായി പങ്കെടുത്ത പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠനുമായി ഡൂള്‍ ന്യൂസ് പ്രതിനിധി ഹരീഷ് വാസുദേവന്‍ നടത്തിയ സുദീര്‍ഘമായ സംഭാഷണം.

ഹരീഷ്: എങ്ങനെയാണ് കൂടംകുളം സമരത്തെ നോക്കിക്കാണുന്നത്  ?.

സി.ആര്‍ : കൂടംകുളം സമരത്തെ വൈകിപ്പോയ സമരം എന്ന് പറയാം. കാരണം കണ്ണൂരെ പെരിങ്ങോമിലും കൂടംകുളത്തും ആണവനിലയം സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത് ഏതാണ്ട് ഒരേ സമയമാണ്. എണ്‍പതുകളുടെ പകുതിയില്‍. പെരിങ്ങോമില്‍ ആണവ നിലയത്തിനെതിരെ ആദ്യമേ സമരം ഉണ്ടാവുകയും, അവിടെ ആണവനിലയം സാധ്യമല്ല എന്ന് ജനങ്ങള്‍ കൂട്ടായി തീരുമാനിക്കുകയും ചെയ്തു, അതിനുശേഷം വന്ന ഒരു സര്‍ക്കാരും പിന്നീടതിനെപ്പറ്റി ആലോചിച്ചിട്ടില്ല.

Ads By Google

അതിനുശേഷം കോതമംഗലം ഒരെണ്ണം തുടങ്ങാന്‍ ആലോചിച്ചു. ഏതാണ്ട് അതേ സമയത്താണ് കൂടംകുളത്ത് റഷ്യന്‍ (അന്നത്തെ യു.എസ്.എസ് ആര്‍) ആണവനിലയം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. പക്ഷെ അന്ന് യു.എസ്.എസ്.ആര്‍ തകര്‍ന്നു പോകുകയും 1989 90 ആയപ്പോഴേക്കും അതനിശ്ചിതം ആകുകയുമൊക്കെ ചെയ്തു. പിന്നെ, 96 ല്‍ റഷ്യ എന്ന രാജ്യം ഇതിനെ പുനരിജ്ജീവിപ്പിക്കുകയും വലിയ ബിസിനസായി കൊണ്ടുവരികയും ചെയ്തതാണ് ഇതിന്റെ തുടക്കം.

96 ല്‍ തുടങ്ങിയതാണ് ഇപ്പോള്‍ നടക്കുന്ന കൂടംകുളം പദ്ധതി. ആയിരം മെഗാവാട്ട് വീതമുള്ള രണ്ട് റിയാക്ടറുകള്‍ , VVER എന്ന് പറയുന്ന റഷ്യന്‍ റിയാക്ടറുകള്‍ ഉപയോഗിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിന്റെ ഒരു പ്രത്യേകത, റഷ്യന്‍ റിയാക്ടര്‍ , അതിന്റെ ഉപകരണങ്ങള്‍ ഒക്കെ റഷ്യന്‍ , ഇതിന്റെ ഇന്ധനം പൂര്‍ണ്ണമായി ഇറക്കുമതി ചെയ്യേണ്ട ഇന്ധനം, ഇതിവിടെ ഒരിക്കലും ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു കാര്യമാണ്. എന്റിച്ച്ഡ് യുറേനിയം ആണ് ഇതിനു വേണ്ട ഇന്ധനം. ഇന്ത്യക്ക് എന്റിച് മെന്റ് പ്‌ളാന്റ് ഇല്ല. ഇന്ധനം നൂറു ശതമാനം ഇറക്കുമതി ചെയ്യണം.

ഏതു താപനിലയത്തിനും നാലായിരം മെഗാവാട്ട് സ്ഥാപിക്കാന്‍ വേണ്ടത് ഇരുപതിനായിരം കോടി രൂപയാണ്. അപ്പോള്‍ ചെലവ് കുറഞ്ഞ വൈദ്യുതിയാണ് എന്ന വാദം പൊളിയുകയാണ്

നമ്മള്‍ ഓര്‍ക്കേണ്ടത്, താരാപൂര്‍ ഇത് തന്നെയായിരുന്നു അവസ്ഥ. അമേരിക്കയില്‍ നിന്നും റിയാക്ടര്‍ വാങ്ങി 1966 ല്‍ സ്ഥാപിച്ച്, 74 ല്‍ പൊഖ്‌റാന്‍ ആണവ സ്‌ഫോടനത്തെ തുടര്‍ന്നും (വേറെ ചില കാരണങ്ങളും ഉണ്ട്) താരാപ്പൂരിലേക്കുള്ള ആണവ ഇന്ധനം അമേരിക്ക നിര്‍ത്തുന്നു. താരാപ്പൂരിലെ രണ്ട് നിലയങ്ങള്‍ നാം വളരെക്കാലം പൂട്ടിയിടുന്നു. ഇപ്പോഴും താരാപ്പൂരില്‍ വളരെ കുറഞ്ഞ നിലയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ക്കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

ഞാന്‍ പറഞ്ഞു വന്നത്, ഒരു തവണ പാഠം പഠിച്ചിട്ടും, വീണ്ടും നമ്മള്‍ നൂറു ശതമാനം ഇറക്കുമതി ചെയ്യേണ്ട ഇന്ധനത്തെ ആശ്രയിച്ചാണ് നാം നില്‍ക്കുന്നത്.  ഇതിന്റെയൊരു രാഷ്ട്രീയ പ്രശ്‌നമാണ് നാം വണ്‍ടൂ ത്രീ കരാര്‍ വന്നപ്പോഴൊക്കെ ഉയര്‍ത്തിയത്. ഇപ്പൊ ഇത് റഷ്യയില്‍ നിന്നാണ്. നാളെ അത് ഫ്രാന്‍സില്‍ നിന്നാകാം, വേറെ എവിടെ നിന്നെങ്കിലും ആയിരിക്കാം. ഈ രാഷ്ട്രങ്ങള്‍ക്കിഷ്ടമില്ലാത്ത എന്തെങ്കിലും ഇന്ത്യ ചെയ്താല്‍ ആ നിമിഷം ഇന്ധനം തരുന്നത് അവര്‍ നിര്‍തിവെക്കാം. പൊളിറ്റിക്കല്‍ കണ്ട്രോള്‍ ഓവര്‍ ഇന്ത്യ. അതാണ് ഒരു കാര്യം.

രണ്ടാമത്തെ കാര്യം അതിന്റെ വില. വില കൂടുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരിക്കലും ടെണ്ടര്‍ ചെയ്യാതെയാണ് ഇതിന്റെയൊക്കെ വില നിശ്ചയിച്ചിരിക്കുന്നത്. കൂടംകുളത്ത് നിശ്ചയിച്ചതും ടെണ്ടര്‍ ഇല്ലാതെയാണ്, ജെയ്താപ്പൂര് ഫ്രഞ്ച് കമ്പനിയുടെ വരുന്നതും , ആന്ധ്രയില്‍, ഹരിയാനയില്‍ ഒക്കെ വരുന്നുണ്ട്, നമ്മുടെ 123 കരാറിന്റെ ഭാഗമായിട്ട്,  ആ നിലയങ്ങള്‍ ഒക്കെതന്നെ ഇറക്കുമതി നിലയങ്ങള്‍ ആണ്. ഇന്ധനവും, ടെക്‌നോളജിയും ഇറക്കുമതി ചെയ്യാന്‍ ആണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

പ്രകൃതിദത്ത യുറേനിയം സംപുഷ്ടീകരിച്ചാണ് സമ്പുഷ്ട യുറേനിയം ഉണ്ടാക്കുന്നത്. ഇന്ത്യക്ക് സമ്പുഷ്ട യുറേനിയം ഉണ്ടാക്കാന്‍ പറ്റില്ല. സമ്പുഷ്ടീകരണം സാധ്യമല്ല. അതിന്റെ പ്രധാന കാരണം ഇന്ത്യക്ക് അതിനുള്ള സാങ്കേതികവിദ്യ ഇല്ല. ഒരു കാരണവശാലും ഇന്ത്യക്ക് ഈ ടെക്‌നോളജി തരില്ലെന്നും ഹൈഡ് ആക്റ്റ് അനുസരിച്ച് തീരുമാനിക്കപ്പെട്ടിട്ടുണ്ട്. അതായത്, ഇന്ത്യക്ക് ഉള്ളത് ഒരു പരാശ്രയ ആണവ നയമാണ്.

ആണവനിലയങ്ങള്‍ വേണമെന്ന് വാദിക്കുന്നവര്‍ക്ക് പോലും ഇത് ശരിയല്ല. ഞാന്‍ ആണവ രംഗത്ത് പ്രവര്‍ത്തിച്ച ആള്‍ എന്ന നിലയ്ക്ക് നോക്കിയാല്‍പ്പോലും ഒരു ആണവവാദി എന്ന നിലയ്ക്ക് സംസാരിച്ചാല്‍പ്പോലും, ഹോമി ഭാഭ അടക്കമുള്ളവര്‍ ഉണ്ടാക്കിയ ഇന്ത്യയുടെ ആണവ നയം എന്ന് പറയുന്നത് പൊളിഞ്ഞു പാളീസായി എന്ന് ഇവര്‍ തുറന്നു സമ്മതിക്കുകയാണ് ഇപ്പോള്‍. കാരണം, ഇന്ത്യ പൂര്‍ണമായി ഇന്ത്യയുടെതായ ഇന്ധനം, ടെക്‌നോളജി കൊണ്ടുവരുന്ന, അതിനുവേണ്ടി നമ്മള്‍ ഒരു ടൈപ്പ് റിയാക്ടര്‍ ഉണ്ടാക്കി അതില്‍നിന്നും ഇന്ധനമെടുത്തു ബ്രീഡര്‍ എന്ന രണ്ടാമത്തെ റിയാക്ടര്‍ ഉണ്ടാക്കും.

അതിനു പുറത്തു തോറിയം പൊതിഞ്ഞ് തോറിയത്തില്‍ നിന്നും ഇന്ധനമുണ്ടാക്കി മൂന്നാമത്തെ സ്റ്റേജിലേക്ക് പോകും. എന്ന് വെച്ചാല്‍, ഇന്ത്യക്ക് ഒരിക്കലും ഇന്ധനം ഇല്ലാതെ വരില്ല. അതിനെയാണ് ബ്രീഡര്‍ എന്ന് പറയുന്നത്, പക്ഷെ അത് ഫെയില്‍ ആയി. മുപ്പതു വര്‍ഷമായി ബ്രീഡര്‍ റിയാക്ടര്‍ കമ്മീഷന്‍ ചെയ്യാന്‍ പറ്റിയിട്ടില്ല. കമ്മീഷന്‍ ചെയ്യാന്‍ പോയിട്ട് ഒരു പണിയും ആയിട്ടില്ല.

1980 ല്‍ ഞാന്‍ ഭാഭ  അറ്റോമിക് റിസര്‍ച് സെന്ററില്‍ ഉണ്ടായിരുന്ന കാലത്ത്, ബ്രീഡര്‍ ഡിസൈന്‍ നടക്കുകയാണ്. ഇപ്പോഴും ഏതാണ്ട് ബ്രീഡര്‍ റിയാക്ടര്‍ ഡിസൈന്‍ നടക്കുക തന്നെയാണ്. അടുത്ത കാലത്തെങ്ങും എവിടെയും കമ്മീഷനിംഗ് ആകുമെന്ന് ഒരു ഉറപ്പുമില്ല. ഞാന്‍ പറഞ്ഞുവന്നത് ഇന്ത്യന്‍ ആണവ നയം പൊളിഞ്ഞുപോയി, ഇന്ത്യന്‍ അണുശക്തിയെ അനുകൂലിക്കുന്നവര്‍ക്ക് പോലും കൂടംകുളം മോഡല്‍ സ്വീകരിക്കാന്‍ കഴിയില്ല എന്നാണ്.

അടുത്ത പേജില്‍ തുടരുന്നു

Advertisement