ബെയ്ജിങ്: ചൈന-യു.എസ് വ്യാപാരയുദ്ധം അവസാനിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. അമേരിക്കയുടെ പേര് നേരിട്ട് പരാമര്‍ശിക്കാതെ രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നതും ആധിപത്യം കാണിക്കുന്നതും ഒറ്റപ്പെടലിലേക്ക് നയിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് പ്രതികരിച്ചു. ബെയ്ജിങ്ങില്‍ നടന്ന ചൈന-സെലാക് (ചൈന ലാറ്റിന്‍ അമേരിക്ക ലീഗല്‍ റിസേര്‍ച്ച് സെന്റര്‍) ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ഷീ ജിന്‍ പിങ്.
ഇന്നലെ (ചൊവ്വാഴ്ച) ബെയ്ജിങ്ങില്‍ നടന്ന ഉച്ചകോടിയില്‍വെച്ച് ലാറ്റിനമേരിക്കന്‍, കരീബിയന്‍ നേതാക്കളുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള ശ്രമവും ചൈന നടത്തുകയുണ്ടായി. വികസനത്തിനായി കോടിക്കണക്കിന് രൂപ വായ്പയായി അനുവദിക്കുമെന്നും സഹകരണം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും ഷീ ജന്‍പിങ് അറിയിച്ചിട്ടുണ്ട്.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ ചൈനീസ് ചേരിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ചൈന. ഇതിന്റെ ഭാഗമായി ബ്രസീല്‍, പെറു, ചിലി തുടങ്ങിയ രാജ്യങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന യു.എസിനെ മറികടന്നു. ഇതില്‍ രണ്ട് രാജ്യങ്ങളും ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് (ബി.ആര്‍.ഐ) വികസനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയുമായി കൈകോര്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. രാജ്യങ്ങള്‍ക്ക് ഐക്യത്തിലൂടെയും സഹകരണത്തിലൂടെയും ആഗോള സമാധാനവും സ്ഥിരതയും സംരക്ഷിക്കാന്‍ സാധിക്കുകയുള്ളുവെന്നും ലുല ഡി സില്‍വ അഭിപ്രായപ്പെട്ടു.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിലും രാജ്യാന്തര കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാട്ടത്തില്‍ ചൈന സഹകരിക്കുമെന്നും ഷീ സമ്മേളനത്തില്‍വെച്ച് കൂട്ടിച്ചേര്‍ത്തു. കൂടാതെ സ്‌കോളര്‍ഷിപ്പുകള്‍, പരിശീലന പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കുള്ള സഹായം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ബന്ധം ട്രംപ് അധികാരത്തില്‍ വന്നതോടെ കൂടുതല്‍ രൂക്ഷമായിരുന്നു. കൊളംബിയയുടെ ഇടതുപക്ഷ പ്രസിഡന്റ് ഗുസ്താവോ പെട്രോയുമായി ട്രംപ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. കൊളംബിയന്‍ കുടിയേറ്റക്കാരെ ചങ്ങലകളാല്‍ ബന്ധിച്ച് യു.എസ് സൈനിക വിമാനത്തില്‍ കയറ്റി അയച്ചതാണ് ഗുസ്താവോയെ പ്രകോപിപ്പിച്ചത്.
മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് ‘ഗള്‍ഫ് ഓഫ് അമേരിക്ക’ എന്ന് മാറ്റാനുള്ള ട്രംപിന്റെ നിര്‍ദ്ദേശത്തിലൂടെ മെക്‌സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോമുമായും ട്രംപിന്റെ ബന്ധം വഷളാവുകയായിരുന്നു.
Content Highlight: bullying and hegemony will only lead to self isolation; Chinese President Xi Jinping criticize US China CELAC forum