നോവല് / ബാബു ഭരദ്വാജ്
വര/ മജ്‌നി തിരുവങ്ങൂര്‍
വെസ്റ്റ്‌ലി ഒട്ടും പരിഭ്രമിച്ചില്ല. ബട്ടര്‍കപ്പ് പൂര്‍ണ്ണമായും അപ്രത്യക്ഷമാവുന്നതിന് മുന്‍പുതന്നെ അവന്‍ വാളും കത്തിയും താഴെയിട്ടു. തോളില്‍ ചുറ്റിയിരുന്ന വള്ളി അഴിച്ചെടുത്തു. അതിന്റെ ഒരറ്റം ഒരു മരത്തില്‍ ബന്ധിച്ചു. മറ്റേ അറ്റം തന്റെ കൈകളില്‍ ചുറ്റി.[]
അവന്‍ മുതലക്കൂപ്പു കുത്തി. കൂടുതല്‍ വേഗം കിട്ടാന്‍ അവന്‍ കാലുകള്‍ കൊണ്ട് തുഴഞ്ഞുകൊണ്ടിരുന്നു. പരാജയ ചിന്തയേ അവന്റെ മനസ്സിലുണ്ടായിരുന്നില്ല. അവളെ കണ്ടെത്തുമെന്ന് അവനറിയാമായിരുന്നു. അവളാകെ തകര്‍ന്നിരിക്കാമെന്നും, അവള്‍ക്ക് ഹിസ്റ്റീരിയ പിടിപെട്ടേക്കാമെന്നും അവളുടെ തലച്ചോറാകെ കലങ്ങിമറിയാമെന്നും അവനറിഞ്ഞിരുന്നു.
പക്ഷേ, അവനവളെ ജീവനോടെ വീണ്ടെടുക്കും, അതാണേറ്റവും പ്രധാനം. അവനവളോട് പറഞ്ഞ കാര്യങ്ങളൊക്കെ ഓര്‍ത്തു. അവളതൊക്കെ ഓര്‍ക്കുന്നുണ്ടാവുമോ. എങ്കില്‍ അവനവളെ വേഗം വീണ്ടെടുക്കാം.
അവനോര്‍ത്തു, ഇതൊക്കെ തന്റെ പേരക്കിടാങ്ങളെ വിശ്വസിപ്പിക്കാനാണ് പ്രയാസം. അവരതൊരു കടംകഥയായി കരുതിയേക്കാം. അവന്‍ തന്റെ ജനിച്ചിട്ടില്ലാത്ത കുട്ടികളെ ഓര്‍ത്തുകൊണ്ടിരുന്നപ്പോള്‍ ഒരു കാര്യം സംഭവിച്ചു. വള്ളിക്ക് നീളം പോരായിരുന്നു. അവനതിന്റെ അറ്റത്ത് തൂങ്ങിക്കിടന്നു.
വള്ളി വിടല്‍ ഭ്രാന്താണ്. പിന്നെ മുകളിലേക്ക് വരാന്‍ ഒരു മാര്‍ഗവുമില്ല. ഒന്നുകൂടി ആഞ്ഞാല്‍ ഒന്നുരണ്ടടികൂടി താഴേക്ക് പോവാം. പിന്നെ വയ്യ. അതിനുള്ളില്‍ തടഞ്ഞില്ലെങ്കില്‍ പിന്നെ രണ്ടുപേരുടേയും അന്ത്യം അവിടെത്തന്നെ. ഒട്ടും സംശയിക്കാതെ അവന്‍ വള്ളിയില്‍നിന്ന് പിടിവിട്ടു.
അവന് പിടിച്ചത് ഒരു അസ്ഥികൂടത്തെയായിരുന്നു. വരണ്ട ചതുപ്പില്‍ ഇത് സാധാരണമാണ്. ഒരിക്കല്‍ മാംസം മുഴുവന്‍ നീങ്ങിക്കഴിഞ്ഞാല്‍ അസ്ഥികൂടം ഒരു വെള്ളൊഴുക്കിലെന്നപോലെ ഒഴുകിക്കൊണ്ടിരിക്കും. ചിലപ്പോള്‍ ഭൂമിക്ക് മുകളിലേക്ക് പൊന്തിവരും. ചിലപ്പോള്‍ അനാദികാലത്തേക്കിങ്ങനെ ഒഴുകിക്കൊണ്ടിരിക്കും.
‘കടല്‍ക്കൊള്ളക്കാരന്‍ റോബര്‍ട്ടിനെ നിനക്കറിയുമോ? അത്തരമൊരാളുമായി നിനക്ക് സ്‌നേഹബന്ധമുണ്ടോ?’
വെസ്റ്റ്ലി അസ്ഥികൂടത്തില്‍നിന്ന് പിടിവിട്ടു. രണ്ടു കൈകള്‍കൊണ്ടും അവളെ പരതിത്തുടങ്ങി. പരാജയം ഒരു പ്രശ്‌നമല്ല. അവന്‍ സ്വയം പറഞ്ഞു. അവളെ കണ്ടെത്തുക. അതു മാത്രമാണ് പ്രധാനം. ഒടുവില്‍ അവനവളെ കണ്ടെത്തുക തന്നെചെയ്തു. അവളുടെ കാല്‍. അവനതു പിടിച്ചുവലിച്ചു.
ഇപ്പോള്‍ അവന്റെ കൈകള്‍ അവളുടെ അരക്കെട്ടില്‍ ചുറ്റിയിരിക്കുന്നു. അവന്‍ മുകളിലേക്ക് കുതിക്കാന്‍ ശ്രമിച്ചു. വള്ളിയുടെ അറ്റത്ത് പിടികിട്ടണം. ഒരു മണല്‍ക്കടലില്‍നിന്ന് ഒരു വള്ളിത്തുമ്പ് കണ്ടെടുക്കുക വിഷമമാണെന്ന് അവനോര്‍ത്തില്ല. പരാജയം അവനൊരു പ്രശ്‌നമായിരുന്നില്ല.
അവന്‍ തുഴഞ്ഞുകൊണ്ടിരുന്നു. ശക്തിയായി തുഴഞ്ഞാല്‍ അവനുയരും. ഉയര്‍ന്നാല്‍ വള്ളിത്തുമ്പ് അവന് പിടികിട്ടും. പിടികിട്ടിയാല്‍ അവനതിന്റെ അറ്റത്ത് അവളെ ബന്ധിക്കും. പിന്നെ അവസാനശ്വാസം വരെ അവന്‍ രണ്ടുപേരേയും മുകളിലെത്തിക്കും. യഥാര്‍ത്ഥത്തില്‍ അതുതന്നെയാണ് സംഭവിച്ചത്.
അടുത്ത പേജില്‍ തുടരുന്നു
അവളുടെ നീണ്ട നിശ്ശബ്ദത, നിശ്ചലത അവനെ പരിഭ്രമിപ്പിച്ചു. അവന്‍ അവളെ കൈകളിലെടുത്തു. പതുക്കെ അവളെ തൊട്ടിലാട്ടിക്കൊണ്ടിരുന്നു. ഒടുക്കം അവള്‍ കണ്ണുകള്‍ മിഴിച്ചടച്ചു. പിന്നെ അവള്‍ ചുറ്റും നോക്കി. ഒടുക്കം പറഞ്ഞു:
“നമ്മള്‍ ജീവിച്ചിരിക്കുന്നു. ഉവ്വോ?”
“നമ്മള്‍ വളരെ ശക്തരാണ്.”
“എന്തൊരത്ഭുതം!”
പേടിക്കേണ്ടെന്ന് അവന്‍ പറയാന്‍ തുടങ്ങുന്നതിന് മുന്‍പുതന്നെ അത് സംഭവിച്ചു. അവള്‍ക്ക് ഹിസ്റ്റീരിയ പിടിപെട്ടു. അവനത് തടയാന്‍ ശ്രമിച്ചില്ല. അവന്‍ അവളെ ശക്തിയായി കെട്ടിപ്പിടിച്ചു. കുറേ സമയം അവള്‍ പിടഞ്ഞുകൊണ്ടിരുന്നു. പിന്നെ പതുക്കെ അവള്‍ ഏങ്ങലടിക്കാന്‍ തുടങ്ങി. ഒടുക്കം അവള്‍ പഴയ ബട്ടര്‍കപ്പ് ആയി.
പിന്നെ വെസ്റ്റ്‌ലി എഴുന്നേറ്റുനിന്നു. തന്റെ വാള്‍ അരയില്‍ കുടുക്കി. കത്തിയും. ഒടുക്കം പറഞ്ഞു: “വരൂ, നമുക്കേറെ പോവാനുണ്ട്.”
“ഇല്ല. നീ പറയൂ, നമ്മളെന്തിനാണിതൊക്കെ അനുഭവിക്കുന്നത്?”
“ഇപ്പോഴതിന് സമയമില്ല.” അവന്‍ കൈ നീട്ടി.
“ഇപ്പോള്‍തന്നെ പറയണം. ഇതുതന്നെയാണ് സമയം.”
വെസ്റ്റ്‌ലി ദീര്‍ഘശ്വാസം വിട്ടു. “ശരി, ഞാന്‍ പറയാം. പക്ഷേ, നടന്നുകൊണ്ട്.”
ബട്ടര്‍കപ്പ് കാത്തിരുന്നു.
“നമ്മളീ തീ ചതുപ്പ് വേഗംതന്നെ താണ്ടണം.” അവന്‍ പറഞ്ഞുതുടങ്ങി. അവന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ബട്ടര്‍കപ്പ് എഴുന്നേറ്റ് അവന്റെ കൂടെ നടക്കാന്‍ തുടങ്ങി. “ഈ വഴി വരണമെന്ന് നമ്മള്‍ കരുതിയതല്ല. പക്ഷേ, ആ വീഴ്ച നമ്മളെ ഈ വഴിക്കാക്കി.
‘പക്ഷേ, റോബര്‍ട്ട് നിന്നെ കൊന്നില്ല?.’
‘അതെ’
‘എന്തുകൊണ്ട്?
തീ ചതുപ്പ് ചുറ്റിപ്പോവണമെന്നാണ് കരുതിയത്. തീ ചതുപ്പിന്റെ അങ്ങേ അറ്റത്താണ് ഈന്‍ ഉള്‍ക്കടല്‍. അവിടെ അഗാധമായ സമുദ്രത്തില്‍ റിവന്‍ജ് എന്ന കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നു. കടല്‍ക്കൊള്ളക്കാരന്‍ റോബര്‍ട്ടിന്റെ കപ്പല്‍.”
“നിന്നെ കൊന്ന റോബര്‍ട്ട്. ആ മനുഷ്യന്‍. എന്റെ ഹൃദയം തകര്‍ത്ത മനുഷ്യന്‍. അവന്‍ നിന്നെ കൊന്നെന്ന കഥയാണ് ഞാന്‍ കേട്ടത്.”
“ശരിയാണ്. അതാണ് നമ്മുടെ ലക്ഷ്യസ്ഥാനം.”
“കടല്‍ക്കൊള്ളക്കാരന്‍ റോബര്‍ട്ടിനെ നിനക്കറിയുമോ? അത്തരമൊരാളുമായി നിനക്ക് സ്‌നേഹബന്ധമുണ്ടോ?”
“നീ പറഞ്ഞതിനേക്കാള്‍ അല്പം കൂടുതല്‍. ഒരുപക്ഷേ, നിനക്കത് മനസ്സിലാവില്ല. ഞാന്‍ സത്യമാണ് പറഞ്ഞതെന്ന് വിശ്വസിക്കൂ. ഞാനാണ് കടല്‍ക്കൊള്ളക്കാരന്‍ റോബര്‍ട്ട്.”
“അതെങ്ങനെ ശരിയാവും?. ഇരുപതു കൊല്ലമായി അയാള്‍ കടലിനെ കിടിലം കൊള്ളിക്കാന്‍ തുടങ്ങിയിട്ട്. നീ എന്നെ പിരിഞ്ഞിട്ട് മൂന്നു കൊല്ലമല്ലെ ആയുള്ളൂ”.
“ഞാനും ഇടയ്‌ക്കൊക്കെ ജീവിതത്തിലെ ചെറിയ ചില അത്ഭുതങ്ങളോര്‍ത്തു ചിരിക്കാറുണ്ട്.”
“ശരിക്കും നീ കരോലിനായിലേക്ക് പോവുമ്പോള്‍ റോബര്‍ട്ട് നിന്നെ പിടിച്ചിരുന്നോ?”
“പിടിച്ചിരുന്നു. അവന്റെ “റിവന്‍ജ്” എന്ന കപ്പല്‍ ഞാന്‍ സഞ്ചരിച്ചിരുന്ന “ക്യൂന്‍സ് പ്രൈഡി”നെ പിടികൂടിയിരുന്നു. യാത്രക്കാരെ മുഴുവന്‍ കൊല്ലു
കയും ചെയ്തിരുന്നു.”
“പക്ഷേ, റോബര്‍ട്ട് നിന്നെ കൊന്നില്ല?.”
“അതെ”
“എന്തുകൊണ്ട്?”
തുടരും…
ബാബു ഭരദ്വാജ്
കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)
അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.