നോവല് / ബാബു ഭരദ്വാജ്
വര/ മജ്‌നി തിരുവങ്ങൂര്‍
[] ബട്ടര്‍കപ്പ് വെസ്റ്റ്‌ലി പറഞ്ഞതൊന്നും കേട്ടില്ല. അവള്‍ പേടിയോടെ തുറിച്ചുനോക്കി. ചെറുപ്പത്തില്‍ ഒരു രാത്രിമുഴുവനും അവള്‍ ഉറങ്ങാതെ കഴിച്ചുകൂട്ടിയിരുന്നു. തന്നെ അമ്മ തീ ചതുപ്പില്‍ കൊണ്ടുപോയിടുമെന്ന് പേടിച്ച്.
താനവിടെ മരിക്കാന്‍ പോവുകയാണെന്നും. തീ ചതുപ്പിന്റെ എല്ലാ ഭാഗത്തും തീ കത്തിക്കൊണ്ടിരിക്കുന്നു. “നിനക്കെന്നോട് ഇതു പറയാനാവില്ല.” ഒടുവില്‍ അവള്‍ പറഞ്ഞു.
“തീര്‍ച്ചയായും”- വെസ്റ്റ്‌ലി.
“ഒരിക്കല്‍ ഞാനവിടെ കിടന്നു മരിക്കുന്നത് സ്വപ്‌നം കണ്ടിരുന്നു.”
“ഞാനും നമ്മളെല്ലാവരും. അന്ന് നിനക്ക് എട്ടുവയസ്സല്ലെ. എനിക്ക് എട്ടു വയസ്സായിരുന്നു.”
“എട്ടോ ആറോ, എനിക്കോര്‍മ്മയില്ല.”[]
വെസ്റ്റ്‌ലി അവളുടെ കരം കവര്‍ന്നു.
“നമ്മള്‍ പോണോ.”
വെസ്റ്റ്‌ലി തലയാട്ടി.
“എന്തിന്?”
“അത് പറഞ്ഞുതീരാന്‍ സമയമില്ല.” വെസ്റ്റ്ലി അവളുടെ കരം പിടിച്ചുവലിച്ചു. എന്നിട്ടും അവള്‍ അനങ്ങിയില്ല. വെസ്റ്റ്‌ലി പതുക്കെ അവളെ തന്റെ ഇരുകൈകളിലും കോരിയെടുത്തു. എന്നിട്ടു പറഞ്ഞു: “മോളേ, ചക്കരക്കുട്ടീ, എന്റെ കൈയിലൊരു കത്തിയുണ്ട്. എന്റെ കയ്യില്‍ വാളുണ്ട്. നിന്നെ നഷ്ടപ്പെടാന്‍ വേണ്ടി ഞാന്‍ ലോകം ചുറ്റി വരില്ലല്ലോ മോളേ.”
ധൈര്യത്തിനുവേണ്ടി അവള്‍ ചുറ്റും പരതുകയായിരുന്നു. ഒരിത്തിരി ധൈര്യത്തിന്. അവന്റെ കണ്ണുകളില്‍ അവള്‍ ആ ധൈര്യത്തിന്റെ തിളക്കം കണ്ടു.
കൈകോര്‍ത്തു പിടിച്ചുകൊണ്ടവര്‍ തീ ചതുപ്പിന്റെ നിഴലുകളില്‍ അലിഞ്ഞുചേര്‍ന്നു.
ഹംപര്‍ഡിന്‍ക് രാജകുമാരന്‍ തീ ചതുപ്പിലേക്ക് തുറിച്ചുനോക്കി. നിലത്ത് അവരുടെ രണ്ടുപേരുടേയും കാല്പാടുകള്‍ അയാള്‍ തെളിഞ്ഞുകണ്ടു.
“നമ്മളവരെ പിന്തുടരണോ”- റൂഗന്‍പ്രഭു. “വേണ്ട. അവരൊന്നുകില്‍ രക്ഷപ്പെടും, ഇല്ലെങ്കില്‍ മരിക്കും. അവര്‍ മരിക്കുകയാണെങ്കില്‍ അവരോടൊപ്പം ചേരാന്‍ എനിക്ക് താല്പര്യമില്ല. ജീവിക്കുകയാണെങ്കില്‍ ചതുപ്പിന്റെ മറുപുറത്ത് വെച്ച് ഞാനവരെ കാണും.”- രാജകുമാരന്‍.
“അവന്‍ ഹതാശനായിരിക്കണം. അല്ലെങ്കില്‍ സംഭീതനായിരിക്കണം. അല്ലെങ്കില്‍ അവന്‍ വിഡ്ഢിയായിരിക്കണം. ഒരുപക്ഷേ, അവന്‍ ധീരനായിരിക്കണം”- റൂഗന്‍ പ്രഭു പറഞ്ഞു.
“ഇതു നാലും കൂടിയവനാണവന്‍”- രാജകുമാരന്‍.
വെസ്റ്റ്‌ലി മുന്നില്‍ നടന്നു. ബട്ടര്‍കപ്പ് തൊട്ടുപിന്നില്‍. അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു അത്. ഏറ്റവും പ്രധാനം, അവള്‍ ചെറുപ്പത്തില്‍ കണ്ട തീ ചതുപ്പിനെക്കുറിച്ചുള്ള ദുഃസ്വപ്‌നങ്ങള്‍ മറന്നുവെന്നതാണ്. തീ ചതുപ്പ് ചീത്തയായിരുന്നു. പക്ഷേ, പറഞ്ഞത്ര ചീത്തയല്ല.
ചതുപ്പില്‍നിന്ന് പുറപ്പെടുന്ന വാതകങ്ങളുടെ ഗന്ധം ആദ്യം അവരെ വല്ലാതെ ശിക്ഷിച്ചു. പക്ഷേ, പരിചയംകൊണ്ടതു മാറി. പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന തീയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അവര്‍ക്ക് കഴിഞ്ഞു. കാരണം തീ പുറപ്പെടുന്നതിന് മുന്‍പുള്ള നേര്‍ത്ത ചൂളംവിളി അവരെ സഹായിച്ചു.
“ഇത് ശരിയാക്കിക്കഴിഞ്ഞാല്‍ എന്താണ് ചെയ്യാന്‍ പോവുന്നതെന്നോ? നമ്മള്‍ രണ്ടുപേരും ഈ കയറുകൊണ്ട് അന്യോന്യം കെട്ടും. എങ്കില്‍ ആരും ഈ ഇരുട്ടില്‍ കാണാതെ പോവില്ല. ഇതത്ര ആവശ്യമില്ല ശരിക്കും. കാരണം ഞാന്‍ വിചാരിച്ചത്ര അപകടം പിടിച്ച സ്ഥലമല്ല ഇത്. അല്ലേ?”
പക്ഷേ, ബട്ടര്‍കപ്പിന് ആ ബന്ധനം ആവശ്യമായിരുന്നു തികച്ചും. അപ്പോഴാണ് അവളെ വരണ്ട ചതുപ്പു പിടികൂടിയത്.
വെസ്റ്റ്‌ലി തിരിഞ്ഞുനോക്കിയപ്പോള്‍ ബട്ടര്‍കപ്പ് ഭൂമിക്കടിയിലേക്ക് ആഴ്ന്നു പോവുന്നതാണ് കണ്ടത്.
ഉറച്ച നിലമാണെന്ന് കരുതി അവള്‍ വലതുകാല്‍ വെച്ചതാണ്. അത് ആഴാന്‍ തുടങ്ങി. അവള്‍ക്കത് വലിച്ചെടുക്കാന്‍ കഴിഞ്ഞില്ല. നിലവിളിക്കാന്‍ തുനിയുന്നതിനുമുന്‍പ്തന്നെ അവള്‍ അപ്രത്യക്ഷയായി.
ഒരു മേഘത്തിനുള്ളിലൂടെ തുഴഞ്ഞുപോവുന്നതുപോലെ തോന്നി. ലോകത്തിലെ ഏറ്റവും നേര്‍ത്ത മണലായിരുന്നു അത്. ഇങ്ങനെ സംഭവിച്ചാല്‍ എന്ത് ചെയ്യണമെന്ന് വെസ്റ്റ്‌ലി അവളെ പഠിപ്പിച്ചിരുന്നു. ബട്ടര്‍കപ്പിന് അവന്റെ വാക്കുകള്‍ ഓര്‍മ്മവന്നു. അവള്‍ കൈകള്‍ വിടര്‍ത്തി വിരലുകളെല്ലാം വിടര്‍ത്തി. വെസ്റ്റ്‌ലി അവളോട് പറഞ്ഞിരുന്നു, നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരം എത്ര വിടര്‍ത്താന്‍ പറ്റുമോ അത്രയും വിടര്‍ത്തുക. എന്നാല്‍ ആഴ്ന്നുപോക്കിന്റെ വേഗത കുറയും.
അവള്‍ക്ക് പേടിതോന്നി. എത്ര സമയമായി അവളിങ്ങനെ ആഴാന്‍ തുടങ്ങിയിട്ട്? മണിക്കൂറുകളായി എന്നവള്‍ക്ക് തോന്നി. ശ്വാസം പിടിക്കുന്നതില്‍ അവള്‍ക്ക് വിഷമം തോന്നാന്‍ തുടങ്ങി. പക്ഷേ, അവന്‍ പറഞ്ഞിരുന്നു. “നിന്നെ ഞാന്‍ കണ്ടെത്തുംവരെ നീ ശ്വാസം പിടിക്കണം. നീ നിന്റെ കണ്ണടച്ചു പിടിക്കണം. ഞാനെന്തായാലും നിന്നെ രക്ഷിക്കാനെത്തും. പിന്നെ നമ്മുടെ പേരക്കുട്ടികള്‍ക്ക് രസിക്കാനൊരു കഥ പറഞ്ഞുകൊടുക്കാന്‍ കഴിയും.”
ബട്ടര്‍കപ്പ് വീണ്ടും ആഴ്ന്നുകൊണ്ടിരുന്നു. ഇപ്പോള്‍ മണലിന്റെ ഭാരം അവളെ വീര്‍പ്പുമുട്ടിക്കാന്‍ തുടങ്ങി. ഇതിനൊരന്തമില്ലേ? ലോകാവസാനംവരെ ഇങ്ങനെ ഒരു പക്ഷേ, ആഴ്ന്നുകൊണ്ടിരിക്കും. അവളുടെ ശരീരം ജീര്‍ണ്ണിക്കും. പിന്നെ എല്ലുകള്‍ മാത്രം ഇങ്ങനെ ആഴ്ന്നുകൊണ്ടിരിക്കും. പക്ഷേ, എന്തായാലും ഇതിനൊരവസാനമുണ്ടാകാതെ വയ്യ.
ഞാന്‍ തളര്‍ന്നിരിക്കുന്നു. എനിക്കു വയ്യ. വെസ്റ്റ്‌ലീ, എന്നെ രക്ഷിക്കൂ. അവള്‍ക്ക് നിലവിളിക്കണം. എങ്ങനെ നിലവിളിക്കും. വായ തുറന്നാല്‍ മണ്ണുകേറില്ലെ. യഥാര്‍ത്ഥത്തില്‍ അവള്‍ വായ തുറന്നു.
തുടരും…
ബാബു ഭരദ്വാജ്
കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)
അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.